---
title: "കഴുത്തിൽ തണുപ്പ് തോന്നി, കൈകൊണ്ട് തടഞ്ഞപ്പോൾ അണലി; പതിനഞ്ചുവയസുകാരി രക്ഷപെട്ടത് തലനാരിഴയ്ക്ക്"
english_title: "Girl barely escapes after being bitten by a viper in her blanket, throwing the snake away while she was sleeping"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360070/girl-barely-escapes-after-being-bitten-by-a-viper-in-her-blanket-throwing-the-snake-away-while-she-was-sleeping"
published_at: "2026-05-18T09:46:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0a930594e15_snake.jpg"
keywords: []
---

# കഴുത്തിൽ തണുപ്പ് തോന്നി, കൈകൊണ്ട് തടഞ്ഞപ്പോൾ അണലി; പതിനഞ്ചുവയസുകാരി രക്ഷപെട്ടത് തലനാരിഴയ്ക്ക്

> **Lead Summary:** **തൃശൂർ: **വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന പെൺകുട്ടി പാമ്പുകടിയേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴയിടയ്ക്ക്.

## Article Content

**തൃശൂർ: **വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന പെൺകുട്ടി പാമ്പുകടിയേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴയിടയ്ക്ക്.

നാട്ടിക വടയേരി വൈശാഖിന്റെ മകൾ വൈഗാലക്ഷ്മി(15)യെയാണ് ഭാഗ്യം തുണച്ചത്. എസ്.എസ്.എൽ.സി. പരീക്ഷയിൽ വിജയിച്ചതിന്റെ സന്തോഷത്തിലായിരുന്നു വൈഗാലക്ഷ്‌മിയും കുടുംബവും.

ഒറ്റമുറിവീട്ടിൽ സഹോദരനൊപ്പം കട്ടിലിൽ കിടന്നുറങ്ങുകയായിരുന്നു വൈഗാലക്ഷ്മി. അടുത്തുതന്നെ അച്ഛനും അമ്മയും കിടന്നുറങ്ങുന്നുണ്ടായിരുന്നു. ശനിയാഴ്ച രാത്രി ഒരുമണിയോടെയാണ് സംഭവം. ഉറക്കം വരുന്നതിനിടെയാണ് കഴുത്തിൽ ചെറിയ തണുപ്പ്‌ തോന്നിയത്.

കൈകൊണ്ട് തടവിനോക്കിയതോടെ തണുപ്പ് അടിയിലേക്കിറങ്ങി. എന്തോ ഇഴയുന്ന മാതിരി തോന്നി, പാമ്പാണെന്ന് മനസ്സിലായതോടെ കൈകൊണ്ട് പിടിച്ചെടുത്ത്‌ നിലത്തിട്ടു.

പാമ്പ്, പാമ്പ്... എന്ന്‌ പറഞ്ഞ് ശബ്‌ദമുണ്ടാക്കി. ശബ്ദം കേട്ട് എണീറ്റ വൈശാഖ് മകനെ വലിച്ചുമാറ്റി. ലൈറ്റിട്ട് മുറി പരിശോധിച്ചു. കിടക്കയിലെ വിരിയെടുത്ത് കുടഞ്ഞതോടെ പാമ്പ് പുറത്തേക്ക് ചാടി.

ചെറിയ അണലിയായിരുന്നു പുതപ്പിനിടയിലുണ്ടായിരുന്നത്. വടികൊണ്ട് പാമ്പിനെ ചെറിയ ഡപ്പിയിലാക്കിയശേഷം വൈഗാലക്ഷ്‌മിയെ വലപ്പാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. കൈയിൽ ചെറിയ മുറിവ്‌ കണ്ടതോടെ പാമ്പ് കടിച്ചോയെന്ന സംശയത്തിൽ ജൂബിലി മിഷൻ ആശുപത്രിയിലേക്ക് മാറ്റി. വിശദപരിശോധനയിൽ പാമ്പുകടിയേറ്റിട്ടില്ലെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. 24 മണിക്കൂർ നിരീക്ഷണത്തിനുശേഷം ആശുപത്രി വിടുമെന്ന് വീട്ടുകാർ പറഞ്ഞു.

നാട്ടിക സെൻററിന് പടിഞ്ഞാറുഭാഗത്ത്, മുകളിൽ ഷീറ്റ് അടിച്ച ഒരു ചെറിയ ഒറ്റമുറിവീട്ടിലാണ് ഇവർ താമസിക്കുന്നത്. മഴ പെയ്താൽ വെള്ളക്കെട്ടുള്ള സ്ഥലമാണിത്.

സ്ഥിരമായി പാമ്പുശല്യം ഉണ്ടാകാറുണ്ടെന്ന് വീട്ടുകാർ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലായി രണ്ടിലധികം അണലിക്കുഞ്ഞുങ്ങളെ പിടികൂടിയതായും വീട്ടുകാർ പറഞ്ഞു. വീട്ടിലേക്കുള്ളത് ചെറിയ ഇടവഴിയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360070/girl-barely-escapes-after-being-bitten-by-a-viper-in-her-blanket-throwing-the-snake-away-while-she-was-sleeping)