---
title: "'വി ഡി സതീശൻ ജി ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ, പുതിയ സർക്കാരിന് കേന്ദ്ര ഗവൺമെൻറ് എല്ലാ വിധ പിന്തുണയും ഉറപ്പുനൽകുന്നു' - നരേന്ദ്ര മോദി"
english_title: "Narendra Modi congratulates Chief Minister VDSatheesan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360133/narendra-modi-congratulates-chief-minister-vdsatheesan-new-"
published_at: "2026-05-18T12:23:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0ab7e33c914_modi.jpg"
keywords: []
---

# 'വി ഡി സതീശൻ ജി ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ, പുതിയ സർക്കാരിന് കേന്ദ്ര ഗവൺമെൻറ് എല്ലാ വിധ പിന്തുണയും ഉറപ്പുനൽകുന്നു' - നരേന്ദ്ര മോദി

> **Lead Summary:** **ദില്ലി: **മുഖ്യമന്ത്രി വി ഡി സതീശന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ സർക്കാരിന് കേന്ദ്രസർക്കാരിൻ്റെ എല്ലാ പിന്തുണയുമുണ്ടാകുമെന്ന് മോദി ഉറപ്പു നൽകി.

## Article Content

**ദില്ലി: **മുഖ്യമന്ത്രി വി ഡി സതീശന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ സർക്കാരിന് കേന്ദ്രസർക്കാരിൻ്റെ എല്ലാ പിന്തുണയുമുണ്ടാകുമെന്ന് മോദി ഉറപ്പു നൽകി.

‘’കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വി ഡി സതീശൻ ജി ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ ഭരണകാലത്തിന് എൻ്റെ എല്ലാ ആശംസകളും നേരുന്നു. ജനങ്ങളുടെ ആഗ്രഹങ്ങൾ സഫലീകരിക്കുന്നതിനായി, പുതുതായി രൂപീകൃതമായ കേരള ഗവൺമെൻ്റിന് കേന്ദ്ര ഗവൺമെൻറ് എല്ലാ വിധ പിന്തുണയും ഉറപ്പുനൽകുന്നു.'' മോദി എക്സിൽ മലയാളത്തിൽ പങ്കുവെച്ച കുറിപ്പിങ്ങനെ.

അതേസമയം കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള 21 അംഗ യു.ഡി.എഫ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തെ സാക്ഷിയാക്കി 21 അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു.

ദൈവനാമത്തിൽ മുഖ്യമന്ത്രിയടക്കമുള്ളവര്‍ സത്യപ്രതിജ്ഞ ചെയ്തപ്പോൾ ഷിബു ബേബി ജോണും സി.പി ജോണും സഗൌരവമാണ് സത്യപ്രതിജ്ഞ ചെയ്തത്. ഘടകകക്ഷികൾ ഉൾപ്പെടെ യുഡിഎഫിലെ മുഴുവൻ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.മുഖ്യമന്ത്രി ഉൾപ്പെടെ കോൺഗ്രസിന് 12 മന്ത്രിമാരാണുള്ളത്. ലീഗിലെ അഞ്ചു മന്ത്രിമാരും കേരള കോൺഗ്രസ്, ആർഎസ്പി, സിഎംപി, കേരള കോൺഗ്രസ് ജേക്കബ് എന്നീ കക്ഷികളിലായും ഓരോ മന്ത്രിമാരുമുണ്ട്.

രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖാർഗെ തുടങ്ങിയ ദേശീയ നേതാക്കളും മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360133/narendra-modi-congratulates-chief-minister-vdsatheesan-new-)