---
title: "വീണ്ടും 'ഹോം മിനിസ്റ്റർ' ; വി ഡി സതീശൻ മന്ത്രിസഭയിൽ ആഭ്യന്തര വകുപ്പ് മന്ത്രിയായി രമേശ് ചെന്നിത്തല "
english_title: "V.D. Satheesan Ministry, Ramesh Chennithala Home Minister"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359803/vd-satheesan-ministry-ramesh-chennithala-home-minister"
published_at: "2026-05-16T13:54:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a082a1d19f31_ramesh.jpg"
keywords: []
---

# വീണ്ടും 'ഹോം മിനിസ്റ്റർ' ; വി ഡി സതീശൻ മന്ത്രിസഭയിൽ ആഭ്യന്തര വകുപ്പ് മന്ത്രിയായി രമേശ് ചെന്നിത്തല 

> **Lead Summary:** **തിരുവനന്തപുരം: ( **[www.truevisionnews.com)]** **വി.ഡി. സതീശൻ മന്ത്രിസഭയിൽ രമേശ് ചെന്നിത്തല ആഭ്യന്തര വകുപ്പ് മന്ത്രിയാകും. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ രമേശ് ചെന്നിത്തലയ്ക്ക് ഉറപ്പുനൽകി.

## Article Content

**തിരുവനന്തപുരം: ( **[www.truevisionnews.com)]** **വി.ഡി. സതീശൻ മന്ത്രിസഭയിൽ രമേശ് ചെന്നിത്തല ആഭ്യന്തര വകുപ്പ് മന്ത്രിയാകും. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ രമേശ് ചെന്നിത്തലയ്ക്ക് ഉറപ്പുനൽകി.

അരമണിക്കൂറോളമാണ് വി.ഡി സതീശൻ-രമേശ് ചെന്നിത്തല കൂടിക്കാഴ്ച നീണ്ടുനിന്നത്. ഇതിനുപിന്നാലെയാണ് രമേശ് ചെന്നിത്തലയെ ആഭ്യന്തരവകുപ്പ് മന്ത്രിയാക്കുമെന്ന തീരുമാനം അറിയിച്ചത്.

മന്ത്രിസഭയിലേക്ക് വരണമെങ്കിൽ ആഭ്യന്തരവകുപ്പ് വേണമെന്ന് രമേശ് ചെന്നിത്തല ആവശ്യം ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാൻ നേതൃത്വം പതിവായി നീക്കം നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് മഞ്ഞുരുക്കം സാധ്യമായത്.

മന്ത്രിസഭയിലെ പ്രാതിനിധ്യത്തിനൊപ്പം, തൻ്റെ ഒപ്പമുള്ള രണ്ട് പേരെ മന്ത്രിയാക്കണമെന്നും കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ജോസഫ് വാഴയ്ക്കനെ പരിഗണിക്കണമെന്നും ചെന്നിത്തല ആവശ്യമുന്നയിച്ചിരുന്നു. ഈ കാര്യത്തിൽ ഉടൻ തീരുമാനം ആകുമെന്നാണ് ആർ.സി. ക്യാംപ് പ്രതീക്ഷിക്കുന്നത്.

ആഭ്യന്തരം വിട്ടുനൽകുന്ന കാര്യത്തിൽ വി.ഡി. സതീശൻ പൂർണ തൃപ്തനല്ലെങ്കിലും മുഖ്യമന്ത്രിപദം ലഭിച്ച സ്ഥിതിക്ക് ആഭ്യന്തരം ചെന്നിത്തലയ്ക്ക് കൊടുക്കാൻ അദ്ദേഹം നിർബന്ധിതനാകുകയായിരുന്നു. തനിക്ക് ആഭ്യന്തരമില്ലെങ്കിൽ ധനകാര്യം വേണമെന്ന് സതീശൻ നിലപാടെടുത്തെന്നാണ് റിപ്പോർട്ട്.

ആഭ്യന്തര മന്ത്രിസ്ഥാനത്തിന് പുറമേ ഒരു മന്ത്രിസ്ഥാനംകൂടി താൻ നിർദേശിക്കുന്ന ആൾക്ക് ലഭിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടതായാണ് അടുത്ത വൃത്തങ്ങളിൽനിന്ന് ലഭിക്കുന്ന സൂചന. അൻവർ സാദത്ത്, ഐ.സി. ബാലകൃഷ്ണൻ എന്നീ പേരുകളാണ് ഈ സ്ഥാനത്തേക്ക് ഉയർന്നുകേൾക്കുന്നത്. എന്നാൽ, ഇക്കാര്യം പരിഗണിക്കുമോ എന്നതിൽ ഉറപ്പില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359803/vd-satheesan-ministry-ramesh-chennithala-home-minister)