---
title: "അപ്രതീക്ഷിതം, അവസാന നിമിഷം; മന്ത്രിസഭയിലെ സര്‍പ്രൈസ് എന്‍ട്രിയായി ഒ.ജെ ജനീഷ്"
english_title: "oj janeesh cabinet minister"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360028/oj-janeesh-cabinet-minister"
published_at: "2026-05-17T21:23:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a09e492c725e_oj_janeesh.jpg"
keywords: []
---

# അപ്രതീക്ഷിതം, അവസാന നിമിഷം; മന്ത്രിസഭയിലെ സര്‍പ്രൈസ് എന്‍ട്രിയായി ഒ.ജെ ജനീഷ്

> **Lead Summary:** തിരുവനന്തപുരം: വി.ഡി സതീശന്‍ സര്‍ക്കാരിലെ മന്ത്രിമാരെ പ്രഖ്യാപിച്ചപ്പോള്‍ അപ്രതീക്ഷിത എന്‍ട്രിയായിരുന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഒ.ജെ ജനീഷിന്റേത്. പലരുടെയും പേരുകള്‍ മാറിമറിഞ്ഞ മന്ത്രിചര്‍ച്ചയില്‍ ആദ്യഘട്ടത്തില്‍ ജനീഷിന്റെ പേര് ഉയര്‍ന്നുവന്നിരുന്നില്ല.

## Article Content

തിരുവനന്തപുരം: വി.ഡി സതീശന്‍ സര്‍ക്കാരിലെ മന്ത്രിമാരെ പ്രഖ്യാപിച്ചപ്പോള്‍ അപ്രതീക്ഷിത എന്‍ട്രിയായിരുന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഒ.ജെ ജനീഷിന്റേത്. പലരുടെയും പേരുകള്‍ മാറിമറിഞ്ഞ മന്ത്രിചര്‍ച്ചയില്‍ ആദ്യഘട്ടത്തില്‍ ജനീഷിന്റെ പേര് ഉയര്‍ന്നുവന്നിരുന്നില്ല.

അന്തിമഘട്ടത്തിലാണ് ജനീഷിലേക്ക് ചര്‍ച്ചകളെത്തിയത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനെ മന്ത്രിസഭയിലെടുക്കാന്‍ ഈഴവ പ്രാതിനിധ്യം, തൃശൂര്‍ ജില്ലയുടെ പ്രാതിനിധ്യം എന്നിവയും പരിഗണനാ വിഷയമായി. 37കാരനായ ജനീഷ് കാബിനറ്റിലെ പ്രായം കുറഞ്ഞ അംഗമാണ്.

2023 മുതല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു ഒ.ജെ ജനീഷ്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗികാരോപണം ഉയര്‍ന്നതോടെയാണ് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ജനീഷിനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി നിയമിക്കുന്നത്.

തൃശൂര്‍ സ്വദേശിയായ ജനീഷ് കെഎസ്‌യുവിലൂടെയാണ് രാഷ്ട്രീയത്തില്‍ സജീവമായത്. പെരുമ്പാവൂര്‍ പോളിടെക്‌നിക്കിലെ കെഎസ്‌യു യൂണിറ്റ് പ്രസിഡന്റായിരുന്നു. 2007ല്‍ കെഎസ്‌യു മാള നിയോജകമണ്ഡലം പ്രസിഡന്റായും 2012ല്‍ കെഎസ്‌യു തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്റുമായി. 2017 കെഎസ്‌യു തൃശൂര്‍ ജില്ലാ പ്രസിഡന്റായി. 2010 മുതല്‍ 2012 വരെ യൂത്ത് കോണ്‍ഗ്രസ് കൊടുങ്ങല്ലൂര്‍ നിയോജകമണ്ഡലം വൈസ് പ്രസിഡന്റായിരുന്നു. 2020-23വരെ യൂത്ത് കോണ്‍ഗ്രസ് തൃശൂര്‍ ജില്ലാ പ്രസിഡന്റായും പ്രവര്‍ത്തിച്ചു.

സഭയിലെ പുതുമുഖമായ ജനീഷ് കൊടുങ്ങല്ലൂര്‍ മണ്ഡലത്തില്‍ നിന്ന് 8308 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. സിപിഐയിലെ വി.ആര്‍ സുനില്‍കുമാറിനെയാണ് പരാജയപ്പെടുത്തിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360028/oj-janeesh-cabinet-minister)