---
title: "‘തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം മണ്ഡലം ശ്രദ്ധിച്ചാൽ പോരാ’; ബിജെപി കോർ കമ്മിറ്റിയിൽ സുരേന്ദ്രനും ശോഭ സുരേന്ദ്രനുമെതിരെ രൂക്ഷവിമർശനം"
english_title: "BJP core committee strongly criticizes K Surendran and Shobha"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359727/bjp-core-committee-strongly-criticizes-k-surendran-and-shobha-new"
published_at: "2026-05-16T09:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a07f217c7644_BJP_core_committee_strongly_criticizes_K_Surendran_and_Shobha.jpg"
keywords: []
---

# ‘തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം മണ്ഡലം ശ്രദ്ധിച്ചാൽ പോരാ’; ബിജെപി കോർ കമ്മിറ്റിയിൽ സുരേന്ദ്രനും ശോഭ സുരേന്ദ്രനുമെതിരെ രൂക്ഷവിമർശനം

> **Lead Summary:** തിരുവനന്തപുരം: ബിജെപിക്കു ഏറെ വിജയപ്രതീക്ഷയുണ്ടായിരുന്ന പാലക്കാടും മഞ്ചേശ്വരത്തും കനത്ത തോൽവിയുണ്ടായതിൽ കെ. സുരേന്ദ്രനും ശോഭ സുരേന്ദ്രനും ബിജെപി കോർ കമ്മിറ്റിയിൽ കനത്ത വിമർശനം. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം മണ്ഡലത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ പോരെന്നു സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു.

## Article Content

തിരുവനന്തപുരം: ബിജെപിക്കു ഏറെ വിജയപ്രതീക്ഷയുണ്ടായിരുന്ന പാലക്കാടും മഞ്ചേശ്വരത്തും കനത്ത തോൽവിയുണ്ടായതിൽ കെ. സുരേന്ദ്രനും ശോഭ സുരേന്ദ്രനും ബിജെപി കോർ കമ്മിറ്റിയിൽ കനത്ത വിമർശനം. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം മണ്ഡലത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ പോരെന്നു സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു.

മണ്ഡലത്തിൽ നേരത്തെ തന്നെ സജീവമായി പ്രവർത്തിച്ചിരുന്നെങ്കിൽ ജയം ഉറപ്പാക്കാമായിരുന്നുവെന്നും, കഴക്കൂട്ടത്ത് വി. മുരളീധരനും ചാത്തന്നൂരിൽ ബി. ബി. ഗോപകുമാറും അത്തരത്തിലുള്ള തുടർച്ചയായ പ്രവർത്തനത്തിലൂടെയാണ് വിജയിച്ചതെന്നും രാജീവ് ചന്ദ്രശേഖർ കോർ കമ്മിറ്റിയിൽ ഓർമിപ്പിച്ചു.

സഭയ്ക്കെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ച പി.സി.ജോർജിനും ഷോൺ ജോർജിനുമെതിരെയും വിമർശനമുണ്ടായി. സഭാവിരുദ്ധ പരാമർശങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുവെന്നു കോർ കമ്മിറ്റിയിൽ നേതാക്കൾ പറഞ്ഞു. സാഹചര്യം എതിരായിട്ടും ക്രൈസ്തവ വിഭാഗത്തിൽ നിന്നുള്ളവരുടെ വോട്ടുകൾ ലഭിച്ചു. തിരുവല്ലയിൽ അനൂപ് ആന്റണി രണ്ടാം സ്ഥാനത്തെത്തിയത് ഇതിന്റെ തെളിവാണെന്നും അഭിപ്രായമുയർന്നു.

പുതിയ സർക്കാർ അധികാരമേൽക്കും മുൻപേ സൗജന്യ ബസ് യാത്രയുടെ പേരിൽ മഹിളാ മോർച്ച നടത്തിയ സമരം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് യോഗത്തിൽ അഭിപ്രായം. ഇത്തരം സമരങ്ങൾ പാർട്ടിയെ അപഹാസ്യരാക്കുമെന്നും പ്രതിഷേധ പരിപാടികൾ പാർട്ടിയുമായി ആലോചിച്ചേ നടപ്പാക്കാവൂവെന്നും നേതൃത്വം വ്യക്തമാക്കി.

ബിജെപിയുടെ നിയമസഭാകക്ഷി നേതാവായി വി.മുരളീധരനെ നിയോഗിക്കാൻ കോർ കമ്മിറ്റി യോഗത്തിൽ ധാരണ. ഇന്നു നടക്കുന്ന സംസ്ഥാന നേതൃയോഗത്തിൽ അന്തിമ തീരുമാനം ഉണ്ടായേക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359727/bjp-core-committee-strongly-criticizes-k-surendran-and-shobha-new)