---
title: "രുചിവിപ്ലവം തീർക്കാൻ നാടൻ ചെമ്മീൻ റോസ്റ്റ്; ഇന്നത്തെ ചോറിനൊപ്പം ഇതുംകൂടി ആയാലോ?"
english_title: "A local shrimp roast to complete the taste revolution; how about having this with today's rice?"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359961/a-local-shrimp-roast-to-complete-the-taste-revolution-how-about-having-this-with-todays-rice"
published_at: "2026-05-17T12:26:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a09671b30b1c_A_local_shrimp_roast_to_complete_the_taste_revolutio.jpg"
keywords: []
---

# രുചിവിപ്ലവം തീർക്കാൻ നാടൻ ചെമ്മീൻ റോസ്റ്റ്; ഇന്നത്തെ ചോറിനൊപ്പം ഇതുംകൂടി ആയാലോ?

> **Lead Summary:** കേരളീയരുടെ ഊണുമേശയിലെ എക്കാലത്തെയും സൂപ്പർസ്റ്റാറാണ് നല്ല വെളിച്ചെണ്ണയിൽ കുതിർന്ന, മസാലകൾ പൊതിഞ്ഞ ചെമ്മീൻ റോസ്റ്റ്. ആവി പറക്കുന്ന ചോറിനൊപ്പമോ, പഞ്ഞിപോലുള്ള പാലപ്പത്തിനൊപ്പമോ, ചൂട് ചപ്പാത്തിക്കൊപ്പമോ ആകട്ടെ, ഈയൊരു വിഭവം മുന്നിലുണ്ടെങ്കിൽ പിന്നെ മറ്റൊന്നും നോക്കേണ്ടതില്ല!

## Article Content

കേരളീയരുടെ ഊണുമേശയിലെ എക്കാലത്തെയും സൂപ്പർസ്റ്റാറാണ് നല്ല വെളിച്ചെണ്ണയിൽ കുതിർന്ന, മസാലകൾ പൊതിഞ്ഞ ചെമ്മീൻ റോസ്റ്റ്. ആവി പറക്കുന്ന ചോറിനൊപ്പമോ, പഞ്ഞിപോലുള്ള പാലപ്പത്തിനൊപ്പമോ, ചൂട് ചപ്പാത്തിക്കൊപ്പമോ ആകട്ടെ, ഈയൊരു വിഭവം മുന്നിലുണ്ടെങ്കിൽ പിന്നെ മറ്റൊന്നും നോക്കേണ്ടതില്ല!

നാവിൽ കപ്പലോടിക്കുന്ന രുചിയിൽ നാടൻ ചെമ്മീൻ റോസ്റ്റ് ഇനി വീട്ടിൽ തന്നെ തയ്യാറാക്കാം.

ആവശ്യമായ സാധനങ്ങൾ

ചെമ്മീൻ: 500 ഗ്രാം (വൃത്തിയാക്കിയത്)

സവാള: 2 എണ്ണം (ചെറുതായി അരിഞ്ഞത്)

ചുമന്നുള്ളി: 10-12 എണ്ണം (ചതച്ചത്)

ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്: 1 ടേബിൾസ്പൂൺ

പച്ചമുളക്: 2-3 എണ്ണം

തക്കാളി: 1 എണ്ണം (അരിഞ്ഞത്)

മുളകുപൊടി (2 ടീസ്പൂൺ),

മഞ്ഞൾപ്പൊടി 1/2 ടീസ്പൂൺ)

മല്ലിപ്പൊടി (1 ടീസ്പൂൺ)

ഗരം മസാല (1 ടീസ്പൂൺ)

കുരുമുളകുപൊടി (1ടീസ്പൂൺ)

വെളിച്ചെണ്ണ, കറിവേപ്പില, ഉപ്പ്: ആവശ്യത്തിന്

കുടംപുളി: 1 ചെറിയ കഷ്ണം

തയ്യാറാക്കുന്ന വിധം

ആദ്യം തന്നെ നന്നായി വൃത്തിയാക്കിയ ചെമ്മീനിലേക്ക് അല്പം മഞ്ഞൾപ്പൊടി, മുളകുപൊടി, നാരങ്ങാനീര് (അല്ലെങ്കിൽ വിനാഗിരി), പാകത്തിന് ഉപ്പ് എന്നിവ പുരട്ടി 15-20 മിനിറ്റ് മാറ്റിവെക്കുക.

അതിനുശേഷം ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി, ഈ ചെമ്മീൻ ഇരുവശവും നേരിയ തോതിൽ വറുത്തെടുത്ത് മറ്റൊരു പാത്രത്തിലേക്ക് മാറ്റണം. ചെമ്മീൻ കൂടുതൽ മൊരിഞ്ഞുപോയാൽ റബ്ബർ പോലെ കടുപ്പമാകുമെന്നതിനാൽ ഇത് പ്രത്യേകം ശ്രദ്ധിക്കുക.

തുടർന്ന്, അതേ എണ്ണയിലേക്ക് ചതച്ച ചുവന്നുള്ളി, സവാള, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റുക. സവാള ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റണം.

അടുത്തതായി തീ കുറച്ചതിനു ശേഷം മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി എന്നിവ ചേർത്ത് മൂപ്പിച്ചെടുക്കുക. ഇതിലേക്ക് അരിഞ്ഞുവെച്ച തക്കാളിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഉടഞ്ഞു വരുന്നത് വരെ വേവിക്കണം.

മസാല നന്നായി കുഴമ്പ് രൂപത്തിലാകുമ്പോൾ വറുത്തുവെച്ചിരിക്കുന്ന ചെമ്മീനും, ഒപ്പം ഗരം മസാലയും കുരുമുളകുപൊടിയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക (ആവശ്യമെങ്കിൽ അല്പം ചൂടുവെള്ളമോ കുടംപുളി വെള്ളമോ ഈ സമയം ചേർക്കാവുന്നതാണ്).

ഒടുവിൽ ചെറിയ തീയിൽ അടച്ചുവെച്ച് 5 മിനിറ്റ് വേവിക്കുക. മസാലയെല്ലാം ചെമ്മീനിൽ പിടിച്ച് എണ്ണ തെളിഞ്ഞു വരുമ്പോൾ, മുകളിൽ ഫ്രഷ് കറിവേപ്പിലയും ഒരു ടീസ്പൂൺ പച്ച വെളിച്ചെണ്ണയും ഒഴിച്ച് തീ അണയ്ക്കാം.

കൊതിപ്പിക്കുന്ന മണത്തോടെയും ആകർഷകമായ നിറത്തോടെയും നാടൻ ചെമ്മീൻ റോസ്റ്റ് ഇപ്പോൾ വിളമ്പാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359961/a-local-shrimp-roast-to-complete-the-taste-revolution-how-about-having-this-with-todays-rice)