---
title: "കുടുക്കിയത് കഴുകാത്ത ചായ കപ്പ്; വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം, മകന്റെ സുഹൃത്ത് അറസ്റ്റിൽ"
english_title: "Elderly woman murdered by slitting her throat, case registered, son's friend arrested "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360156/elderly-woman-murdered-by-slitting-her-throat-case-registered-sons-friend-arrested"
published_at: "2026-05-18T13:43:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0acad2dc604_murder.jpg"
keywords: []
---

# കുടുക്കിയത് കഴുകാത്ത ചായ കപ്പ്; വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം, മകന്റെ സുഹൃത്ത് അറസ്റ്റിൽ

> **Lead Summary:** **അഹമ്മദാബാദ്: ** ഗുജറാത്തിലെ ജുനാഗഡ് നഗരത്തിൽ വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ മകന്റെ സുഹൃത്ത് അറസ്റ്റിൽ.

## Article Content

**അഹമ്മദാബാദ്: ** ഗുജറാത്തിലെ ജുനാഗഡ് നഗരത്തിൽ വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ മകന്റെ സുഹൃത്ത് അറസ്റ്റിൽ.

സാമ്പത്തിക തർക്കത്തെത്തുടർന്നാണ് കൊലപാതകം നടന്നത്. സംഭവത്തില്‍ സുരേഷ് (കാന വധ്വാനി) എന്നയാളാണ് അറസ്റ്റിലായത്.

തെളിവുകളൊന്നുമില്ലാത്ത കൊലപാതകത്തില്‍ പ്രതിയെ പിടികൂടാന്‍ പൊലീസിനെ സഹായിച്ചത് അടുക്കളയിലുണ്ടായ ചായ സോസറായിരുന്നു.

63 വയസ്സുകാരിയായ സുനിതാബെൻ ആണ് സ്വന്തം വീടിനുള്ളിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭര്‍ത്താവിനും മകനുമൊപ്പമായിരുന്നു ഇവര്‍ താമസിച്ചിരുന്നത്.

പ്രദേശത്ത് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ ഇല്ലാതിരുന്നതിനാൽ പൊലീസിന് അന്വേഷണം ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു.

കുറ്റകൃത്യം നടന്ന സ്ഥലത്ത് പരിശോധന നടത്തുന്നതിനിടെ അടുക്കളയില്‍ കഴുകാത്ത മൂന്ന് ചായ സോസറുകള്‍ കിടക്കുന്നത് പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.

ഇതോടെ കൊല്ലപ്പെട്ട സുനിതാബെന്നും മകൻ ദിലീപും അന്ന് ഒരുമിച്ച് ചായ കുടിച്ചിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. കൂടാതെ, വീട്ടിലെ ജോലിക്കാരി വയോധിക കൊല്ലപ്പെടുന്നതിന് മുൻപ് തന്നെ തന്റെ ജോലികൾ തീർത്ത് മടങ്ങിയിരുന്നു.

കഴുകാത്ത മൂന്നാമത്തെ സോസർ കണ്ടെത്തിയതോടെ, ജോലിക്കാരി പോയതിനു ശേഷവും കൊലപാതകം നടക്കുന്നതിന് മുൻപും വീട്ടിൽ മറ്റേതോ ഒരു സന്ദർശകൻ കൂടി എത്തിയിരുന്നുവെന്ന് പൊലീസ് മനസിലാക്കി.

കുടുംബവുമായി അടുത്ത പരിചയമുള്ള ഒരാളായിരിക്കാം ഇതെന്ന നിഗമനത്തിൽ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ദിലീപിന്റെ സുഹൃത്തായ സുരേഷ് പിടിയിലാകുന്നത്. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ താൻ അന്ന് അവിടെ എത്തിയിരുന്നുവെന്നും ചായ കുടിച്ചിരുന്നുവെന്നും പ്രതി സമ്മതിച്ചിരുന്നു.

വസ്ത്രക്കട നടത്തിയിരുന്ന സുരേഷ്, അത് പൂട്ടി ഓഹരി വിപണിയിൽ നിക്ഷേപം നടത്തിയിരുന്നെങ്കിലും കനത്ത സാമ്പത്തിക നഷ്ടവും കടബാധ്യതയും നേരിടേണ്ടി വന്നു.

കടങ്ങൾ വീട്ടാനായി പണം വായ്പ ചോദിച്ചാണ് പ്രതി സുനിതാബെന്നിനെ സമീപിച്ചത്. എന്നാൽ വായ്പ നൽകണമെങ്കിൽ വിലപിടിപ്പുള്ള എന്തെങ്കിലും വസ്തുക്കൾ ഈടായി പണയം വെക്കണമെന്ന് സുനിത ആവശ്യപ്പെട്ടു.

ഇതേച്ചൊല്ലി ഇരുവരും തമ്മിൽ ഉണ്ടായ രൂക്ഷമായ തർക്കത്തിനൊടുവിൽ, സുരേഷ് കൈയ്യിലുണ്ടായിരുന്ന മൂർച്ചയുള്ള കത്തി ഉപയോഗിച്ച് സുനിതാബെന്നിന്റെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകത്തിന് ശേഷം സ്ഥലത്ത് പോയ പ്രതി സംശയം തോന്നാതിരിക്കാന്‍ പിന്നീട് സുനിതയുടെ സംസ്കാര ചടങ്ങുകളിലെല്ലാം സജീവമായി പങ്കെടുത്തിരുന്നു. കുടുംബത്തില്‍ സങ്കടത്തില്‍ കൂടെ നില്‍ക്കുകയും ചെയ്തിരുന്നുവെന്നും പൊലീസ് പറയുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360156/elderly-woman-murdered-by-slitting-her-throat-case-registered-sons-friend-arrested)