---
title: "'ടീം യുഡിഎഫ് എന്നല്ലേ പറഞ്ഞത്, താനും അതിൻ്റെ ഭാഗമല്ലേ'; ടേം വ്യവസ്ഥ ഭരിക്കണമെന്ന കോൺഗ്രസ് തീരുമാനത്തിൽ കടുത്ത അതൃപ്തിയിൽ മാണി സി.കാപ്പന്‍"
english_title: "Mani C Kappan is deeply unhappy with the Congress' decision to rule under the term system"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359960/mani-c-kappan-is-deeply-unhappy-with-the-congress-decision-to-rule-under-the-term-system"
published_at: "2026-05-17T12:24:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0966bc58520_mani_c_kaapan.jpg"
keywords: []
---

# 'ടീം യുഡിഎഫ് എന്നല്ലേ പറഞ്ഞത്, താനും അതിൻ്റെ ഭാഗമല്ലേ'; ടേം വ്യവസ്ഥ ഭരിക്കണമെന്ന കോൺഗ്രസ് തീരുമാനത്തിൽ കടുത്ത അതൃപ്തിയിൽ മാണി സി.കാപ്പന്‍

> **Lead Summary:** തിരുവനന്തപുരം: സതീശൻ മന്ത്രിസഭയിൽ മാണി സി.കാപ്പനും, അനൂപ് ജേക്കബും ടേം വ്യവസ്ഥയിൽ ഭരിക്കണമെന്ന കോൺഗ്രസ് തീരുമാനത്തിൽ മാണി സി.കാപ്പന് കടുത്ത അതൃപ്തി. ഫുൾ ടേം മന്ത്രിസ്ഥാനം വേണമെന്ന് കാപ്പനും, അനൂപ് ജേക്കബും ആവശ്യപ്പെട്ടു. എന്നാൽ ഇത് പ്രായോഗികമല്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി.

## Article Content

തിരുവനന്തപുരം: സതീശൻ മന്ത്രിസഭയിൽ മാണി സി.കാപ്പനും, അനൂപ് ജേക്കബും ടേം വ്യവസ്ഥയിൽ ഭരിക്കണമെന്ന കോൺഗ്രസ് തീരുമാനത്തിൽ മാണി സി.കാപ്പന് കടുത്ത അതൃപ്തി. ഫുൾ ടേം മന്ത്രിസ്ഥാനം വേണമെന്ന് കാപ്പനും, അനൂപ് ജേക്കബും ആവശ്യപ്പെട്ടു. എന്നാൽ ഇത് പ്രായോഗികമല്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി.

ആദ്യടേമിൽ അനൂപ് ജേക്കബിനും, രണ്ടാം ടേമിൽ മാണി സി.കാപ്പനുമാവും അവസരം ലഭിക്കുക. താൻ ജയിച്ചാൽ പാലായിൽ മന്ത്രി ഉണ്ടാകുമെന്നാണ് വി.ഡി. സതീശൻ തെരഞ്ഞെടുപ്പിന് വന്നപ്പോൾ പ്രസംഗിച്ചത്. ഇങ്ങോട്ട് വന്ന കാറിൽ അല്ല കൊടിവച്ച കാറിൽ വരുമെന്നാണ് പ്രസംഗിച്ചത്.

ടീം യുഡിഎഫ് എന്നല്ലേ പറഞ്ഞത്, താനും അതിൻ്റെ ഭാഗമല്ലേ. ബിഷപ്പ് ഹൗസിൽ എത്തിയത് സഹായം അഭ്യർഥിച്ചല്ലെന്നും കാപ്പൻ പറഞ്ഞു. സതീശനും രമേശ് ചെന്നിത്തലയും വാക്ക് പാലിക്കണമെന്ന് കാപ്പൻ ആവശ്യപ്പെട്ടു. രണ്ട് ടേം വ്യവസ്ഥ അംഗീകരിക്കാൻ കഴിയില്ലെന്നും മാണി സി. കാപ്പൻ പറഞ്ഞു.

രണ്ട് മന്ത്രി സ്ഥാനം വേണമെന്ന നിലപാടില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും ഉറച്ചുനില്‍ക്കുകയാണ്. ന്യായമായ ആവശ്യമാണ് പാര്‍ട്ടി ഉന്നയിച്ചതെന്നും അനുകൂലമായ തീരുമാനം എടുക്കണമെന്ന് കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മോന്‍സ് ജോസഫ് പ്രതികരിച്ചു. ഏഴ് എംഎല്‍എമാര്‍ വിജയിച്ച സാഹചര്യത്തില്‍ ന്യായമായ ആവശ്യമാണ് പാര്‍ട്ടി ഉന്നയിച്ചതെന്നാണ് മോന്‍സ് ജോസഫ് വ്യക്തമാക്കിയത്.

കേരള കോണ്‍ഗ്രസ് ജോസഫിന് ഒരു മന്ത്രിസ്ഥാനത്തിന് പുറമെ ചീഫ് വിപ്പ് പദവി നല്‍കാനാണ് നിലവിലെ ധാരണ. രണ്ട് മന്ത്രിസ്ഥാനം കിട്ടുകയാണെങ്കില്‍ മോന്‍സ് ജോസഫിന് പുറമെ അപു ജോസഫോ തോമസ് ഉണ്ണിയാടനോ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടും. മന്ത്രി സ്ഥാനം ലഭിച്ചില്ലെങ്കില്‍ ഇവരില്‍ ഒരാളാകും ചീഫ് വിപ്പാകുക. അപുവിനാണ് ചീഫ് വിപ്പ് സ്ഥാനത്തേക്ക് സാധ്യത കൂടുതലുള്ളത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359960/mani-c-kappan-is-deeply-unhappy-with-the-congress-decision-to-rule-under-the-term-system)