---
title: "ലീഗ് ഉറച്ചു...? വി.ഡി സതീശന്‍ മന്ത്രിസഭയിലെ മുസ്ലീം ലീ​ഗ് മന്ത്രിമാരുടെ പേരുകളിൽ തീരുമാനമായി, കുറ്റ്യാടി എംഎല്‍എ പാറക്കല്‍ അബ്ദുള്ള പുറത്ത് "
english_title: "The names of Muslim League ministers in the V.D. Satheesan cabinet have been decided."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359984/The-names-of-Muslim-League-ministers-in-the-VD-Satheesan-cabinet-have-been-decided"
published_at: "2026-05-17T14:30:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0986d2bfe43_league.jpg"
keywords: []
---

# ലീഗ് ഉറച്ചു...? വി.ഡി സതീശന്‍ മന്ത്രിസഭയിലെ മുസ്ലീം ലീ​ഗ് മന്ത്രിമാരുടെ പേരുകളിൽ തീരുമാനമായി, കുറ്റ്യാടി എംഎല്‍എ പാറക്കല്‍ അബ്ദുള്ള പുറത്ത് 

> **Lead Summary:** തിരുവനന്തപുരം : വി ഡി സതീശന്‍ മന്ത്രിസഭയില്‍ മുസ്ലീംലീഗിന് അഞ്ച് മന്ത്രിമാര്‍ തന്നെ. പി കെ കുഞ്ഞാലിക്കുട്ടി, പി കെ ബഷീര്‍, കെ എം ഷാജി, എന്‍ ഷംസുദ്ദീന്‍, വി ഇ അബ്ദുള്‍ ഗഫൂര്‍ എന്നിവര്‍ മന്ത്രിമാരാകും. പട്ടിക നിയുക്ത മുഖ്യമന്ത്രിക്ക് കൈമാറി. അന്തിമ പ്രഖ്യാപനം വൈകീട്ട് ഉണ്ടാകുമെന്ന് മുസ്ലിം ലീഗ് അധ്യക്ഷന്‍ സാദിഖലി തങ്ങള്‍ പ്രതികരിച്ചു.

## Article Content

തിരുവനന്തപുരം : വി ഡി സതീശന്‍ മന്ത്രിസഭയില്‍ മുസ്ലീംലീഗിന് അഞ്ച് മന്ത്രിമാര്‍ തന്നെ. പി കെ കുഞ്ഞാലിക്കുട്ടി, പി കെ ബഷീര്‍, കെ എം ഷാജി, എന്‍ ഷംസുദ്ദീന്‍, വി ഇ അബ്ദുള്‍ ഗഫൂര്‍ എന്നിവര്‍ മന്ത്രിമാരാകും. പട്ടിക നിയുക്ത മുഖ്യമന്ത്രിക്ക് കൈമാറി. അന്തിമ പ്രഖ്യാപനം വൈകീട്ട് ഉണ്ടാകുമെന്ന് മുസ്ലിം ലീഗ് അധ്യക്ഷന്‍ സാദിഖലി തങ്ങള്‍ പ്രതികരിച്ചു.

കുറ്റ്യാടി എംഎല്‍എ പാറക്കല്‍ അബ്ദുള്ള അവസാന നിമിഷം പട്ടികയില്‍ നിന്നും ഒഴിവായി. പകരം പി കെ ബഷീര്‍ ഇടംപിടിക്കുകയായിരുന്നു. അബ്ദുള്‍ ഗഫൂറിനെ ഒഴിവാക്കി എ കെ എം അഷ്‌റഫിനെ മന്ത്രിയാക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചെങ്കിലും പരിഗണിക്കപ്പെട്ടില്ല. കാസര്‍കോട് ജില്ലയില്‍ നിന്നുള്ള പ്രതിനിധിയായി എകെഎം അഷ്‌റഫിനെ മന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് പരസ്യമായി പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു.

മന്ത്രിസ്ഥാനത്തേക്ക് നിര്‍ദേശിച്ച പേരുകള്‍ സീല്‍ഡ് കവറില്‍ കൈമാറിയെന്നും സാദിഖലി തങ്ങളുടേതാണ് അന്തിമ തീരുമാനമെന്നും എം കെ മുനീര്‍ പ്രതികരിച്ചു. അഞ്ച് പേരുടെ പട്ടികയാണ് കൈമാറിയതെന്നും മുസ്ലിം ലീഗിന്റെ നിര്‍ദേശം നിയുക്ത മുഖ്യമന്ത്രി അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എം കെ മുനീര്‍ പ്രതികരിച്ചു.

**പി കെ കുഞ്ഞാലിക്കുട്ടി**

മുതിർന്ന മുസ്ലീം ലീഗ് നേതാവായ പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറം മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ്. വ്യവസായം, ഐടി തുടങ്ങി സുപ്രധാന വകുപ്പുകളായിരിക്കും കുഞ്ഞാലിക്കുട്ടി കൈകാര്യം ചെയ്യുക. പി കെ കുഞ്ഞാലിക്കുട്ടി ലോക്സഭാംഗവുമായിട്ടുണ്ട്.

**കെ എം ഷാജി**

വേങ്ങരയിൽ നിന്നുള്ള എംഎൽഎയായ കെ എം ഷാജിയുടെ നിയമസഭയിലേക്കുള്ള മൂന്നാം വരവാണിത്. മുമ്പ് കണ്ണൂർ അഴീക്കോട് മണ്ഡലത്തിൽ നിന്നാണ് കെ എം ഷാജി രണ്ട് തവണ നിയമസഭയിലെത്തിയത്. യൂത്ത് ലീഗ് മുൻ അധ്യക്ഷനാണ്.

**എൻ ഷംസുദ്ദീൻ**

മണ്ണാർക്കാട് നിന്ന് നാലാം തവണയാണ് എൻ. ഷംസുദ്ദീൻ നിയമസഭയിലേക്ക് എത്തുന്നത്. ഇത് ആദ്യമായിട്ടാണ് എൻ ഷംസുദ്ദീൻ മന്ത്രിയാകുന്നത്.

**പി കെ ബഷീർ**

മുതിർന്ന മുസ്ലീം ലീഗ് നേതാവായ പി കെ ബഷീർ ഏറനാട് എംഎൽഎയാണ്. ഇത് നാലാം തവണയാണ് ഇദ്ദേഹം നിയമസഭയിലേക്ക് എത്തുന്നത്. ലീഗിന്റെ മുതിർന്ന നേതാവായിരുന്ന സീതി ഹാജിയുടെ മകനാണ് പി കെ ബഷീർ.

**അബ്ദുൾ ഗഫൂർ**

അബ്ദുൾ ഗഫൂർ കളമശ്ശേരിയിൽ നിന്ന് ആദ്യമായി എംഎൽഎയാവുകയാണ്. മന്ത്രിയായിരുന്ന പി രാജീവിനെ പരാജയപ്പെടുത്തി. മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്‍റെ മകനാണ് അബ്ദുൾ ഗഫൂർ. എംഎസ്‍എഫിലൂടെയായിരുന്നു തുടക്കം. യൂത്ത് ലീഗിലൂടെ സജീവമായി. പഴയ ക്രിക്കറ്റ് താരം കൂടിയായിരുന്നു അബ്ദുൾ ഗഫൂർ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359984/The-names-of-Muslim-League-ministers-in-the-VD-Satheesan-cabinet-have-been-decided)