---
title: "ആത്മീയതയുടെ മറവില്‍ ലൈംഗിക സംതൃപ്തി.....! ജിന്ന് കയറിയെന്ന് വിശ്വസിപ്പിച്ച് നിരവധി സ്ത്രീകളെ പീഡിപ്പിച്ചെന്ന് കേസ്; ഇമാമിന് ജീവപര്യന്തം തടവുശിക്ഷ"
english_title: "Imam sentenced to life imprisonment for raping several women by making them believe they were possessed by a jinn"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359704/imam-sentenced-to-life-imprisonment-for-raping-several-women-by-making-them-believe-they-were-possessed-by-a-jinn"
published_at: "2026-05-16T07:42:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a07d2a7ef77b_court.jpg"
keywords: []
---

# ആത്മീയതയുടെ മറവില്‍ ലൈംഗിക സംതൃപ്തി.....! ജിന്ന് കയറിയെന്ന് വിശ്വസിപ്പിച്ച് നിരവധി സ്ത്രീകളെ പീഡിപ്പിച്ചെന്ന് കേസ്; ഇമാമിന് ജീവപര്യന്തം തടവുശിക്ഷ

> **Lead Summary:** അമാനുഷിക ശക്തിയുണ്ടെന്ന് അവകാശപ്പെട്ട് 12വയസുകാരി ഉള്‍പ്പെടെ നിരവധി സ്ത്രീകളെ പീഡിപ്പിച്ച ഇന്ത്യന്‍ വംശജനായ ഇമാമിനെ യുകെയില്‍ ജീവപര്യന്തം തടവുശിക്ഷയ്ക്ക് വിധിച്ചു. കുറഞ്ഞത് 20 വര്‍ഷമെങ്കിലും ഇയാള്‍ ജയിലില്‍ കഴിയേണ്ടി വരും.

## Article Content

അമാനുഷിക ശക്തിയുണ്ടെന്ന് അവകാശപ്പെട്ട് 12വയസുകാരി ഉള്‍പ്പെടെ നിരവധി സ്ത്രീകളെ പീഡിപ്പിച്ച ഇന്ത്യന്‍ വംശജനായ ഇമാമിനെ യുകെയില്‍ ജീവപര്യന്തം തടവുശിക്ഷയ്ക്ക് വിധിച്ചു. കുറഞ്ഞത് 20 വര്‍ഷമെങ്കിലും ഇയാള്‍ ജയിലില്‍ കഴിയേണ്ടി വരും.

ഇന്ത്യൻ വംശജനായ ഇമാം അബ്ദുൽ ഹലിം ഖാനാണ് (54) ശിക്ഷ ലഭിച്ചത്. ഒരു മതനേതാവെന്ന പദവി ദുരുപയോഗം ചെയ്തും ചതിച്ചും 7 പ്രായപൂര്‍ത്തിയായ സ്ത്രീകളേയും കുട്ടികളേയും ഉള്‍പ്പെടെ പീഡിപ്പിച്ചെന്നതാണ് ഇയാള്‍ക്കെതിരായ കുറ്റം.

ഈസ്റ്റ് ലണ്ടനിലാണ് സംഭവം. 2005 മുതല്‍ 2014 വരെയുള്ള കാലയളവിലാണ് ഇത്രയും സ്ത്രീകളെ ഇയാള്‍ ദുരുപയോഗം ചെയ്തതെന്ന് യുകെ ആസ്ഥാനമായ ‘ദി ഇന്‍ഡിപെന്‍ഡന്റ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. താന്‍ അമാനുഷികനാണെന്നും ജിന്ന് ബാധിച്ച അവസ്ഥയിലാണെന്നും ഇരകളെ പറഞ്ഞുവിശ്വസിപ്പിച്ചാണ് ഇയാള്‍ ലൈംഗിക അതിക്രമം നടത്തുന്നതെന്ന് യുകെ ആസ്ഥാനമായ സ്കൈ ന്യൂസിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

21ഓളം കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ബലാത്സംഗം, ലൈംഗിക അതിക്രമം, കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനം, എന്നിവയുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ഇമാമിനെതിരെ തെളിഞ്ഞു. ഒരു യുവതിയുടെ അണ്ഡാശയ അര്‍ബുദം സുഖപ്പെടുത്താന്‍ തനിക്കേ സാധിക്കൂവെന്ന് വിശ്വസിപ്പിച്ച് കാറില്‍ കയറ്റി വിജനമായ സ്ഥലത്തെത്തിച്ച് ബലാത്സംഗം ചെയ്തതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫ്ലാറ്റുകളിലും വിജനമായ സ്ഥലങ്ങളിലുമെത്തിച്ചാണ് ഇയാള്‍ ലൈംഗിക അതിക്രമം നടത്തിയിരുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നു.

സ്നേര്‍സ്ബ്രൂക്ക് ക്രൗണ്‍ കോടതിയാണ് അബ്ദുല്‍ ഹലിംഖാനെതിരെ ശിക്ഷ വിധിച്ചിരിക്കുന്നത്. പ്രധാനമായും ബംഗ്ലദേശ് മുസ്ലിം സമുദായത്തില്‍ നിന്നുളള സ്ത്രീകളെയും പെണ്‍കുട്ടികളേയുമാണ് ഖാന്‍ ലക്ഷ്യമിട്ടിരുന്നതെന്ന് ജഡ്ജി ലെസ്‌ലി കത്ബെര്‍ട്ട് വിധിന്യായത്തിനിടെ പറഞ്ഞു.

ആത്മീയതയുടെ മറവില്‍, വിശ്വസിച്ച പാവപ്പെട്ട സ്ത്രീകളെയെല്ലാം ലൈംഗിക സംതൃപ്തിക്കു വേണ്ടി മാത്രം ഉപയോഗിച്ചെന്നും കോടതി കൂട്ടിച്ചേര്‍ത്തു. അതിക്രമം നടത്തിയ ശേഷം കാര്യങ്ങള്‍ പുറത്തുപറഞ്ഞാല്‍ കുടുംബത്തില്‍ വലിയ ആപത്ത് വരുമെന്ന് പറഞ്ഞും ഇയാള്‍ ഇരകളെ ഭീഷണിപ്പെടുത്തി. യഥാര്‍ത്ഥത്തില്‍ ഇമാമിന് അതിമാനുഷിക ശക്തിയുണ്ടന്ന് ധരിച്ചാണ് അയാള്‍ പറഞ്ഞ സ്ഥലങ്ങളിലേക്ക് തങ്ങള്‍ എത്തിയതെന്ന് ഇരകള്‍ മൊഴി നല്‍കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359704/imam-sentenced-to-life-imprisonment-for-raping-several-women-by-making-them-believe-they-were-possessed-by-a-jinn)