---
title: "വാക്കുപാലിച്ച് വി.ഡി. സതീശൻ; ആശ വർക്കർമാരുടെ വേതനം 12,000 രൂപയാക്കി ഉയർത്തി, ആദ്യ മന്ത്രിസഭാ യോഗത്തിൽ വൻ പ്രഖ്യാപനം!"
english_title: "The Chief Minister announced that 3,000 were added in the first cabinet meeting."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360175/the-chief-minister-announced-that-3000-were-added-in-the-first-cabinet-meeting"
published_at: "2026-05-18T14:33:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0ad6b23227b_20.jpg"
keywords: []
---

# വാക്കുപാലിച്ച് വി.ഡി. സതീശൻ; ആശ വർക്കർമാരുടെ വേതനം 12,000 രൂപയാക്കി ഉയർത്തി, ആദ്യ മന്ത്രിസഭാ യോഗത്തിൽ വൻ പ്രഖ്യാപനം!

> **Lead Summary:** **തിരുവനന്തപുരം: [ **ആശ വർക്കർമാർ ഉൾപ്പെടെയുള്ള താഴേത്തട്ടിലെ സേവന മേഖലയിലുള്ളവർക്ക് നൽകിയ തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് പുതിയ യുഡിഎഫ് സർക്കാരിന്റെ ആദ്യ പ്രഖ്യാപനം. ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനാണ് ആശ വർക്കർമാരുടെ ആനുകൂല്യങ്ങളിൽ 3000 രൂപയുടെ വർദ്ധനവ് പ്രഖ്യാപിച്ചത്.

## Article Content

**തിരുവനന്തപുരം: [ **ആശ വർക്കർമാർ ഉൾപ്പെടെയുള്ള താഴേത്തട്ടിലെ സേവന മേഖലയിലുള്ളവർക്ക് നൽകിയ തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് പുതിയ യുഡിഎഫ് സർക്കാരിന്റെ ആദ്യ പ്രഖ്യാപനം. ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനാണ് ആശ വർക്കർമാരുടെ ആനുകൂല്യങ്ങളിൽ 3000 രൂപയുടെ വർദ്ധനവ് പ്രഖ്യാപിച്ചത്.

ഇതോടെ നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന 9000 രൂപ ഇനി മുതൽ 12,000 രൂപയായി ഉയരും. എല്ലാ ആവശ്യങ്ങളും ഒറ്റയടിക്ക് നടപ്പിലാക്കാൻ താല്പര്യമുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ ഇത് ആദ്യഘട്ട നടപടി മാത്രമാണെന്നും വിരമിക്കൽ ആനുകൂല്യങ്ങളിൽ മാറ്റം വരുത്തുമെന്നും വ്യക്തമാക്കിയ മുഖ്യമന്ത്രി, സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിനനുസരിച്ച് തുക ഇനിയും വർദ്ധിപ്പിക്കുമെന്നും ഉറപ്പുനൽകി.

ആശ വർക്കർമാർക്ക് പുറമെ അങ്കണവാടി ജീവനക്കാരുടെ പ്രശ്നങ്ങളിലും സർക്കാർ അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. അങ്കണവാടി ടീച്ചർമാർ, ഹെൽപ്പർമാർ എന്നിവർക്ക് പുറമെ പ്രീ-പ്രൈമറി അധ്യാപകർ, പാചക തൊഴിലാളികൾ എന്നിവരുടെ വേതനത്തിലും 1000 രൂപയുടെ വർദ്ധനവ് വരുത്തിയിട്ടുണ്ട്.

ഇത് വലിയൊരു തുകയല്ലെന്ന് തനിക്കറിയാമെന്നും എങ്കിലും ജീവനക്കാരെ ചേർത്തുപിടിക്കുന്നതിന്റെ ഭാഗമായാണ് ഇതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. നേരത്തെ ഓണറേറിയം 21,000 രൂപയാക്കണമെന്നും വിരമിക്കൽ ആനുകൂല്യം 5 ലക്ഷമായി ഉയർത്തണമെന്നും ആവശ്യപ്പെട്ട് ആശ വർക്കർമാർ നടത്തിയ സമരവേദിയിലെത്തി, യുഡിഎഫ് അധികാരത്തിലെത്തിയാൽ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ അനുകൂല തീരുമാനമുണ്ടാകുമെന്ന് വി.ഡി. സതീശൻ ഉറപ്പുനൽകിയിരുന്നു. ഈ വാക്കാണ് ഇപ്പോൾ പാലിക്കപ്പെട്ടിരിക്കുന്നത്.

ഇവ കൂടാതെ യുഡിഎഫിന്റെ പ്രധാനപ്പെട്ട രണ്ട് തെരഞ്ഞെടുപ്പ് ഗ്യാരന്റികൾ കൂടി ഉടൻ യാഥാർത്ഥ്യമാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. വരാനിരിക്കുന്ന ജൂൺ 15 മുതൽ സംസ്ഥാനത്തെ സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യ യാത്രാ സൗകര്യം ഒരുക്കുമെന്നതാണ് ഇതിൽ പ്രധാനപ്പെട്ടത്. അതോടൊപ്പം തന്നെ മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി രാജ്യത്ത് തന്നെ ആദ്യമായി പ്രത്യേക 'വയോജന വകുപ്പ്' രൂപീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സമൂഹം കൂടുതൽ പരിഷ്കൃതമാകണമെങ്കിൽ മുതിർന്നവരെ കൃത്യമായി സംരക്ഷിക്കണമെന്നും, ഈ വയോജന വകുപ്പ് രൂപീകരണത്തിന് പിന്നിൽ സർക്കാരിന് സ്വപ്നതുല്യമായ വലിയ ലക്ഷ്യങ്ങളുണ്ടെന്നും ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ ഔദ്യോഗിക വാർത്താ സമ്മേളനത്തിൽ വി.ഡി. സതീശൻ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360175/the-chief-minister-announced-that-3000-were-added-in-the-first-cabinet-meeting)