---
title: "കൈകൂപ്പി ചെന്നെടുത്തെല്ലാം ആട്ടുമാത്രം ...: അശ്ലീല വീഡിയോ കാട്ടി വർഷങ്ങളോളം പീഡനം; പരാതിപ്പെട്ടിട്ടും നടപടിയെടുത്തില്ലെന്ന് പരാതി, സഹോദരികൾ ജീവനൊടുക്കി"
english_title: "Blackmailed by showing pornographic video, complaint that no action was taken despite complaint, victim's sister also committed suicide"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360112/blackmailed-by-showing-pornographic-video-complaint-that-no-action-was-taken-despite-complaint-victims-sister-also-committed-suicide-"
published_at: "2026-05-18T11:35:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0aad1e0a06e_rapr.jpg"
keywords: []
---

# കൈകൂപ്പി ചെന്നെടുത്തെല്ലാം ആട്ടുമാത്രം ...: അശ്ലീല വീഡിയോ കാട്ടി വർഷങ്ങളോളം പീഡനം; പരാതിപ്പെട്ടിട്ടും നടപടിയെടുത്തില്ലെന്ന് പരാതി, സഹോദരികൾ ജീവനൊടുക്കി

> **Lead Summary:** **ജോധ്‌പൂർ: **രാജസ്ഥാനിലെ ജോധ്പൂരിൽ വർഷങ്ങളോളം നീണ്ട ക്രൂരമായ കൂട്ടബലാത്സംഗത്തിനും തുടർച്ചയായ ഭീഷണികൾക്കുമൊടുവിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ, നീതി നിഷേധിക്കപ്പെട്ടതിനെ തുടർന്ന് ഇരയുടെ അനിയത്തിയും ജീവനൊടുക്കി.

## Article Content

**ജോധ്‌പൂർ: **രാജസ്ഥാനിലെ ജോധ്പൂരിൽ വർഷങ്ങളോളം നീണ്ട ക്രൂരമായ കൂട്ടബലാത്സംഗത്തിനും തുടർച്ചയായ ഭീഷണികൾക്കുമൊടുവിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ, നീതി നിഷേധിക്കപ്പെട്ടതിനെ തുടർന്ന് ഇരയുടെ അനിയത്തിയും ജീവനൊടുക്കി.

 തുടർച്ചയായ പീഡനങ്ങളിൽ മനംനൊന്ത് മാർച്ചിലാണ് മൂത്ത സഹോദരി മരിച്ചത്. സഹായത്തിനായി പലതവണ സമീപിച്ചിട്ടും പൊലീസിൽ നിന്ന് നീതി ലഭിക്കാത്തതിനെ തുടർന്നാണ് രണ്ട് മാസത്തിന് ശേഷം യുവതിയുടെ അനിയത്തിയും ജീവനൊടുക്കിയത്.

പ്രതികൾക്കെതിരെ നടപടിയെടുക്കുന്നതിൽ പൊലീസിന് വീഴ്ച സംഭവിച്ചുവെന്ന് നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു. പ്രദേശത്ത് വലിയ പ്രതിഷേധത്തിനും കാരണമായി. ഇ-മിത്ര സർവീസ് സെൻ്റർ ഓപ്പറേറ്ററായ മഹിപാലാണ് മൂത്ത സഹോദരിയെ കുടുക്കിയതെന്നായിരുന്നു ആരോപണം.

അശ്ലീല വീഡിയോകൾ രഹസ്യമായി പകർത്തി ഭീഷണിപ്പെടുത്തിയാണ് നാലുവർഷത്തോളം നിരന്തരം പീഡനത്തിനിരയാക്കിയത്. ഇതിനെതിരെ യുവതിയുടെ അനിയത്തി തന്നെയാണ് പൊലീസിൽ പരാതി നൽകിയത്. ശിവരാജ്, ഗോപാൽ, വിജാറാം, ദിനേശ്, മനോജ്, പുഖ്‌രാജ് എന്നിവരുൾപ്പെടെ എട്ട് പേരുടെ പേരുകളും പരാതിയിൽ പരാമർശിച്ചിരുന്നു.

പീഡനം സഹിക്കാനാവാതെ മാർച്ച് 20-നാണ് മൂത്ത സഹോദരി ആത്മഹത്യ ചെയ്തത്. സഹോദരിയുടെ ആത്മഹത്യയ്ക്ക് ശേഷം, പ്രതികൾ തനിക്ക് നേരെ തിരിഞ്ഞതായും യുവതി ആരോപിച്ചിരുന്നു. സഹോദരിയുടെ ദൃശ്യങ്ങൾ പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി തന്നെയും ലൈംഗികമായി പീഡിപ്പിച്ചതായും നീതി ലഭിച്ചില്ലെങ്കിൽ ജീവനൊടുക്കുമെന്നും അവർ മുന്നറിയിപ്പ് നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തെങ്കിലും, പൊലീസിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ നടപടിയും ഉണ്ടായില്ല.

പ്രതികൾ പരസ്യമായി ഭീഷണി മുഴക്കുന്നത് തുടർന്നതായും, പൊലീസിന് തങ്ങളെ ഒന്നും ചെയ്യാൻ കഴിയില്ലെന്ന് വീരവാദം മുഴക്കിയതായും ആരോപിച്ചതിന് പിന്നാലെയാണ് യുവതി ജീവനൊടുക്കിയത്. പ്രദേശത്തെ ഒരു വാട്ടർ ടാങ്കിന് മുകളിൽ കയറി പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട ഇവർ വിഷം കഴിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ മരിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360112/blackmailed-by-showing-pornographic-video-complaint-that-no-action-was-taken-despite-complaint-victims-sister-also-committed-suicide-)