---
title: "'തൊട്ടതിനും പിടിച്ചതിനും ലീഗിനെ കുറ്റപ്പെടുത്തേണ്ട'; വെള്ളാപ്പള്ളിക്ക് മറുപടിയുമായി കെ.സി, ഇത് വർഗീയതയുടെ മണ്ണല്ലെന്ന് മുന്നറിയിപ്പ്"
english_title: "'Don't blame the league for touching and holding'; KC responds to Vellappally, warns that this is not a land of communalism"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359967/dont-blame-the-league-for-touching-and-holding-kc-responds-to-vellappally-warns-that-this-is-not-a-land-of-communalism-NEW"
published_at: "2026-05-17T12:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a096f7d4299a_SFDGSDFG.jpg"
keywords: []
---

# 'തൊട്ടതിനും പിടിച്ചതിനും ലീഗിനെ കുറ്റപ്പെടുത്തേണ്ട'; വെള്ളാപ്പള്ളിക്ക് മറുപടിയുമായി കെ.സി, ഇത് വർഗീയതയുടെ മണ്ണല്ലെന്ന് മുന്നറിയിപ്പ്

> **Lead Summary:** കൊച്ചി: മുസ്ലിം ലീഗിനെ കടുത്ത ഭാഷയിൽ കടന്നാക്രമിച്ച എസ്.എൻ.ഡി.പി യോഗം മുഖപത്രം 'യോഗനാദ'ത്തിന്റെ എഡിറ്റോറിയലിനെതിരെ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ഇത്തരം വിഷം ചീറ്റുന്ന പ്രസ്താവനകൾ ഒഴിവാക്കണമെന്നും തൊട്ടതിനും പിടിച്ചതിനുമെല്ലാം മുസ്ലിം ലീഗിനെ കുറ്റപ്പെടുത്തുന്നത് നല്ല ഉദ്ദേശത്തോടെയല്ലെന്നും അദ്ദേഹം പറഞ്ഞു. കേരളം വർഗീയത പടർത്തുന്നവർക്കുള്ള മണ്ണല്ലെന്നും, സമീപകാല തെരഞ്ഞെടുപ്പ് ഫലം അത് വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം കൊച്ചിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.

## Article Content

കൊച്ചി: മുസ്ലിം ലീഗിനെ കടുത്ത ഭാഷയിൽ കടന്നാക്രമിച്ച എസ്.എൻ.ഡി.പി യോഗം മുഖപത്രം 'യോഗനാദ'ത്തിന്റെ എഡിറ്റോറിയലിനെതിരെ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ഇത്തരം വിഷം ചീറ്റുന്ന പ്രസ്താവനകൾ ഒഴിവാക്കണമെന്നും തൊട്ടതിനും പിടിച്ചതിനുമെല്ലാം മുസ്ലിം ലീഗിനെ കുറ്റപ്പെടുത്തുന്നത് നല്ല ഉദ്ദേശത്തോടെയല്ലെന്നും അദ്ദേഹം പറഞ്ഞു. കേരളം വർഗീയത പടർത്തുന്നവർക്കുള്ള മണ്ണല്ലെന്നും, സമീപകാല തെരഞ്ഞെടുപ്പ് ഫലം അത് വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം കൊച്ചിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.

അധികാരക്കസേര ഉറപ്പായതോടെ മുസ്ലിം ലീഗ് കടുത്ത ഹിന്ദു വിരുദ്ധതയിലേക്ക് മാറിയെന്നായിരുന്നു യോഗനാദത്തിലെ വിമർശനം. 'മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കില്ല' എന്ന തലക്കെട്ടിൽ യോഗനാദം മാനേജിംഗ് എഡിറ്റർ വെള്ളാപ്പള്ളി നടേശൻ എഴുതിയ എഡിറ്റോറിയലിലാണ് ലീഗിനെതിരെ കടുത്ത പരാമർശങ്ങൾ ഉന്നയിച്ചത്.

യു.ഡി.എഫിന്റെ ഏറ്റവും മികച്ച ടീമാണ് നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാൻ പോകുന്നതെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. പ്രഗത്ഭരായ മന്ത്രിമാരാണ് വരുന്നത്. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പൂർണ്ണമായും പാലിക്കുമെന്നും ആർക്കും ആശങ്ക വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല മന്ത്രിസഭയിൽ വേണമെന്നത് പാർട്ടിയുടെ ആഗ്രഹമായിരുന്നുവെന്നും അതനുസരിച്ചാണ് അദ്ദേഹം വന്നതെന്നും വേണുഗോപാൽ വ്യക്തമാക്കി. പുതിയ മന്ത്രിസഭയിൽ ആലപ്പുഴയ്ക്ക് നല്ല പ്രാതിനിധ്യം ഉണ്ടാകും. ആലപ്പുഴയ്ക്ക് നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കുക എന്നതാണ് തന്റെ പ്രധാന റോൾ. എന്നാൽ 'ആലപ്പുഴയ്ക്ക് മുഖ്യമന്ത്രി സ്ഥാനം നഷ്ടമായോ' എന്ന ചോദ്യത്തിന്, നഷ്ടങ്ങളെക്കുറിച്ച് ഇപ്പോൾ ചർച്ച ചെയ്യേണ്ടതില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359967/dont-blame-the-league-for-touching-and-holding-kc-responds-to-vellappally-warns-that-this-is-not-a-land-of-communalism-NEW)