---
title: "മൈസൂർ പാക്ക് ഉണ്ടാക്കാൻ പേടി വേണ്ട; ദാ ഇതാണ് കട്ടികൂടാതെ സോഫ്റ്റായി ഉണ്ടാക്കാനുള്ള രഹസ്യം"
english_title: "Don't be afraid to make Mysore Pak; this is the secret to making it soft and not hard"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360171/dont-be-afraid-to-make-mysore-pak-this-is-the-secret-to-making-it-soft-and-not-hard"
published_at: "2026-05-18T14:20:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0ad2d87163e_fgertyhrtyh.jpg"
keywords: []
---

# മൈസൂർ പാക്ക് ഉണ്ടാക്കാൻ പേടി വേണ്ട; ദാ ഇതാണ് കട്ടികൂടാതെ സോഫ്റ്റായി ഉണ്ടാക്കാനുള്ള രഹസ്യം

> **Lead Summary:** **[** നെയ്യുടെ മണവും മധുരവും ഒത്തുചേരുന്ന മൈസൂർ പാക്ക് ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. ബേക്കറിയിൽ നിന്നും വാങ്ങുന്ന അതേ സോഫ്റ്റ്‌നസ്സിലും രുചിയിലും നാവിലിട്ടാൽ അലിഞ്ഞുപോകുന്ന മൈസൂർ പാക്ക് വളരെ എളുപ്പത്തിൽ കുറഞ്ഞ ചേരുവകൾ കൊണ്ട് നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം 

## Article Content

**[** നെയ്യുടെ മണവും മധുരവും ഒത്തുചേരുന്ന മൈസൂർ പാക്ക് ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. ബേക്കറിയിൽ നിന്നും വാങ്ങുന്ന അതേ സോഫ്റ്റ്‌നസ്സിലും രുചിയിലും നാവിലിട്ടാൽ അലിഞ്ഞുപോകുന്ന മൈസൂർ പാക്ക് വളരെ എളുപ്പത്തിൽ കുറഞ്ഞ ചേരുവകൾ കൊണ്ട് നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം 

ആവശ്യമായ സാധനങ്ങൾ

കടലമാവ് : 1 കപ്പ്

പഞ്ചസാര : 2 കപ്പ്

നെയ്യ് : 1 കപ്പ്

വെളിച്ചെണ്ണ അല്ലെങ്കിൽ സൺഫ്ലവർ ഓയിൽ : 1 കപ്പ് (നെയ്യ് മാത്രം വേണമെങ്കിൽ ആകെ 2 കപ്പ് നെയ്യ് എടുക്കാം)

വെള്ളം : 1/2 കപ്പ്

തയ്യാറാക്കുന്ന വിധം :

ആദ്യം കടലമാവ് കട്ടകളൊന്നുമില്ലാതെ നന്നായി അരിച്ചെടുക്കുക. ഒരു പാത്രത്തിൽ നെയ്യും ഓയിലും ഒന്നിച്ച് ഒഴിച്ച് ചെറുതായി ചൂടാക്കി വെക്കുക (ഈ നെയ്യ് മിശ്രിതം ചൂടോടെ വേണം മൈസൂർ പാക്കിലേക്ക് ഒഴിക്കാൻ). അരിച്ചുവെച്ച കടലമാവിലേക്ക് ഈ ചൂടുള്ള നെയ്യ് മിശ്രിതത്തിൽ നിന്നും 3-4 വലിയ സ്പൂൺ ഒഴിച്ച് കട്ടയില്ലാതെ നന്നായി ഇളക്കി യോജിപ്പിച്ചു വെക്കുക.

മൈസൂർ പാക്ക് തയ്യാറാക്കി കഴിഞ്ഞാൽ പെട്ടെന്ന് മാറ്റാൻ പാകത്തിന് ഒരു സ്റ്റീൽ പ്ലേറ്റിലോ ട്രേയിലോ അല്പം നെയ്യ് പുരട്ടി നേരത്തെ തന്നെ മാറ്റിവെക്കുക.

ഒരു ചുവടുകട്ടിയുള്ള വലിയ പാത്രത്തിൽ (ഉരുളി അല്ലെങ്കിൽ നോൺ-സ്റ്റിക് പാൻ) 2 കപ്പ് പഞ്ചസാരയും അര കപ്പ് വെള്ളവും ഒഴിച്ച് തിളപ്പിക്കുക. പഞ്ചസാര അലിഞ്ഞ് 'ഒരു നൂൽ പരുവം' ആകുന്നത് വരെ തിളപ്പിക്കണം. (കൈവിരലുകൾക്കിടയിൽ എടുത്തു നോക്കിയാൽ ഒരു നൂൽ പോലെ വരണം).

പഞ്ചസാര ലായനി പാകമായാൽ തീ നന്നായി കുറച്ചുവെച്ച ശേഷം, നമ്മൾ നേരത്തെ നെയ്യിൽ കലക്കി വെച്ചിരിക്കുന്ന കടലമാവ് ഇതിലേക്ക് പതിയെ ഒഴിച്ച് കൊടുക്കുക. കൈവിടാതെ നന്നായി ഇളക്കിക്കൊണ്ടേയിരിക്കണം.

മാവ് ചെറുതായി കുറുകി വരുമ്പോൾ, നമ്മൾ ചൂടാക്കി വെച്ചിരിക്കുന്ന നെയ്യ്-ഓയിൽ മിശ്രിതത്തിൽ നിന്നും ഓരോ തവി വീതം ഇതിലേക്ക് ഒഴിച്ച് കൊടുക്കുക. മാവ് നെയ്യ് മുഴുവൻ കുടിച്ചെടുക്കുന്നത് കാണാം. അത് വറ്റി വരുമ്പോൾ അടുത്ത തവി നെയ്യ് ഒഴിക്കുക. ഇങ്ങനെ നെയ്യ് മുഴുവൻ തീരുന്നതുവരെ കുറേശ്ശെയായി ഒഴിച്ച് ഇളക്കിക്കൊണ്ടിരിക്കണം.

കുറച്ചു സമയം കഴിയുമ്പോൾ ഈ മിശ്രിതം പാത്രത്തിന്റെ വശങ്ങളിൽ ഒട്ടാതെ, പതഞ്ഞു പൊന്തി വരാൻ തുടങ്ങും (ചെറിയ സുഷിരങ്ങൾ കാണാം). ഇതാണ് പാകം. ഈ സമയത്ത് ഒട്ടും വൈകാതെ തീ ഓഫ് ചെയ്യുക.

ഈ മിശ്രിതം ഉടൻ തന്നെ നമ്മൾ നെയ്യ് പുരട്ടി വെച്ചിരിക്കുന്ന ട്രേയിലേക്ക് ഒഴിക്കുക. മുകൾഭാഗം ഒരു സ്പൂൺ വെച്ച് പതുക്കെ ഒന്നു ലെവൽ ചെയ്യാം (കൂടുതൽ അമർത്തരുത്, സോഫ്റ്റ്‌നസ് നഷ്ടപ്പെടും).

ഒരു 5-10 മിനിറ്റ് കഴിഞ്ഞ് ഇത് ചെറുതായിട്ടൊന്ന് തണുക്കുമ്പോൾ തന്നെ ഒരു കത്തി ഉപയോഗിച്ച് നമുക്ക് ആവശ്യമുള്ള ചതുരക്കഷ്ണങ്ങളാക്കി മുറിച്ചു വെക്കുക. പൂർണ്ണമായും തണുത്ത ശേഷം പാത്രത്തിൽ നിന്നും മാറ്റാം.

ചില പ്രധാന ടിപ്പുകൾ 

കൈവിടാതെ തുടർച്ചയായി ഇളക്കുക എന്നതാണ് ഇതിന്റെ രഹസ്യം.

മാവ് പതഞ്ഞു പൊന്തി വരുമ്പോൾ തന്നെ ട്രേയിലേക്ക് മാറ്റണം. വൈകിയാൽ മൈസൂർ പാക്ക് കട്ടി കൂടിപ്പോകും.

നെയ്യും ഓയിലും ചേർത്തുള്ള മിശ്രിതം ഉപയോഗിച്ചാൽ മൈസൂർ പാക്ക് കൂടുതൽ സോഫ്റ്റ് ആയിരിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360171/dont-be-afraid-to-make-mysore-pak-this-is-the-secret-to-making-it-soft-and-not-hard)