---
title: "ബെംഗളൂരു സർജാപൂരിൽ വറ്റിവരണ്ട തടാകക്കരയിൽ യുവതിയുടെ അസ്ഥികൂടം കണ്ടെത്തി"
english_title: "Skeleton of a young woman found on the banks of a dried-up lake in Sarjapur, Bengaluru"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359928/skeleton-of-a-young-woman-found-on-the-banks-of-a-dried-up-lake-in-sarjapur-bengaluru"
published_at: "2026-05-17T08:55:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a093583a4d88_Skeleton_of_a_young_woman_found_on_the_banks_of_a_dried-up_lake_in_Sarjapur,_Bengaluru.jpg"
keywords: []
---

# ബെംഗളൂരു സർജാപൂരിൽ വറ്റിവരണ്ട തടാകക്കരയിൽ യുവതിയുടെ അസ്ഥികൂടം കണ്ടെത്തി

> **Lead Summary:** ബെംഗളൂരു: ബെംഗളൂരുവിലെ സർജാപൂരിന് സമീപം മുഗളൂരുള്ള തടാകക്കരയിൽ യുവതിയുടേതെന്ന് സംശയിക്കുന്ന അസ്ഥികൂടം കണ്ടെത്തി. വറ്റിവരണ്ട തടാകത്തിന് സമീപം കന്നുകാലികളെ മേയ്ക്കാനെത്തിയവരാണ് തലയോട്ടി ഉൾപ്പെടെയുള്ള ഭാഗങ്ങൾ ആദ്യം കണ്ടത്. തുടർന്ന് ഇവർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

## Article Content

ബെംഗളൂരു: ബെംഗളൂരുവിലെ സർജാപൂരിന് സമീപം മുഗളൂരുള്ള തടാകക്കരയിൽ യുവതിയുടേതെന്ന് സംശയിക്കുന്ന അസ്ഥികൂടം കണ്ടെത്തി. വറ്റിവരണ്ട തടാകത്തിന് സമീപം കന്നുകാലികളെ മേയ്ക്കാനെത്തിയവരാണ് തലയോട്ടി ഉൾപ്പെടെയുള്ള ഭാഗങ്ങൾ ആദ്യം കണ്ടത്. തുടർന്ന് ഇവർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

കണ്ടെത്തിയ അവശിഷ്ടങ്ങൾക്ക് കുറഞ്ഞത് മൂന്ന് മാസമെങ്കിലും പഴക്കമുണ്ടാകുമെന്നാണ് കരുതുന്നത്. മരിച്ച വ്യക്തിക്ക് 25-നും 35-നും ഇടയിൽ പ്രായമുണ്ടായിരിക്കാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

സംഭവസ്ഥലത്ത് പോലീസ് നടത്തിയ വിശദമായ പരിശോധനയിൽ വറ്റിയ തടാകത്തിനകത്തു നിന്നും സമീപപ്രദേശങ്ങളിൽ നിന്നുമായി ചിതറിക്കിടക്കുന്ന നിലയിൽ മറ്റ് അസ്ഥികളും കണ്ടെടുത്തു. തലയോട്ടി, താടിയെല്ല്, കൈകാലുകളിലെ അസ്ഥികൾ എന്നിവയ്ക്ക് പുറമെ കീറിയ സാരി കഷ്ണവും സ്ത്രീകളുടെ ചെരുപ്പും സംഭവസ്ഥലത്തുണ്ടായിരുന്നു. തലയോട്ടിൽ നിന്നും വേർപെട്ട നിലയിലായിരുന്ന താടിയെല്ലിലെ മുൻനിരയിലെ അഞ്ച് പല്ലുകൾ കാണാനില്ലാത്ത അവസ്ഥയിലാണ്.

യുവതി മുൻപ് തടാകത്തിൽ മുങ്ങിമരിച്ചതാകാമെന്നും വേനൽക്കാലത്ത് ജലനിരപ്പ് താഴ്ന്നപ്പോൾ അവശിഷ്ടങ്ങൾ പുറത്തുവന്നതാകാമെന്നുമാണ് പോലീസ് സംശയിക്കുന്നത്. തടാകം വറ്റിയതോടെ തെരുവുനായ്ക്കൾ അസ്ഥികൾ കരയിലേക്ക് വലിച്ചിഴച്ചതാകാനും സാധ്യതയുണ്ട്. സംഭവസ്ഥലത്തുനിന്ന് ലഭിച്ച സാരിയും ചെരുപ്പും അടിസ്ഥാനമാക്കിയാണ് ഇത് സ്ത്രീയുടേതാണെന്ന് പോലീസ് സ്ഥിരീകരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359928/skeleton-of-a-young-woman-found-on-the-banks-of-a-dried-up-lake-in-sarjapur-bengaluru)