---
title: "'മനഃപൂർവം കത്തിച്ചതുപോലെ തോന്നുന്നു, രക്ഷാപ്രവർത്തനത്തിനെത്തിയ നാട്ടുകാരോട് കാറിനുള്ളിൽ സോന ഉള്ളതായി പറഞ്ഞില്ല'; രജിൻലാലിനെതിരെ പരാതി നൽകാൻ ഒരുങ്ങി കുടുംബം"
english_title: "kozhikode car fire pregnent women death investigation updates"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359989/kozhikode-car-fire-pregnent-women-death-investigation-updates"
published_at: "2026-05-17T15:14:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a098e6e5574c_sona__case_investigation.jpg"
keywords: ["Latest News", "Perambra Car Fire", "Sona Death", "Kozhikode"]
---

# 'മനഃപൂർവം കത്തിച്ചതുപോലെ തോന്നുന്നു, രക്ഷാപ്രവർത്തനത്തിനെത്തിയ നാട്ടുകാരോട് കാറിനുള്ളിൽ സോന ഉള്ളതായി പറഞ്ഞില്ല'; രജിൻലാലിനെതിരെ പരാതി നൽകാൻ ഒരുങ്ങി കുടുംബം

> **Lead Summary:** കോഴിക്കോട്: പേരാമ്പ്ര ചെറുവണ്ണൂർ കക്കറമുക്ക് റോഡിൽ ഓടിക്കൊണ്ടിരിക്കുന്ന കാർ കത്തി ഗർഭിണി മരിച്ച സംഭവത്തിൽ ഭർത്താവായ രജിൻലാലിനെതിരെ പോലീസിലും വനിതാ കമ്മീഷനിലും പരാതി നൽകാൻ ഒരുങ്ങി കുടുംബം. ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം രാവിലെ രംഗത്തുവന്നിരുന്നു. ഷോർട്ട് സർക്യൂട്ടാണ് കാരണമെങ്കിൽ കാർ ഇത്തരത്തിൽ കത്തില്ലെന്നും മനഃപൂർവം കത്തിച്ചതുപോലെയാണ് തോന്നുന്നതെന്നും മരിച്ച സോനയുടെ അമ്മാവൻ എ.കെ. സത്യൻ പ്രതികരിച്ചു.

## Article Content

കോഴിക്കോട്: പേരാമ്പ്ര ചെറുവണ്ണൂർ കക്കറമുക്ക് റോഡിൽ ഓടിക്കൊണ്ടിരിക്കുന്ന കാർ കത്തി ഗർഭിണി മരിച്ച സംഭവത്തിൽ ഭർത്താവായ രജിൻലാലിനെതിരെ പോലീസിലും വനിതാ കമ്മീഷനിലും പരാതി നൽകാൻ ഒരുങ്ങി കുടുംബം. ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം രാവിലെ രംഗത്തുവന്നിരുന്നു. ഷോർട്ട് സർക്യൂട്ടാണ് കാരണമെങ്കിൽ കാർ ഇത്തരത്തിൽ കത്തില്ലെന്നും മനഃപൂർവം കത്തിച്ചതുപോലെയാണ് തോന്നുന്നതെന്നും മരിച്ച സോനയുടെ അമ്മാവൻ എ.കെ. സത്യൻ പ്രതികരിച്ചു.

കാറിനുള്ളിൽ മാരകമായ എന്തോ വെച്ചിട്ടുണ്ടായിരുന്നു എന്നാണ് കരുതുന്നത്. എന്തുകൊണ്ടാണ് സോനയെ മുൻസീറ്റിൽ ഇരുത്താതെ പിന്നിൽ ഇരുത്തിയത്? അപകടത്തിൽ കുടുംബത്തിലുള്ളവർക്കെല്ലാം സംശയമുണ്ട്. രജിൻലാലിന്റെ നാട്ടുകാരും സമാന സംശയം ഉന്നയിച്ചെന്നും അദ്ദേഹം ആരോപിച്ചു. രജിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് അദ്ദേഹത്തിന്റെ കുടുംബം പറയുന്ന അറിവ് മാത്രമേ തങ്ങൾക്കുള്ളൂവെന്നും സത്യൻ പറഞ്ഞു.

അപകടമുണ്ടായപ്പോൾ തോട്ടിൽ ചാടി രക്ഷപ്പെടാനാണ് രജിൻ ശ്രമിച്ചത്. പിന്നിലെ ഡോർ തുറന്നില്ല. കാറിനുള്ളിൽ മറ്റൊരാൾ ഉള്ളതായും രക്ഷാപ്രവർത്തനത്തിനെത്തിയ നാട്ടുകാരോട് പറഞ്ഞില്ലെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തിലെ സത്യാവസ്ഥ പുറത്തുവരണം.

'സോനയും രജിൻലാലും തമ്മിലുള്ളത് പ്രണയ വിവാഹമായിരുന്നു. രജിൻലാൽ ഗൾഫിൽ ഉള്ളപ്പോഴാണ് ഇരുവരും സാമൂഹികമാധ്യമങ്ങളിലൂടെ അടുത്തത്. വിവാഹത്തിന് ഇരുവരും തയ്യാറെടുക്കുകയും ചെയ്തു. എന്നാൽ, ഇതിനിടെ രജിൻ മറ്റൊരു യുവതിയുമായി ബന്ധത്തിലായി. ആ യുവതിയെ വിവാഹം കഴിക്കാൻ രജിൻ തീരുമാനിച്ചു.

ഇതറിഞ്ഞ സോന വടകര റെയിൽവേ സ്റ്റേഷന് സമീപമെത്തി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കാൻ വരെ ശ്രമിച്ചിരുന്നു. പിന്നീട് പോലീസ് സ്റ്റേഷനിൽവെച്ച് നടത്തിയ മധ്യസ്ഥ ചർച്ചയിലാണ് സോനയെ വിവാഹം കഴിക്കാമെന്ന് രജിൻ ഉറപ്പ് നൽകിയത്. പക്ഷെ, വിവാഹത്തോട് ഇരുവീട്ടുകാർക്കും എതിർപ്പായിരുന്നു. എന്നാൽ, 2023-ൽ സോനയും രജിനും വിവാഹം റജിസ്റ്റർ ചെയ്യുകയായിരുന്നു', അദ്ദേഹം കൂട്ടിച്ചേർത്തു.

ചെറുവണ്ണൂർ കക്കറമുക്ക് റോഡിൽ വെള്ളിയാഴ്ച രാത്രി ഒൻപതോടെയാണ് കാർ കത്തിയമർന്നത്. കോഴിക്കോട്ടെ ആശുപത്രിയിൽ പോയശേഷം തിരികെ വീട്ടിലേക്കുള്ള വഴിയിൽ ചെറുവണ്ണൂരിൽനിന്ന് കക്കറമുക്ക് റോഡിലേക്ക് കടന്ന ഉടനെ വയൽപ്രദേശത്ത് ഒതയോത്തുതാഴെ ഭാഗത്താണ് കാർ കത്തിയത്. ഇവിടെനിന്ന്‌ രണ്ടുകിലോമീറ്റർ ദൂരമേ വീട്ടിലെത്താൻ ഉണ്ടായിരുന്നുള്ളൂ.

കക്കറമുക്ക് റോഡിൽ വയൽപ്രദേശത്തെ തോട്ടിനരികെയാണ് സംഭവം ഉണ്ടായതെന്നതിനാൽ ഓടിക്കൂടിയ നാട്ടുകാർക്ക് തീകെടുത്താൻ സഹായമായി. വലിയ സ്ഫോടനശബ്ദം കേട്ട് ഓടിയെത്തുമ്പോൾ കാർ ആളിക്കത്തുകയായിരുന്നുവെന്ന് രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായ സമീപ വീട്ടുകാർ നേരത്തേ പറഞ്ഞിരുന്നു.

നാട്ടുകാർ എത്തുമ്പോഴേക്കും രജിൻലാൽ കാറിൽനിന്ന്‌ ചാടി പുറത്തിറങ്ങിയിരുന്നു. കൈയുയർത്തി രക്ഷിക്കണമെന്ന് വിളിക്കുന്നുണ്ടായിരുന്നു. ശരീരത്തിലെ വസ്ത്രങ്ങളിൽ പടർന്ന തീ കത്തിക്കൊണ്ടിരുന്നതിനാൽ സമീപത്തെ തോട്ടിലേക്ക് ചാടി രജിൻലാൽതന്നെ കെടുത്തുകയായിരുന്നു. പിന്നാലെ സമീപത്തെ വീട്ടുകാരെല്ലാം ബക്കറ്റുമായെത്തി തോട്ടിൽനിന്ന്‌ വെള്ളംമുക്കി ഒഴിച്ച് അഗ്നിരക്ഷാസേന എത്തുംമുൻപ്‌ തീക്കെടുത്തി.

കാറിൽ ഒരാൾകൂടിയുണ്ടെന്ന് ആദ്യം രക്ഷാപ്രവർത്തകർക്ക് മനസ്സിലായില്ല. പിൻസീറ്റിൽ കിടക്കുകയായിരുന്നു സോന. ഇവരുടെ മുകളിലേക്ക് കാറിന്റെ മുകൾഭാഗം അടർന്നുവീഴുകയും ചെയ്തിരുന്നു. അതിനാൽ പുറത്തുനിന്നുള്ളവർക്ക് പെട്ടെന്ന് കാണാൻ കഴിയില്ലായിരുന്നു. കാറിന്റെ പിൻവാതിൽ ലോക്കായിരുന്നതിനാൽ ഏറെ നേരം പരിശ്രമിക്കേണ്ടിവന്നു. ചില്ലുപൊട്ടിച്ചാണ് ബെഡ്ഷീറ്റിൽ കിടത്തിയാണ് പുറത്തെടുത്തത്. അപ്പോഴും സോനയ്ക്ക് ജീവനുണ്ടായിരുന്നുവെന്നാണ് നാട്ടുകാർ പറഞ്ഞത്.

ഫൊറൻസിക് സംഘവും മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് കഴിഞ്ഞദിവസം പരിശോധന നടത്തിയിരുന്നു. ശനിയാഴ്ച രാവിലെ ഒമ്പതോടെയാണ് കോഴിക്കോട് ജില്ലാ ഫൊറൻസിക് യൂണിറ്റിൽനിന്നുള്ള സയന്റിഫിക് സംഘം കാർ പരിശോധിച്ച് സാമ്പിളുകൾ ശേഖരിച്ചത്. കാറിന്റെ ഉൾവശംമാത്രമാണ് പൂർണമായി കത്തിയമർന്നത്. ബോണറ്റിന്റെ എൻജിൻ ഭാഗം കത്തിയിട്ടില്ലെന്നതും പരിശോധനയിൽ കണ്ടെത്തി. ബോണറ്റിനുള്ളിലേക്ക് തീപടർന്നിട്ടുമില്ല.

അതിനാൽ തീപ്പിടിത്തം എങ്ങനെയുണ്ടായെന്നതിനെക്കുറിച്ച് വ്യക്തത വന്നിട്ടില്ല. ഫൊറൻസിക് പരിശോധനാഫലം കൂടി ലഭിച്ചാലേ കൃത്യമായ നിഗമനത്തിലെത്താൻ കഴിയൂവെന്ന് മേപ്പയ്യൂർ പോലീസ് പറഞ്ഞു. കാർ കത്തിത്തുടങ്ങുന്ന സമയത്ത് വലിയ സ്‌ഫോടനശബ്ദം കേട്ടതായി സമീപവാസികൾ പറയുന്നുണ്ട്. ഇതെങ്ങനെയുണ്ടായതാണെന്നതും വ്യക്തമല്ല. കത്താതെ ശേഷിച്ച തുണികൾ, ബാഗിന്റെ അവശിഷ്ടം, മൊബൈൽഫോൺ, കാറിലുണ്ടായിരുന്ന വെള്ളത്തിന്റെ സാംപിൾ തുടങ്ങിയവ പരിശോധനയ്ക്കായി കൊണ്ടുപോയി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359989/kozhikode-car-fire-pregnent-women-death-investigation-updates)