---
title: "കസേരയിലെ 'വെള്ളത്തുണി' ഔട്ട്; വിഐപി ലുക്കിന് പൂട്ടടിച്ച് മുഖ്യമന്ത്രി വിജയ്"
english_title: "The 'white cloth' on the chair is out; Chief Minister Vijay locks in the VIP look"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359862/the-white-cloth-on-the-chair-is-out-chief-minister-vijay-locks-in-the-vip-look"
published_at: "2026-05-16T16:51:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0853b2b6fb2_RGFWSRG.jpg"
keywords: []
---

# കസേരയിലെ 'വെള്ളത്തുണി' ഔട്ട്; വിഐപി ലുക്കിന് പൂട്ടടിച്ച് മുഖ്യമന്ത്രി വിജയ്

> **Lead Summary:** ചെന്നൈ:**[ **തമിഴ്‌നാട് ഭരണസിരാകേന്ദ്രത്തിലെ പതിറ്റാണ്ടുകൾ പഴക്കമുള്ള വിഐപി പ്രോട്ടോക്കോളുകളിൽ മാറ്റം വരുത്തി പുതിയ മുഖ്യമന്ത്രി വിജയ്. മുഖ്യമന്ത്രിയുടെ കസേരയിൽ വെള്ളത്തുണി (ടവ്വൽ) വിരിക്കുന്ന പരമ്പരാഗത രീതിയാണ് അദ്ദേഹം പൂർണ്ണമായും ഒഴിവാക്കിയത്. കൗമാരക്കാരിയായ പ്രമുഖ കാലാവസ്ഥാ പ്രവർത്തക ലിസിപ്രിയ കംഗുജത്തിന്റെ അഭ്യർത്ഥന മാനിച്ചാണ് വിജയിന്റെ ഈ അതിവേഗ നടപടി.

## Article Content

ചെന്നൈ:**[ **തമിഴ്‌നാട് ഭരണസിരാകേന്ദ്രത്തിലെ പതിറ്റാണ്ടുകൾ പഴക്കമുള്ള വിഐപി പ്രോട്ടോക്കോളുകളിൽ മാറ്റം വരുത്തി പുതിയ മുഖ്യമന്ത്രി വിജയ്. മുഖ്യമന്ത്രിയുടെ കസേരയിൽ വെള്ളത്തുണി (ടവ്വൽ) വിരിക്കുന്ന പരമ്പരാഗത രീതിയാണ് അദ്ദേഹം പൂർണ്ണമായും ഒഴിവാക്കിയത്. കൗമാരക്കാരിയായ പ്രമുഖ കാലാവസ്ഥാ പ്രവർത്തക ലിസിപ്രിയ കംഗുജത്തിന്റെ അഭ്യർത്ഥന മാനിച്ചാണ് വിജയിന്റെ ഈ അതിവേഗ നടപടി.

മന്ത്രിമാർ മുതൽ താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥർ വരെ കസേരകളിൽ വെള്ള ടവ്വൽ ഉപയോഗിക്കുന്നത് വിഐപി സംസ്‌കാരത്തിന്റെയും അധികാര ശ്രേണിയുടെയും അടയാളമാണെന്നും ഇത് മാറ്റണമെന്നുമായിരുന്നു ലിസിപ്രിയ എക്സ് (X) പ്ലാറ്റ്‌ഫോമിലൂടെ ആവശ്യപ്പെട്ടത്. മെയ് 14-ന് നടന്ന യോഗത്തിൽ വിജയിന്റെ കസേരയിൽ വെള്ള ടവ്വൽ ഉണ്ടായിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം മെയ് 15 വെള്ളിയാഴ്ച നടന്ന കൂടിക്കാഴ്ചയുടെ ചിത്രങ്ങളിൽ കസേരയിൽ നിന്ന് ടവ്വൽ പൂർണ്ണമായും ഒഴിവാക്കിയതായി കാണാം. തുടർന്ന് ലിസിപ്രിയ മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ചു.

എന്താണ് ഈ വെള്ള ടവ്വൽ സംസ്‌കാരം?

കൊളോണിയൽ കാലഘട്ടത്തിൽ ഓഫീസുകളിൽ എയർകണ്ടീഷണറുകൾ ഇല്ലാതിരുന്ന സമയത്താണ് കസേരകളിൽ കോട്ടൺ വെള്ള ടവ്വലുകൾ ഉപയോഗിച്ച് തുടങ്ങിയത്. ഇന്ത്യയിലെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയിൽ വിയർപ്പ് ആഗിരണം ചെയ്യാനും കസേരകൾ കേടാകാതിരിക്കാനുമായിരുന്നു ഇത്. പിന്നീട് ഇത് വിഐപി പദവിയുടെ പ്രതീകമായി മാറുകയും എസി ഓഫീസുകളായിട്ടും ഈ രീതി തുടരുകയുമായിരുന്നു.

തമിഴക വെട്രി കഴകം സഖ്യത്തിന്റെ നേതൃത്വത്തിൽ മെയ് 10-ന് മുഖ്യമന്ത്രിയായി അധികാരമേറ്റ വിജയ്, ആദ്യ ആഴ്ചയിൽ തന്നെ സ്കൂളുകൾക്കും ബസ് സ്റ്റാൻഡുകൾക്കും സമീപമുള്ള എഴുനൂറിലധികം ടാസ്മാക്  മദ്യശാലകൾ നിർത്തലാക്കാൻ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിഐപി സംസ്‌കാരത്തിനെതിരെയുള്ള അദ്ദേഹത്തിന്റെ പുതിയ നീക്കം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359862/the-white-cloth-on-the-chair-is-out-chief-minister-vijay-locks-in-the-vip-look)