---
title: "ഭക്തരുടെ വഴിപാടിൽ ദേവസ്വത്തിന്റെ കയ്യിട്ടുവാറൽ; ശബരിമലയിൽ പത്ത് വർഷമായി നടന്ന അഴിമതി പുറത്ത്!"
english_title: "Corruption that has been going on in Sabarimala for ten years is exposed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360083/corruption-that-has-been-going-on-in-sabarimala-for-ten-years-is-exposed"
published_at: "2026-05-18T10:16:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0a99e3d2471_4.jpg"
keywords: []
---

# ഭക്തരുടെ വഴിപാടിൽ ദേവസ്വത്തിന്റെ കയ്യിട്ടുവാറൽ; ശബരിമലയിൽ പത്ത് വർഷമായി നടന്ന അഴിമതി പുറത്ത്!

> **Lead Summary:** **ശബരിമല: [ **സന്നിധാനത്ത് ഭക്തർ വഴിപാടായി സമർപ്പിക്കുന്ന പൂജാദ്രവ്യങ്ങളുടെ മറവിൽ ലക്ഷക്കണക്കിന് രൂപയുടെ വൻ തട്ടിപ്പ് നടക്കുന്നതായി ദേവസ്വം വിജിലൻസ് റിപ്പോർട്ട്. പൂജാദ്രവ്യങ്ങളുടെ പേരിൽ വൻ ക്രമക്കേട് നടക്കുന്നുണ്ടെന്ന വാർത്തകൾ ശരിവച്ചുകൊണ്ട് വിജിലൻസ് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.

## Article Content

**ശബരിമല: [ **സന്നിധാനത്ത് ഭക്തർ വഴിപാടായി സമർപ്പിക്കുന്ന പൂജാദ്രവ്യങ്ങളുടെ മറവിൽ ലക്ഷക്കണക്കിന് രൂപയുടെ വൻ തട്ടിപ്പ് നടക്കുന്നതായി ദേവസ്വം വിജിലൻസ് റിപ്പോർട്ട്. പൂജാദ്രവ്യങ്ങളുടെ പേരിൽ വൻ ക്രമക്കേട് നടക്കുന്നുണ്ടെന്ന വാർത്തകൾ ശരിവച്ചുകൊണ്ട് വിജിലൻസ് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.

ഈ റിപ്പോർട്ട് ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് ഇന്ന് പരിഗണിച്ചേക്കും. തീർഥാടകരിൽ നിന്ന് വാങ്ങിയ പണത്തിന് കൃത്യമായി രസീത് നൽകാതിരുന്ന ദേവസ്വം ജീവനക്കാരനെതിരെ നടപടിയെടുക്കാൻ കഴിഞ്ഞ ഫെബ്രുവരിയിൽ വിജിലൻസ് ശുപാർശ ചെയ്തിരുന്നു.

പടിപൂജയിലും ആടിയശിഷ്ടം നെയ്യ് വിതരണത്തിലും നേരത്തെ തന്നെ തട്ടിപ്പുകൾ കണ്ടെത്തിയതിന് പിന്നാലെയാണ് ഇപ്പോൾ പൂജാസാധനങ്ങളുടെ പേരിലുള്ള പുതിയ അഴിമതിയും പുറത്തുവരുന്നത്.

പാലക്കാട് സ്വദേശിയും കൊല്ലത്തെ വ്യവസായിയുമായ സുനിൽ സ്വാമി എന്ന സുനിൽ കുമാർ വഴിപാടായി സൗജന്യമായി നൽകുന്ന പൂജാദ്രവ്യങ്ങൾ ഉപയോഗിച്ചാണ് സന്നിധാനത്ത് ഗണപതിഹോമവും നിവേദ്യങ്ങളും തയ്യാറാക്കുന്നത്.

എന്നാൽ, ഈ സാധനങ്ങൾ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാർ പണം നൽകി വാങ്ങിയതാണെന്ന് കാണിച്ച് വ്യാജ ബില്ലുകളുണ്ടാക്കി കഴിഞ്ഞ 10 വർഷമായി തട്ടിപ്പ് നടത്തുകയാണെന്ന് വിജിലൻസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഇക്കാര്യത്തിൽ സംസ്ഥാന ഓഡിറ്റ് വിഭാഗത്തിന്റെ വിശദമായ പരിശോധന വേണമെന്നും റിപ്പോർട്ടിലുണ്ട്. പ്രതിവർഷം ഏകദേശം 54 ലക്ഷം രൂപയുടെ പൂജാസാധനങ്ങളാണ് സുനിൽ സ്വാമി വഴിപാടായി നൽകുന്നത്.

സൗജന്യമായി ലഭിക്കുന്നതിനാൽ ഇവ ദേവസ്വം സ്റ്റോറിലെ കണക്കിൽ പെടാറില്ല. ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസിനും മേൽശാന്തി മുറിക്കും മധ്യേയുള്ള ഒരു എസി മുറിയിലാണ് ഈ സാധനങ്ങൾ സൂക്ഷിക്കുന്നത്. ഈ മുറി സ്വന്തം ചിലവിൽ നവീകരിച്ചു നൽകിയതും ഇതേ വ്യവസായി തന്നെയാണ്.

ഇത്തരത്തിൽ സൗജന്യമായി കിട്ടുന്ന സാധനങ്ങൾ ഉപയോഗിച്ച് നിത്യപൂജകൾ നടത്തിയ ശേഷം, അതിനായുള്ള ചെലവ് ദേവസ്വത്തിന്റെ കണക്കിൽ എഴുതിച്ചേർത്ത് തുക തട്ടിയെടുക്കുകയാണ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാർ ചെയ്യുന്നത്. നിലവിൽ 6000 രൂപയാണ് അഷ്ടാഭിഷേകത്തിന്റെ ടിക്കറ്റ് നിരക്ക്. ഇതിൽ 5700 രൂപയുടെ സാധനങ്ങൾ ദേവസ്വം സ്റ്റോറിൽ നിന്ന് എടുത്ത ശേഷം, ബാക്കി വരുന്ന 300 രൂപ പാൽ, പനിനീര്, കരിക്ക് എന്നിവ വാങ്ങാനായി ഉപയോഗിച്ചെന്ന് വ്യാജമായി എഴുതിയെടുക്കുന്നതായും വിജിലൻസ് റിപ്പോർട്ടിൽ അക്കമിട്ട് നിരത്തുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360083/corruption-that-has-been-going-on-in-sabarimala-for-ten-years-is-exposed)