---
title: "പിണറായിക്കെതിരെ 'പിബി'യിൽ പടയൊരുക്കം; പ്രതിപക്ഷ നേതൃസ്ഥാനത്തിനെതിരെ കടുത്ത അതൃപ്തി; സി.പി.എമ്മിൽ ഭിന്നത രൂക്ഷം"
english_title: "'PB' prepares to fight against Pinarayi; Deep dissatisfaction with the opposition leadership; Disagreements intensify in CPM"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359992/pb-prepares-to-fight-against-pinarayi-deep-dissatisfaction-with-the-opposition-leadership-disagreements-intensify-in-cpm"
published_at: "2026-05-17T15:26:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0991014eba9_RETGESRG.jpg"
keywords: []
---

# പിണറായിക്കെതിരെ 'പിബി'യിൽ പടയൊരുക്കം; പ്രതിപക്ഷ നേതൃസ്ഥാനത്തിനെതിരെ കടുത്ത അതൃപ്തി; സി.പി.എമ്മിൽ ഭിന്നത രൂക്ഷം

> **Lead Summary:** തിരുവനന്തപുരം: **[** നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ, പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കിയതിനെ ചൊല്ലി സിപിഎമ്മിൽ ഭിന്നത രൂക്ഷമാകുന്നു. പോളിറ്റ് ബ്യൂറോയിലെ ഒരു വിഭാഗത്തിന്റെ ശക്തമായ എതിർപ്പ് മറികടന്നാണ് പിണറായിയെ പ്രതിപക്ഷ നേതാവായി നിശ്ചയിച്ചത്. പിബിയിലെ ഏഴ് അംഗങ്ങൾ ഈ തീരുമാനത്തെ എതിർത്തതായാണ് വിവരം.

## Article Content

തിരുവനന്തപുരം: **[** നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ, പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കിയതിനെ ചൊല്ലി സിപിഎമ്മിൽ ഭിന്നത രൂക്ഷമാകുന്നു. പോളിറ്റ് ബ്യൂറോയിലെ ഒരു വിഭാഗത്തിന്റെ ശക്തമായ എതിർപ്പ് മറികടന്നാണ് പിണറായിയെ പ്രതിപക്ഷ നേതാവായി നിശ്ചയിച്ചത്. പിബിയിലെ ഏഴ് അംഗങ്ങൾ ഈ തീരുമാനത്തെ എതിർത്തതായാണ് വിവരം.

സംഘടനാപരമായ ഇളവുകൾ നൽകി കേന്ദ്ര കമ്മിറ്റിയിൽ നിലനിർത്തുന്ന പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുന്നത് ഉചിതമല്ലെന്നാണ് എതിർക്കുന്നവരുടെ വാദം. പാർട്ടി തീരുമാനം പുനഃപരിശോധിക്കണമെന്നും പിണറായി സ്വയം മാറിനിൽക്കാൻ തയാറാകണമെന്നും പിബിയിൽ ആവശ്യമുയർന്നു.

വിവിധ ജില്ലാ നേതൃയോഗങ്ങളിൽ പിണറായി വിജയനും പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉയരുന്നത്.  പിണറായി വിജയന്റെ ശൈലിയും ഭാഷയും ജനങ്ങളിൽ വെറുപ്പുണ്ടാക്കിയെന്ന് പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തിൽ വിമർശനമുയർന്നു. പാർട്ടിയിൽ 'പിണറായി വിജയൻ മാത്രം' എന്ന ഏകാധിപത്യ രീതിയാണ് നിലനിൽക്കുന്നതെന്നും നേതാക്കൾ കുറ്റപ്പെടുത്തി.

 തെരഞ്ഞെടുപ്പിൽ പിണറായിയെ മാത്രം ഉയർത്തിക്കാട്ടിയത് തിരിച്ചടിയായി. എൽഡിഎഫിലെയും സിപിഎമ്മിലെയും മറ്റ് ജനകീയ നേതാക്കളെ പാടെ അവഗണിച്ചു.

കൊല്ലം, കോഴിക്കോട്, എറണാകുളം, കണ്ണൂർ ജില്ലാ യോഗങ്ങളിലും നേതൃത്വത്തിനെതിരെ കടുത്ത അമർഷമാണുണ്ടായത്. ജനകീയ മുഖമായ കെ.കെ. ശൈലജയെ പേരാവൂരിൽ മത്സരിപ്പിച്ച് തോൽപ്പിച്ചതിനെതിരെ കണ്ണൂരിൽ വലിയ വിമർശനമുയർന്നു. ശൈലജയെ മുൻനിർത്തി തെരഞ്ഞെടുപ്പിനെ നേരിട്ടിരുന്നെങ്കിൽ ഫലം മറ്റൊന്നാകുമായിരുന്നു എന്നാണ് ഉയർന്നുവന്ന പൊതുവികാരം.

തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പാർട്ടിക്കുള്ളിൽ പിണറായി വിജയന്റെ നേതൃത്വത്തിനെതിരെ ഉയരുന്ന ഈ പടയൊരുക്കം വരും ദിവസങ്ങളിൽ സിപിഎമ്മിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359992/pb-prepares-to-fight-against-pinarayi-deep-dissatisfaction-with-the-opposition-leadership-disagreements-intensify-in-cpm)