---
title: "പ്രവാസികൾക്കായി കേരള സർക്കാരിന്റെ തണൽ; പ്രവാസി പെൻഷൻ പദ്ധതിയുടെ ആനുകൂല്യങ്ങളും അപേക്ഷിക്കേണ്ട രീതിയും"
english_title: "Kerala government's shelter for expatriates; Benefits of the Expatriate Pension Scheme and how to apply"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360164/kerala-governments-shelter-for-expatriates-benefits-of-the-expatriate-pension-scheme-and-how-to-apply"
published_at: "2026-05-18T14:04:00+05:30"
category: "Business"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0acfa70e8e7_srfgsedrg.jpg"
keywords: []
---

# പ്രവാസികൾക്കായി കേരള സർക്കാരിന്റെ തണൽ; പ്രവാസി പെൻഷൻ പദ്ധതിയുടെ ആനുകൂല്യങ്ങളും അപേക്ഷിക്കേണ്ട രീതിയും

> **Lead Summary:** **[**അന്നും ഇന്നും ജീവിതം പടുത്തുയർത്താനും സാമ്പത്തിക അടിത്തറ കെട്ടിപ്പടുക്കാനുമായി വിദേശത്തേക്ക് ചേക്കേറുന്നവരാണ് മലയാളികൾ. ഇങ്ങനെ വിദേശത്ത് ചോരനീരാക്കുന്ന പ്രവാസികളുടെ ഭാവി സുരക്ഷിതമാക്കാൻ കേരള സർക്കാർ ആവിഷ്കരിച്ച മികച്ചൊരു റിട്ടയർമെന്റ് സേവിങ്സ് പദ്ധതിയാണ് 'പ്രവാസി പെൻഷൻ പദ്ധതി'.

## Article Content

**[**അന്നും ഇന്നും ജീവിതം പടുത്തുയർത്താനും സാമ്പത്തിക അടിത്തറ കെട്ടിപ്പടുക്കാനുമായി വിദേശത്തേക്ക് ചേക്കേറുന്നവരാണ് മലയാളികൾ. ഇങ്ങനെ വിദേശത്ത് ചോരനീരാക്കുന്ന പ്രവാസികളുടെ ഭാവി സുരക്ഷിതമാക്കാൻ കേരള സർക്കാർ ആവിഷ്കരിച്ച മികച്ചൊരു റിട്ടയർമെന്റ് സേവിങ്സ് പദ്ധതിയാണ് 'പ്രവാസി പെൻഷൻ പദ്ധതി'.

കേരള പ്രവാസി ക്ഷേമനിധി ബോർഡിന്റെ (Kerala Pravasi Welfare Board) കീഴിൽ 2008-ലാണ് ഈ പദ്ധതി ആരംഭിച്ചത്. വിദേശ രാജ്യങ്ങളിൽ അസംഘടിത മേഖലകളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് താങ്ങാവുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

**ആർക്കൊക്കെ അപേക്ഷിക്കാം?**

നിലവിൽ വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസി മലയാളികൾക്ക്. കുറഞ്ഞത് രണ്ട് വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത ശേഷം നാട്ടിൽ തിരിച്ചെത്തിയവർക്ക്. 18 വയസ്സ് മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് പദ്ധതിയിൽ അംഗമാകാം.

**നിക്ഷേപവും പെൻഷൻ തുകയും**

 പെൻഷൻ ആനുകൂല്യം ലഭിക്കാൻ കുറഞ്ഞത് 5 വർഷമെങ്കിലും പദ്ധതിയിലേക്ക് തുക അടച്ചിരിക്കണം. മാസം 350 രൂപ വീതം പദ്ധതിയിൽ അടയ്ക്കാം. ആവശ്യമെങ്കിൽ 6 മാസത്തേയോ ഒരു വർഷത്തേയോ തുക ഒന്നിച്ച് മുൻകൂട്ടി അടയ്ക്കാനുള്ള സൗകര്യവുമുണ്ട്.  നിലവിലെ നിയമപ്രകാരം 5 വർഷത്തേക്ക് ഒരാൾ ആകെ അടയ്ക്കേണ്ടത് 21,000 രൂപയാണ്. 60 വയസ്സിന് ശേഷം, നിങ്ങൾ പദ്ധതിയിലേക്ക് അടച്ച തുകയുടെ അടിസ്ഥാനത്തിൽ 7000 രൂപ വരെ പ്രതിമാസ പെൻഷൻ ലഭിക്കും.

**മറ്റ് ആകർഷകമായ ആനുകൂല്യങ്ങൾ**

കേവലം പെൻഷൻ മാത്രമല്ല, മറ്റ് നിരവധി സഹായങ്ങളും ഈ പദ്ധതി വഴി പ്രവാസികൾക്ക് ലഭിക്കുന്നുണ്ട്:

**വിവാഹ ധനസഹായം: **അപേക്ഷകന്റെ പെൺകുട്ടികളുടെ വിവാഹ ആവശ്യങ്ങൾക്ക് ധനസഹായം ലഭിക്കും.

**ചികിത്സാ സഹായം: **പെൻഷൻ തുക അടയ്ക്കുന്ന കാലയളവിൽ അപേക്ഷകന് ഗുരുതരമായ ചികിത്സ വേണ്ടി വന്നാൽ സാമ്പത്തിക സഹായം ലഭ്യമാകും.

ശാരീരിക അവശതകൾ നേരിടുന്നവർക്ക് പ്രത്യേക അവശതാ പെൻഷൻ.

**മരണാനന്തര ആനുകൂല്യങ്ങൾ:**

5 വർഷം തുകയടച്ച ശേഷം അപേക്ഷകൻ മരണപ്പെട്ടാൽ നോമിനിക്ക് ഫാമിലി പെൻഷൻ ലഭിക്കും.

60 വയസ്സിന് മുമ്പാണ് മരണമെങ്കിൽ, അതുവരെ അടച്ച തുകയും ഒപ്പം മരണാനന്തര ധനസഹായവും കുടുംബത്തിന് ലഭിക്കും.

**അപേക്ഷിക്കേണ്ടത് എങ്ങനെ?**

പുതിയതായി പെൻഷന് അപേക്ഷിക്കാൻ പ്രവാസി നേരിട്ട് നാട്ടിലെത്തേണ്ടതില്ല. ആവശ്യമായ രേഖകൾ ഓൺലൈൻ വഴി സമർപ്പിച്ചുകൊണ്ട് വിദേശത്തിരുന്ന് തന്നെ പദ്ധതിയിൽ അംഗമാകാം. 2014 മുതൽ പെൻഷൻ വിതരണം ആരംഭിച്ച ഈ പദ്ധതിയിൽ നിലവിൽ എട്ട് ലക്ഷത്തോളം പ്രവാസികൾ അംഗങ്ങളാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360164/kerala-governments-shelter-for-expatriates-benefits-of-the-expatriate-pension-scheme-and-how-to-apply)