---
title: "ഭോപ്പാലിൽ നവവധു ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ; മുൻ ജഡ്ജിക്കും അഭിഭാഷകനായ ഭർത്താവിനുമെതിരെ സ്ത്രീധനപീഡനത്തിന് കേസ്"
english_title: "Newlywed found dead in in-laws' house in Bhopal"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359715/newlywed-found-dead-in-in-laws-house-in-bhopal"
published_at: "2026-05-16T09:15:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a07e8b5b3019_1.jpg"
keywords: []
---

# ഭോപ്പാലിൽ നവവധു ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ; മുൻ ജഡ്ജിക്കും അഭിഭാഷകനായ ഭർത്താവിനുമെതിരെ സ്ത്രീധനപീഡനത്തിന് കേസ്

> **Lead Summary:** **ഭോപ്പാൽ: [** മധ്യപ്രദേശിലെ ഭോപ്പാലിൽ നവവധു ഭർതൃഗൃഹത്തിൽ ജീവനൊടുക്കിയ സംഭവത്തിൽ, റിട്ടയേർഡ് ജഡ്ജി ഉൾപ്പെടെയുള്ളവർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പെൺകുട്ടിയുടെ കുടുംബം രംഗത്ത്.

## Article Content

**ഭോപ്പാൽ: [** മധ്യപ്രദേശിലെ ഭോപ്പാലിൽ നവവധു ഭർതൃഗൃഹത്തിൽ ജീവനൊടുക്കിയ സംഭവത്തിൽ, റിട്ടയേർഡ് ജഡ്ജി ഉൾപ്പെടെയുള്ളവർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പെൺകുട്ടിയുടെ കുടുംബം രംഗത്ത്.

നോയിഡ സ്വദേശിനിയായ ട്വിഷ ശർമ (33) യെയാണ് കഴിഞ്ഞ ദിവസം ഭോപ്പാലിലെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഞ്ച് മാസം മുൻപ് അഭിഭാഷകനായ സമർഥ് സിങ്ങുമായിട്ടായിരുന്നു ട്വിഷയുടെ വിവാഹം.

തുടർച്ചയായ സ്ത്രീധന പീഡനവും മർദ്ദനവുമാണ് മകളുടെ മരണത്തിന് കാരണമായതെന്ന് കുടുംബം ആരോപിക്കുന്നു. സംഭവത്തിൽ ട്വിഷയുടെ ഭർത്താവ് സമർഥ് സിങ്, ഭർതൃമാതാവും മുൻ ജഡ്ജിയുമായ ഗിരിബാല സിങ് എന്നിവർക്കെതിരെ ആത്മഹത്യാപ്രേരണ, സ്ത്രീധനപീഡനം തുടങ്ങിയ വകുപ്പുകൾ ചുമത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം തന്നെ ട്വിഷയുടെ പിതാവ് നൽകിയ 20 ലക്ഷം രൂപയുടെ നിക്ഷേപം ആവശ്യപ്പെട്ട് ഭർത്താവും അമ്മയും ക്രൂരമായി പീഡിപ്പിച്ചിരുന്നതായി കുടുംബം പോലീസിന് മൊഴി നൽകിയിട്ടുണ്ട്.

മരണപ്പെടുന്നതിന് തൊട്ടുമുമ്പ് ചൊവ്വാഴ്ച രാത്രിയും ട്വിഷ അമ്മയെ ഫോണിൽ വിളിച്ച് താൻ നേരിടുന്ന ദുരനുഭവങ്ങൾ പങ്കുവെച്ചിരുന്നു. എന്നാൽ ഭർത്താവ് മുറിയിലേക്ക് വന്നതോടെ പെട്ടെന്ന് ഫോൺ കട്ട് ചെയ്യുകയായിരുന്നുവെന്നും, തൊട്ടുപിന്നാലെയാണ് മരണവാർത്ത അറിയുന്നതെന്നും വീട്ടുകാർ പറയുന്നു.

ട്വിഷയെ ഉടൻ ആശുപത്രിയിലെത്തിക്കാൻ ഭർതൃവീട്ടുകാർ തയ്യാറാകാതിരുന്നതിൽ ദുരൂഹതയുണ്ടെന്നും ആരോപണമുണ്ട്. അതേസമയം, പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ട്വിഷയുടേത് തൂങ്ങിമരണമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും യുവതിയുടെ ശരീരത്തിൽ മർദ്ദനമേറ്റ നിരവധി മുറിവുകളുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

കൂടാതെ മരണത്തിന് ഒരാഴ്ച മുൻപ് ട്വിഷയെ നിർബന്ധിത ഗർഭഛിദ്രത്തിന് വിധേയയാക്കിയതിന്റെ തെളിവുകളും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ച പോലീസ്, കൂടുതൽ ശാസ്ത്രീയ വിവരങ്ങൾക്കായി യുവതിയുടെ ആന്തരിക അവയവങ്ങൾ രാസപരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359715/newlywed-found-dead-in-in-laws-house-in-bhopal)