---
title: "വഴിതെറ്റിയതല്ല, ‘അയ്യപ്പനെ തൊഴാൻ’ താഴ്ന്നുപറന്നതാ! ശബരിമലയ്ക്ക് മുകളിലെ ഹെലികോപ്റ്റർ യാത്രയിൽ കോസ്റ്റ് ഗാർഡ് വാദം പൊളിഞ്ഞു"
english_title: "Coast Guard helicopter lowered to allow top official to shower Ayyappa from the sky"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360146/coast-guard-helicopter-lowered-to-allow-top-official-to-shower-ayyappa-from-the-sky"
published_at: "2026-05-18T13:23:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0ac7c17dd67_14.jpg"
keywords: []
---

# വഴിതെറ്റിയതല്ല, ‘അയ്യപ്പനെ തൊഴാൻ’ താഴ്ന്നുപറന്നതാ! ശബരിമലയ്ക്ക് മുകളിലെ ഹെലികോപ്റ്റർ യാത്രയിൽ കോസ്റ്റ് ഗാർഡ് വാദം പൊളിഞ്ഞു

> **Lead Summary:** **കൊച്ചി: [ **ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ അതീവ അപകടകരമായ രീതിയിൽ താഴ്ന്നുപറന്ന സംഭവത്തിന് പിന്നിൽ വഴിതെറ്റലല്ല, മറിച്ച് ആകാശത്തുനിന്ന് അയ്യപ്പനെ തൊഴുകയെന്ന ലക്ഷ്യമായിരുന്നെന്ന് ആഭ്യന്തര അന്വേഷണ റിപ്പോർട്ട്.

## Article Content

**കൊച്ചി: [ **ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ അതീവ അപകടകരമായ രീതിയിൽ താഴ്ന്നുപറന്ന സംഭവത്തിന് പിന്നിൽ വഴിതെറ്റലല്ല, മറിച്ച് ആകാശത്തുനിന്ന് അയ്യപ്പനെ തൊഴുകയെന്ന ലക്ഷ്യമായിരുന്നെന്ന് ആഭ്യന്തര അന്വേഷണ റിപ്പോർട്ട്.

കഴിഞ്ഞ മാസം 23-നാണ് വിവാദത്തിനാസ്പദമായ സംഭവം നടന്നത്. നെടുമ്പാശ്ശേരി വിമാനത്താവള പരിസരത്തെ കോസ്റ്റ് ഗാർഡ് എയർക്രാഫ്റ്റ് ഓപ്പറേറ്റിങ് യൂണിറ്റിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്റെ വ്യക്തിപരമായ നിർദ്ദേശപ്രകാരമാണ് ഹെലികോപ്റ്റർ താഴ്ത്തി പറത്തിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.

ശബരിമല പോലുള്ള അതീവ സുരക്ഷാ പ്രാധാന്യമുള്ള മേഖലയ്ക്ക് മുകളിലൂടെ മാനദണ്ഡങ്ങൾ ലംഘിച്ച് ഹെലികോപ്റ്റർ പറത്തിയത് വലിയ വിവാദമായതിനെ തുടർന്ന്, ഈ ഉദ്യോഗസ്ഥനെ നെടുമ്പാശ്ശേരിയിലെ ചുമതലകളിൽ നിന്ന് അടിയന്തരമായി മാറ്റിയിട്ടുണ്ട്. നിലവിൽ കൊച്ചിയിലെ കോസ്റ്റ് ഗാർഡ് മേഖലാ ആസ്ഥാനത്തേക്കാണ് ഇയാളെ സ്ഥലം മാറ്റിയിരിക്കുന്നത്.

ഹെലികോപ്റ്ററിൽ പൈലറ്റായ ഈ ഉദ്യോഗസ്ഥനൊപ്പം സഹപൈലറ്റും ക്യാമറ ക്രൂവും ഉൾപ്പെടെ മൂന്ന് പേരാണ് അന്ന് ഉണ്ടായിരുന്നത്. ഇതേ ഉദ്യോഗസ്ഥൻ മുൻപും ഔദ്യോഗിക ഹെലികോപ്റ്റർ ദുരുപയോഗം ചെയ്ത് ശബരിമലയിലേക്കും ഗുരുവായൂരിലേക്കും ഇത്തരം ആകാശയാത്രകൾ നടത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

മുൻപ് സംഭവം വിവാദമായ ഘട്ടത്തിൽ, മോശം കാലാവസ്ഥയെ തുടർന്ന് ഹെലികോപ്റ്റർ വഴിതെറ്റിയതാണെന്നായിരുന്നു കോസ്റ്റ് ഗാർഡ് നൽകിയ ഔദ്യോഗിക വിശദീകരണം. എന്നാൽ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതോടെ കോസ്റ്റ് ഗാർഡിന്റെ ഈ വാദം പൂർണ്ണമായും പൊളിഞ്ഞിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360146/coast-guard-helicopter-lowered-to-allow-top-official-to-shower-ayyappa-from-the-sky)