---
title: "ഭാര്യവീട്ടിൽ ആദ്യം ജനൽച്ചില്ല് തകർത്തു, പൊലീസ് മടങ്ങിയപ്പോൾ വീണ്ടുമെത്തി സ്കൂട്ടർ കത്തിച്ച് ഭർത്താവ്"
english_title: "The husband first broke a window at his wife's house, then when the police returned, they came back and set the scooter on fire."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359963/the-husband-first-broke-a-window-at-his-wifes-house-then-when-the-police-returned-they-came-back-and-set-the-scooter-on-fire"
published_at: "2026-05-17T12:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a096aec137cc_DSGF.jpg"
keywords: []
---

# ഭാര്യവീട്ടിൽ ആദ്യം ജനൽച്ചില്ല് തകർത്തു, പൊലീസ് മടങ്ങിയപ്പോൾ വീണ്ടുമെത്തി സ്കൂട്ടർ കത്തിച്ച് ഭർത്താവ്

> **Lead Summary:** തൃശൂർ: **[**അന്തിക്കാട് പുത്തൻപീടികയിൽ ഭാര്യവീടിന് നേരെ ഭർത്താവിന്റെ ക്രൂരമായ ആക്രമണം. വീടിന്റെ ജനൽ ചില്ലുകൾ അടിച്ചുതകർത്ത പ്രതി, പോർച്ചിലിരുന്ന സ്കൂട്ടർ തീയിട്ട് നശിപ്പിച്ചു. പുത്തൻപീടിക തണ്ടാശ്ശേരി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന രാധാകൃഷ്ണന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. രാധാകൃഷ്ണന്റെ മകളുടെ ഭർത്താവായ തളിക്കുളം സ്വദേശി ഷക്കീറാണ് അക്രമം നടത്തിയതെന്ന് കുടുംബം പോലീസിൽ പരാതി നൽകി.

## Article Content

തൃശൂർ: **[**അന്തിക്കാട് പുത്തൻപീടികയിൽ ഭാര്യവീടിന് നേരെ ഭർത്താവിന്റെ ക്രൂരമായ ആക്രമണം. വീടിന്റെ ജനൽ ചില്ലുകൾ അടിച്ചുതകർത്ത പ്രതി, പോർച്ചിലിരുന്ന സ്കൂട്ടർ തീയിട്ട് നശിപ്പിച്ചു. പുത്തൻപീടിക തണ്ടാശ്ശേരി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന രാധാകൃഷ്ണന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. രാധാകൃഷ്ണന്റെ മകളുടെ ഭർത്താവായ തളിക്കുളം സ്വദേശി ഷക്കീറാണ് അക്രമം നടത്തിയതെന്ന് കുടുംബം പോലീസിൽ പരാതി നൽകി.

വെള്ളിയാഴ്ച വൈകീട്ട് 7.30 ഓടെയായിരുന്നു ആദ്യ ഘട്ട ആക്രമണം. ഈ സമയം രാധാകൃഷ്ണന്റെ ഭാര്യയും മകളും കൊച്ചുമകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അക്രമാസക്തനായി എത്തിയ ഷക്കീർ വീടിന്റെ ജനൽ ചില്ലുകൾ അടിച്ചുതകർക്കുകയായിരുന്നു. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് എത്തിയപ്പോഴേക്കും പ്രതി സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു.

പോലീസ് തിരിച്ചുപോയതിന് പിന്നാലെ, ഏതാനും മണിക്കൂറുകൾക്ക് ശേഷം ഷക്കീർ വീണ്ടും ഈ വീട്ടിൽ തിരിച്ചെത്തി. തുടർന്ന് വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനം തീയിട്ട് നശിപ്പിക്കുകയായിരുന്നു.

ഇയാൾക്ക് എതിരെ മുൻപും സമാനമായ കേസുകളുണ്ടെന്ന് കുടുംബം പറയുന്നു. പത്ത് മാസം മുൻപും ഇതേ വീട്ടിൽ കയറി ഇയാൾ ആക്രമണം നടത്തിയിരുന്നു. ഇതിന് പുറമെ യുവതി ജോലി ചെയ്യുന്ന സ്ഥാപനത്തിൽ എത്തി പ്രശ്നങ്ങൾ ഉണ്ടാക്കിയതിനും ഇയാൾക്കെതിരെ കേസുകളുണ്ട്. ഒളിവിൽ പോയ പ്രതിയെ പിടികൂടാനായുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി അന്തിക്കാട് പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359963/the-husband-first-broke-a-window-at-his-wifes-house-then-when-the-police-returned-they-came-back-and-set-the-scooter-on-fire)