---
title: " എന്നെ സ്നേഹിച്ചില്ലെങ്കിൽ നീ ജീവിക്കേണ്ട ......: പ്രണയാഭ്യർഥന നിരസിച്ചതിൽ കൊടും പക, ജോലികഴിഞ്ഞ് മടങ്ങുന്നതിനിടെ യുവതിയെ യുവാവ് കഴുത്തറത്ത് കൊന്നു "
english_title: "Woman strangled to death for rejecting a love proposal"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360097/woman-strangled-to-death-for-rejecting-a-love-proposal-new"
published_at: "2026-05-18T10:53:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0aa36d0122e_crime.jpg"
keywords: []
---

#  എന്നെ സ്നേഹിച്ചില്ലെങ്കിൽ നീ ജീവിക്കേണ്ട ......: പ്രണയാഭ്യർഥന നിരസിച്ചതിൽ കൊടും പക, ജോലികഴിഞ്ഞ് മടങ്ങുന്നതിനിടെ യുവതിയെ യുവാവ് കഴുത്തറത്ത് കൊന്നു 

> **Lead Summary:** ഹൈദരാബാദ്: ഞെട്ടിക്കുന്ന ക്രൂരത ....! തെലങ്കാനയിലെ ജഡ്ചേർലയിൽ പ്രണയാഭ്യർഥന നിരസിച്ചതിന് യുവതിയെ യുവാവ് കഴുത്തറത്ത് കൊന്നു . ജഡ്ചേർലയിലെ സ്വകാര്യസ്‌കൂളിൽ റിസപ്ഷനിസ്റ്റായ വൈ. വൈഷ്ണവിയെയാണ് യുവാവ് കഴുത്തറത്ത് കൊലപ്പെടുത്തിയത്. ശനിയാഴ്ച വൈകിട്ട് നടുറോഡിൽവെച്ചായിരുന്നു സംഭവം. പ്രതിയായ യുവാവ് ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടു.

## Article Content

ഹൈദരാബാദ്: ഞെട്ടിക്കുന്ന ക്രൂരത ....! തെലങ്കാനയിലെ ജഡ്ചേർലയിൽ പ്രണയാഭ്യർഥന നിരസിച്ചതിന് യുവതിയെ യുവാവ് കഴുത്തറത്ത് കൊന്നു . ജഡ്ചേർലയിലെ സ്വകാര്യസ്‌കൂളിൽ റിസപ്ഷനിസ്റ്റായ വൈ. വൈഷ്ണവിയെയാണ് യുവാവ് കഴുത്തറത്ത് കൊലപ്പെടുത്തിയത്. ശനിയാഴ്ച വൈകിട്ട് നടുറോഡിൽവെച്ചായിരുന്നു സംഭവം. പ്രതിയായ യുവാവ് ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടു.

പ്രതിയായ യുവാവ് വൈഷ്ണവിയെ നിരന്തരം ശല്യംചെയ്തിരുന്നതായാണ് വിവരം. ഇയാൾ പലതവണ പ്രണയാഭ്യർഥനയും നടത്തി. എന്നാൽ, യുവതി ഇതെല്ലാം നിരസിച്ചു. ഇതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസിന്റെ നിഗമനം.

ശനിയാഴ്ച വൈകിട്ട് ജോലികഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് വൈഷ്ണവിക്ക് നേരേ ആക്രമണമുണ്ടായത്. ബസിറങ്ങി വീട്ടിലേക്ക് നടക്കുകയായിരുന്ന വൈഷ്ണവിയെ പിന്തുടർന്നെത്തിയ പ്രതി കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. യുവതിയെ കഴുത്തറത്ത് പരിക്കേൽപ്പിച്ച പ്രതി സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടാനും ശ്രമിച്ചു.

എന്നാൽ, നാട്ടുകാർ ഇയാളെ ഓടിച്ചിട്ട് പിടികൂടി. തുടർന്ന് കൈയും കാലും കെട്ടിയിട്ടശേഷം മർദിച്ചു. ആൾക്കൂട്ട മർദനത്തിൽ മാരകമായി പരിക്കേറ്റ പ്രതിയെ പിന്നീട് പോലീസെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി മരിച്ചു.

പ്രതിയുടെ പേര് തേജ എന്നാണെന്നാണ് പോലീസ് നൽകുന്നവിവരം. എന്നാൽ, ഇയാളുടെ തിരിച്ചറിയൽ കാർഡുകളോ മൊബൈൽഫോണോ സംഭവസ്ഥലത്തുനിന്ന് കിട്ടിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ഇയാളെക്കുറിച്ചുള്ള കൂടുതൽവിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും പോലീസ് കൂട്ടിച്ചേർത്തു.

അതേസമയം, പ്രതിയായ യുവാവും കൊല്ലപ്പെട്ട യുവതിയും നേരത്തേ ഒരേസ്‌കൂളിൽ ജോലിചെയ്തിരുന്നവരാണെന്ന് വിവരങ്ങളുണ്ട്. ഇതിനിടെയാണ് ഇരുവരും പരിചയത്തിലായതെന്നും പ്രതിയുടെ പ്രണയാഭ്യർഥന നിരസിച്ചതിനെത്തുടർന്ന് ഇരുവരും തമ്മിൽ നേരത്തെയും വഴക്കുണ്ടായിരുന്നതായും പറയപ്പെടുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360097/woman-strangled-to-death-for-rejecting-a-love-proposal-new)