---
title: "വേനൽമഴയെന്ന് പറഞ്ഞ് പറ്റിച്ചതാ...ഇടിമിന്നലോടെ അതിശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്"
english_title: "Orange alert in two districts of Kerala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360169/orange-alert-in-two-districts-of-kerala"
published_at: "2026-05-18T14:16:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0ad349ba753_19.jpg"
keywords: []
---

# വേനൽമഴയെന്ന് പറഞ്ഞ് പറ്റിച്ചതാ...ഇടിമിന്നലോടെ അതിശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

> **Lead Summary:** **തിരുവനന്തപുരം: [**സംസ്ഥാനത്ത് വേനൽമഴ വൻതോതിൽ ശക്തമായതിനെ തുടർന്ന് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് കനത്ത ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.

## Article Content

**തിരുവനന്തപുരം: [**സംസ്ഥാനത്ത് വേനൽമഴ വൻതോതിൽ ശക്തമായതിനെ തുടർന്ന് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് കനത്ത ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.

വടക്കൻ കേരളത്തിലെ കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനുപുറമെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ പത്ത് ജില്ലകളിൽ നിലവിൽ യെല്ലോ അലർട്ടും ഏർപ്പെടുത്തി.

നാളെയും തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള തെക്കൻ-മധ്യ ജില്ലകളിലും കണ്ണൂർ, കാസറഗോഡ് ജില്ലകളിലും ശക്തമായ ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.

മഴ കനക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി കർശന ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ എന്നിവയ്ക്ക് സാധ്യതയുള്ള മലയോര മേഖലകളിലും നദിക്കരകളിലും അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങളിലും താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശാനുസരണം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിത്താമസിക്കണം.

ദുരന്തസാധ്യത മുൻകൂട്ടി കണ്ട് തദ്ദേശ-റവന്യൂ അധികാരികളുമായി ബന്ധപ്പെട്ട് പകൽ സമയത്ത് തന്നെ ക്യാമ്പുകളിലേക്ക് മാറാൻ ജനങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്തതോ മേൽക്കൂരകൾക്ക് ബലമില്ലാത്തതോ ആയ വീടുകളിൽ കഴിയുന്നവരും പ്രത്യേക ജാഗ്രത പാലിക്കണം.

കാറ്റിൽ മരങ്ങളോ പോസ്റ്റുകളോ കടപുഴകി വീഴാൻ സാധ്യതയുള്ളതിനാൽ അതീവ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. അടിയന്തര സാഹചര്യങ്ങളിലൊഴികെ മഴ ശക്തമാകുന്ന സമയങ്ങളിൽ യാത്രകൾ പൂർണ്ണമായും ഒഴിവാക്കണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.

വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവടങ്ങളിലേക്കുള്ള യാത്രകൾക്ക് മഴ മുന്നറിയിപ്പ് മാറുന്നത് വരെ പൂർണ്ണ വിലക്കുണ്ടാകും. ജലാശയങ്ങളോട് ചേർന്നുള്ള റോഡുകളിലൂടെയും അറ്റകുറ്റപ്പണികൾ നടക്കുന്ന വഴികളിലൂടെയും വാഹനം ഓടിക്കുമ്പോൾ അതീവ ശ്രദ്ധ വേണം.

കനത്ത മഴയിൽ റോഡപകടങ്ങൾ വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ ജലാശയങ്ങൾ കരകവിഞ്ഞൊഴുകുന്ന റോഡുകളിലൂടെയോ പാലങ്ങളിലൂടെയോ യാതൊരു കാരണവശാലും വാഹനങ്ങൾ കടത്തിവിടരുതെന്നും നിർദ്ദേശമുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360169/orange-alert-in-two-districts-of-kerala)