---
title: "മഴക്കാലമാണ്, എലിപ്പനിയെ കരുതിയിരിക്കാം; ലക്ഷണങ്ങളും മുൻകരുതലുകളും"
english_title: "It's the rainy season, be careful of leptospirosis; symptoms and precautions"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360067/its-the-rainy-season-be-careful-of-leptospirosis-symptoms-and-precautions"
published_at: "2026-05-18T09:39:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0a915a95f5a_dfgdf.jpg"
keywords: []
---

# മഴക്കാലമാണ്, എലിപ്പനിയെ കരുതിയിരിക്കാം; ലക്ഷണങ്ങളും മുൻകരുതലുകളും

> **Lead Summary:** **[** സംസ്ഥാനത്ത് മഴക്കാലം തുടങ്ങിയതോടെ പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഇക്കാലയളവിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്നതും മാരകമാകാൻ സാധ്യതയുള്ളതുമായ ഒരു രോഗമാണ് എലിപ്പനി .

## Article Content

**[** സംസ്ഥാനത്ത് മഴക്കാലം തുടങ്ങിയതോടെ പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഇക്കാലയളവിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്നതും മാരകമാകാൻ സാധ്യതയുള്ളതുമായ ഒരു രോഗമാണ് എലിപ്പനി .

ലെപ്‌ടോസ്‌പൈറ ജനുസ്സിൽപ്പെട്ട ഒരിനം ബാക്ടീരിയ മനുഷ്യരിൽ ഉണ്ടാക്കുന്ന ഒരു ജന്തുജന്യ രോഗമാണ് എലിപ്പനി അഥവാ ലെപ്‌റ്റോസ്‌പൈറോസിസ്. എലികളുടെ മൂത്രത്തിലൂടെയാണ് ഈ രോഗാണുക്കൾ പ്രധാനമായും പുറത്തുവരുന്നത്. എലികൾക്ക് പുറമേ അണ്ണാൻ, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസർജ്യം മുതലായവ കലർന്ന വെള്ളവുമായി സമ്പർക്കത്തിൽ വരുന്നവർക്കും ഈ രോഗം ഉണ്ടാകാം. ശരീരത്തിലുള്ള ചെറിയ മുറിവുകൾ വഴിയോ കണ്ണ്, മൂക്ക്, വായ വഴിയോ ആണ് രോഗാണുക്കൾ മനുഷ്യശരീരത്തിൽ പ്രവേശിക്കുന്നത്.

**പ്രധാന രോഗലക്ഷണങ്ങൾ**

പെട്ടെന്നുണ്ടാകുന്ന ശക്തമായ പനിയും വിറയലും.

കഠിനമായ തലവേദന, പേശീവേദന (പ്രത്യേകിച്ച് കാൽമുട്ടിന് താഴെയും നടുവിലും).

കണ്ണിന് ചുവപ്പുനിറം.

മഞ്ഞപ്പിത്തം (ത്വക്കിനും കണ്ണുകൾക്കും മഞ്ഞനിറം, മൂത്രം കടും മഞ്ഞനിറത്തിൽ പോവുക).

വിശപ്പില്ലായ്മ, മനംമറിച്ചിൽ, ഛർദ്ദി, വയറുവേദന, വയറ്റിളക്കം, ത്വക്കിൽ ചുവന്ന പാടുകൾ.

**ശ്രദ്ധിക്കുക:** ശക്തമായ പനിയോടൊപ്പം മഞ്ഞപ്പിത്തം കൂടി കാണുന്നുവെങ്കിൽ എലിപ്പനി ആകാനുള്ള സാധ്യത വളരെ കൂടുതലാണ്.

**രോഗം മാരകമാകുന്നത് എപ്പോൾ?**

ശരീരത്തിലെ ആന്തരാവയവങ്ങളായ കരൾ, ശ്വാസകോശം, വൃക്കകൾ, ഹൃദയം, മസ്തിഷ്കം എന്നിവയെ ബാധിക്കുമ്പോഴാണ് എലിപ്പനി ജീവന് തന്നെ ഭീഷണിയാകുന്നത്.

**കരളിനെ ബാധിക്കുമ്പോൾ: **മഞ്ഞപ്പിത്തം ഉണ്ടാകുന്നു.

**വൃക്കകളെ ബാധിക്കുമ്പോൾ:** മൂത്രത്തിന്റെ അളവ് കുറയുക, രക്തം കലർന്ന മൂത്രം പോവുക, കാലിൽ നീരുണ്ടാവുക എന്നിവ കാണപ്പെടുന്നു. ചിലരിൽ ആന്തരിക രക്തസ്രാവത്തിനും ഇത് കാരണമാകാം.

**ശ്രദ്ധിക്കേണ്ട മുൻകരുതലുകൾ**

വ്യക്തിസുരക്ഷാ ഉപാധികൾ: മലിനജലവുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നവരും, ശുചീകരണ തൊഴിലാളികളും, സന്നദ്ധ പ്രവർത്തകരും കൈയുറ, മുട്ടുവരെയുള്ള ഗംബൂട്ട് (പാദരക്ഷകൾ), മാസ്ക് എന്നിവ നിർബന്ധമായും ഉപയോഗിക്കുക.

**കുട്ടികളെ ശ്രദ്ധിക്കുക: **കെട്ടിക്കിടക്കുന്ന വെള്ളത്തിലും തോടുകളിലും കുട്ടികളെ കളിക്കാൻ അനുവദിക്കരുത്.

**കഴുകി വൃത്തിയാക്കുക:** മലിനജലത്തിലോ ഓടകളിലോ ഇറങ്ങേണ്ടി വന്നാൽ ഉടൻ തന്നെ കൈയും കാലും സോപ്പ് ഉപയോഗിച്ച് നന്നായി കഴുകണം.

പ്രതിരോധ ഗുളിക : മലിനജലവുമായി സ്ഥിരമായി സമ്പർക്കം വരുന്ന കാലയളവിൽ പരമാവധി ആറാഴ്ചത്തേക്ക്, ആഴ്ചയിലൊരിക്കൽ ഡോക്‌സിസൈക്ലിൻ 200 മില്ലീഗ്രാം  കഴിക്കേണ്ടതാണ്.

**സ്വയം ചികിത്സ അരുത്: **എലിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ഡോക്ടറെ കണ്ട് ചികിത്സ തേടുക. യാതൊരു കാരണവശാലും സ്വയം ചികിത്സ പാടില്ല.

**പ്രത്യേക നിർദ്ദേശം:** ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗനിർണയം നടത്താതെ നിർബന്ധമായും ഒരു ഡോക്ടറെ കണ്ട് പരിശോധിച്ച് മാത്രം രോഗം സ്ഥിരീകരിക്കുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360067/its-the-rainy-season-be-careful-of-leptospirosis-symptoms-and-precautions)