---
title: "പൊള്ളലിന് മുകളിൽ ടൂത്ത് പേസ്റ്റും എണ്ണയും പുരട്ടാറുണ്ടോ? എങ്കിൽ ഇതൊന്ന് ശ്രദ്ധിക്കൂ"
english_title: "Do you apply toothpaste and oil on a burn? If so, pay attention to this."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359969/do-you-apply-toothpaste-and-oil-on-a-burn-if-so-pay-attention-to-this"
published_at: "2026-05-17T13:00:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a09704be4707_DFGDFG.jpg"
keywords: []
---

# പൊള്ളലിന് മുകളിൽ ടൂത്ത് പേസ്റ്റും എണ്ണയും പുരട്ടാറുണ്ടോ? എങ്കിൽ ഇതൊന്ന് ശ്രദ്ധിക്കൂ

> **Lead Summary:** **[** അടുക്കളയിലോ ജോലിസ്ഥലത്തോ അല്ലെങ്കിൽ അശ്രദ്ധ മൂലമോ എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്ന ഒന്നാണ് പൊള്ളൽ. പൊള്ളലേറ്റ ഉടൻ തന്നെ നൽകുന്ന ശരിയായ പ്രഥമശുശ്രൂഷ മുറിവിന്റെ ആഴം കുറയ്ക്കാനും തടിപ്പുകളും പാടുകളും വരാതിരിക്കാനും സഹായിക്കും. പൊള്ളലേറ്റാൽ ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതുമായ പ്രധാന കാര്യങ്ങൾ എന്തൊക്കെയാണന്ന് നോക്കാം .

## Article Content

**[** അടുക്കളയിലോ ജോലിസ്ഥലത്തോ അല്ലെങ്കിൽ അശ്രദ്ധ മൂലമോ എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്ന ഒന്നാണ് പൊള്ളൽ. പൊള്ളലേറ്റ ഉടൻ തന്നെ നൽകുന്ന ശരിയായ പ്രഥമശുശ്രൂഷ മുറിവിന്റെ ആഴം കുറയ്ക്കാനും തടിപ്പുകളും പാടുകളും വരാതിരിക്കാനും സഹായിക്കും. പൊള്ളലേറ്റാൽ ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതുമായ പ്രധാന കാര്യങ്ങൾ എന്തൊക്കെയാണന്ന് നോക്കാം .

**ചെയ്യേണ്ട കാര്യങ്ങൾ**

പൊള്ളലേറ്റ ഭാഗത്ത് ഉടൻ തന്നെ പൈപ്പിലെ സാധാരണ തണുപ്പുള്ള വെള്ളം 10 മുതൽ 20 മിനിറ്റ് വരെ തുടർച്ചയായി ഒഴിക്കുക ഇത് തൊലിപ്പുറത്തെ ചൂട് കുറയ്ക്കാനും ആന്തരിക കോശങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് തടയാനും സഹായിക്കും. തുടർന്ന്, പൊള്ളലേറ്റ ഭാഗത്ത് വളകൾ, മോതിരങ്ങൾ, വാച്ച് അല്ലെങ്കിൽ ഇറുകിയ വസ്ത്രങ്ങൾ എന്നിവയുണ്ടെങ്കിൽ ശരീരം വീർത്തു വരുന്നതിനു മുൻപ് തന്നെ അവ പതുക്കെ ഊരി മാറ്റേണ്ടതാണ്.

അതിനുശേഷം മുറിവിൽ അണുബാധ ഉണ്ടാകാതിരിക്കാൻ വൃത്തിയുള്ളതും നനവില്ലാത്തതുമായ ഒരു കോട്ടൺ തുണി അല്ലെങ്കിൽ പഞ്ഞിത്തുണിയോ ഉപയോഗിച്ച് മുറിവ് പതുക്കെ മൂടിവെക്കുക. പ്രഥമശുശ്രൂഷകൾക്ക് ശേഷവും കഠിനമായ വേദനയുണ്ടെങ്കിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം വേദനയുടെ മെഡിസിന് കഴിക്കാവുന്നതാണ്.

**ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ**

പൊള്ളലേറ്റ ഭാഗത്ത് നേരിട്ട് ഐസ് കട്ടകൾ വെക്കാൻ പാടില്ല ഇത് രക്തയോട്ടം തടസ്സപ്പെടുത്തുകയും കോശങ്ങൾക്ക് കൂടുതൽ കേടുപാടുകൾ വരുത്തുകയും ചെയ്യും. അതുപോലെ പൊള്ളുമ്പോൾ തൊലിപ്പുറത്ത് ഉണ്ടാകുന്ന വെള്ളം നിറഞ്ഞ കുമിളകൾ ഒരിക്കലും സൂചിയോ മറ്റോ ഉപയോഗിച്ച് പൊട്ടിക്കരുത്, കാരണം ഇത് അണുബാധയ്ക്ക് കാരണമാകും.

കൂടാതെ മുറിവിൽ ടൂത്ത് പേസ്റ്റ്, വെണ്ണ, പേനയുടെ മഷി, എണ്ണ തുടങ്ങിയ വീട്ടുവൈദ്യങ്ങളൊന്നും പുരട്ടരുത് ഇവ തൊലിപ്പുറത്തെ ചൂട് പുറത്തുപോകുന്നത് തടഞ്ഞ് മുറിവ് കൂടുതൽ വഷളാക്കുo. വസ്ത്രം കരിഞ്ഞ് തൊലിപ്പുറത്ത് ഒട്ടിപ്പിടിച്ചിരിക്കുന്ന അവസ്ഥയാണെങ്കിൽ അത് ബലമായി വലിച്ചെടുക്കാൻ ശ്രമിക്കാതെ, വസ്ത്രത്തിന് ചുറ്റുമുള്ള ഭാഗം കത്രിക ഉപയോഗിച്ച് ശ്രദ്ധയോടെ മുറിച്ച് മാറ്റുകയാണ് ചെയ്യേണ്ടത്.

**എപ്പോഴാണ് ഡോക്ടറെ കാണേണ്ടത്?**

മുഖം, കൈകൾ, ജനനേന്ദ്രിയങ്ങൾ, അല്ലെങ്കിൽ സന്ധികൾ എന്നിവിടങ്ങളിലാണ് പൊള്ളലേറ്റതെങ്കിൽ ഒട്ടും സമയം കളയാതെ ഡോക്ടറെ കാണിക്കണം. കൂടാതെ, പൊള്ളലേറ്റ ഭാഗത്ത് തൊലി കരിഞ്ഞുപോവുകയോ, കഠിനമായ വേദനയോടൊപ്പം പഴുപ്പ് വരികയോ ചെയ്താൽ അത് ഗുരുതരമായ പൊള്ളലിന്റെ ലക്ഷണമാകാം. ഇത്തരം സാഹചര്യങ്ങളിൽ സ്വയം ചികിത്സ ഒഴിവാക്കി എത്രയും വേഗം രോഗിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുക.ചെറിയൊരു അശ്രദ്ധ പോലും വലിയ അപകടത്തിലേക്ക് നയിക്കാമെന്നതിനാൽ, പൊള്ളലേറ്റാലുടൻ പരിഭ്രാന്തരാകാതെ ശാന്തമായി ഈ പ്രഥമശുശ്രൂഷകൾ നൽകാൻ ശ്രദ്ധിക്കുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359969/do-you-apply-toothpaste-and-oil-on-a-burn-if-so-pay-attention-to-this)