---
title: "'ഫേസ്ബുക്കിൽ ഫാമിലി മാൻ, വാട്സാപ്പിൽ സിംഗിൾ'; വിവാഹപ്പരസ്യം വഴി സൗഹൃദം സ്ഥാപിച്ച് യുവതിയെ പീഡിപ്പിച്ച മധ്യവയസ്കൻ പിടിയിൽ "
english_title: "Salim, who was caught red-handed by the police, sent a message under a different name"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360216/salim-who-was-caught-red-handed-by-the-police-sent-a-message-under-a-different-name"
published_at: "2026-05-18T16:49:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0af7f58685f_24.jpg"
keywords: []
---

# 'ഫേസ്ബുക്കിൽ ഫാമിലി മാൻ, വാട്സാപ്പിൽ സിംഗിൾ'; വിവാഹപ്പരസ്യം വഴി സൗഹൃദം സ്ഥാപിച്ച് യുവതിയെ പീഡിപ്പിച്ച മധ്യവയസ്കൻ പിടിയിൽ 

> **Lead Summary:** **ചെങ്ങന്നൂർ: [ **സമൂഹമാധ്യമം വഴി പരിചയപ്പെട്ട മധ്യവയസ്കയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം വിദേശത്തേക്ക് കടന്ന പ്രതിയെ ചെങ്ങന്നൂർ പൊലീസ് തന്ത്രപരമായി അറസ്റ്റ് ചെയ്തു.

## Article Content

**ചെങ്ങന്നൂർ: [ **സമൂഹമാധ്യമം വഴി പരിചയപ്പെട്ട മധ്യവയസ്കയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം വിദേശത്തേക്ക് കടന്ന പ്രതിയെ ചെങ്ങന്നൂർ പൊലീസ് തന്ത്രപരമായി അറസ്റ്റ് ചെയ്തു.

തൃശൂർ ചാവക്കാട് പാവറട്ടി സ്വദേശിയായ പി.കെ. സലീം (48) ആണ് പ്രത്യേക അന്വേഷണസംഘത്തിന്‍റെ വലയിലായത്. കഴിഞ്ഞ വർഷം നവംബറിൽ ചെങ്ങന്നൂർ സ്വദേശിനിയായ സ്ത്രീ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്ന പ്രതിയെ, വിദേശത്തുനിന്ന് നാട്ടിലെത്തിയയുടൻ പൊലീസ് പിടികൂടുകയായിരുന്നു.

കോടതിയിൽ ഹാജരാക്കിയ ഇയാളെ മാവേലിക്കര സബ് ജയിലിൽ റിമാൻഡ് ചെയ്തു. 2020-ൽ പത്രത്തിലും സമൂഹമാധ്യമങ്ങളിലും വന്ന വിവാഹപ്പരസ്യത്തിൽ നിന്നാണ് പ്രതി പരാതിക്കാരിയുടെ ഫോൺ നമ്പർ കൈക്കലാക്കുന്നത്.

താൻ വിവാഹമോചിതനാണെന്ന് വിശ്വസിപ്പിച്ച് രണ്ടുമൂന്ന് വർഷത്തോളം ഇയാൾ ഫോണിലൂടെ സൗഹൃദം തുടർന്നു. തുടർന്ന് 2024 മാർച്ചിൽ നാട്ടിലെത്തിയ സലീം, യുവതിയുടെ വീട്ടിലെത്തുകയും ഉടൻ തന്നെ വിവാഹം കഴിക്കാമെന്ന് ഉറപ്പ് നൽകി നിർബന്ധപൂർവ്വം ലൈംഗിക പീഡനത്തിന് ഇരയാക്കുകയുമായിരുന്നു.

പിന്നീട് ഇയാൾ ഭാര്യക്കും മക്കൾക്കുമൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് താൻ വഞ്ചിക്കപ്പെടുകയാണെന്ന് പരാതിക്കാരി തിരിച്ചറിഞ്ഞതും പൊലീസിനെ സമീപിച്ചതും.

പ്രതി സമാനമായ രീതിയിൽ മറ്റ് നിരവധി സ്ത്രീകളെയും വഞ്ചിച്ചിട്ടുള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്. സ്ത്രീസമ്പർക്കത്തിൽ അതീവ തൽപരനായ പ്രതിയെ പിടികൂടാൻ ചെങ്ങന്നൂർ സ്റ്റേഷനിലെ വനിതാ പൊലീസുകാരാണ് തന്ത്രമൊരുക്കിയത്.

മറ്റ് പേരുകളിൽ ഫോണിലൂടെ പ്രതിയുമായി സൗഹൃദം സ്ഥാപിച്ച വനിതാ ഉദ്യോഗസ്ഥർ ഇയാളെ കൃത്യമായ കെണിയിൽ വീഴ്ത്തുകയായിരുന്നു. ചെങ്ങന്നൂർ ഡിവൈഎസ്‌പി സന്തോഷ് കുമാറിന്‍റെ മേൽനോട്ടത്തിൽ എസ്.എച്ച്.ഒ രെഗീഷ് കുമാർ, എസ്.ഐ സജികുമാർ, എ.എസ്.ഐമാരായ ഹരികുമാർ, അജിത് കുമാർ, സി.പി.ഒമാരായ ശ്യാം കുമാർ, അനി, രജനി, വിബിൻ കെ. ദാസ്, ബിജോഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360216/salim-who-was-caught-red-handed-by-the-police-sent-a-message-under-a-different-name)