---
title: "വി.ഡി സതീശൻ മന്ത്രിസഭയിൽ ആരൊക്കെ....? ഇന്ന് അറിയാം; മന്ത്രിമാരുടെ പട്ടിക നാളെ ഗവർണ്ണർക്ക് കൈമാറും, തിങ്കളാഴ്ച സത്യപ്രതിജ്ഞ"
english_title: "Today we know who is in Satheesan's cabinet List of ministers will be handed over to Governor tomorrow"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359699/today-we-know-who-is-in-satheesans-cabinet-list-of-ministers-will-be-handed-over-to-governor-tomorrow"
published_at: "2026-05-16T06:34:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a07c2c00e269_cabinet.jpg"
keywords: []
---

# വി.ഡി സതീശൻ മന്ത്രിസഭയിൽ ആരൊക്കെ....? ഇന്ന് അറിയാം; മന്ത്രിമാരുടെ പട്ടിക നാളെ ഗവർണ്ണർക്ക് കൈമാറും, തിങ്കളാഴ്ച സത്യപ്രതിജ്ഞ

> **Lead Summary:** തിരുവനന്തപുരം: വി ഡി സതീശൻ മന്ത്രിസഭയിലെ മന്ത്രിമാരുടെ മുഴുവൻ പേരുകളും ഇന്ന് പ്രഖ്യാപിക്കും. തിങ്കളാഴ്ച മുഴുവൻ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യാൻ യുഡിഎഫ് യോഗം തീരുമാനിച്ചു. മന്ത്രിമാരുടെ വകുപ്പും എണ്ണവും അന്തിമമായിട്ടില്ല. ഇക്കാര്യത്തിൽ ഉഭയകക്ഷി ചർച്ച ഇന്ന് നടക്കും. ഇന്ന് വീണ്ടും യുഡിഎഫ് യോഗവും ചേരും.

## Article Content

തിരുവനന്തപുരം: വി ഡി സതീശൻ മന്ത്രിസഭയിലെ മന്ത്രിമാരുടെ മുഴുവൻ പേരുകളും ഇന്ന് പ്രഖ്യാപിക്കും. തിങ്കളാഴ്ച മുഴുവൻ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യാൻ യുഡിഎഫ് യോഗം തീരുമാനിച്ചു. മന്ത്രിമാരുടെ വകുപ്പും എണ്ണവും അന്തിമമായിട്ടില്ല. ഇക്കാര്യത്തിൽ ഉഭയകക്ഷി ചർച്ച ഇന്ന് നടക്കും. ഇന്ന് വീണ്ടും യുഡിഎഫ് യോഗവും ചേരും.

എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ കഴിഞ്ഞ ദിവസം വൈകിട്ടോടെ തിരുവനന്തപുരത്തെത്തിയിരുന്നു. മന്ത്രിമാരുടെ പട്ടിക നാളെ ഉച്ചയോടെ ഗവർണ്ണർക്ക് കൈമാറും. 21 അംഗ മുഴുവൻ മന്ത്രിസഭയാണ് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യുക. എംഎൽഎമാരുടെ സത്യപ്രതിജ്ഞ 21 നായിരിക്കും. നയപ്രഖ്യാപന പ്രസംഗം 29 ആയിരിക്കും. ജൂൺ 5 ന് ആദ്യ ബജറ്റ് അവതരിപ്പിക്കാനുമാണ് നീക്കം.

അതേസമയം, മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ ഇടഞ്ഞ് നിൽക്കുന്ന മുതിർന്ന നേതാവ് രമേശ് ചെന്നിത്തല സതീശൻ മന്ത്രിസഭയിൽ ചേരുന്നതിൽ ഇന്ന് അന്തിമ തീരുമാനം ഉണ്ടാകും. രമേശ് ചെന്നിത്തല വഴങ്ങാനാണ് സാധ്യത. ആഭ്യന്തരവകുപ്പ് തന്നെ വേണമെന്ന് ഉറച്ച്നിൽക്കുകയാണ് ചെന്നിത്തല. തുടർ ചർച്ചകൾക്കും അനുനയ നീക്കങ്ങളും തുടരുകയാണ്. ഏത് വകുപ്പ് ഏറ്റെടുക്കും എന്നതിൽ ഇന്നത്തെ ചർച്ചകളിൽ തീരുമാനമാകും.

രമേശുമായി സംസാരിച്ചെന്നും രമ്യമായ പരിഹാരം ഉണ്ടാകുമെന്നും കെ സി വേണുഗോപാൽ പ്രതികരിച്ചു. അതിനിടെ, യുഡിഎഫിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ച മുസ്ലിം ലീഗിന് 5 മന്ത്രിമാർ വേണമെന്ന് യുഡിഎഫിനെ അറിയിച്ചു. നിലവിൽ നാല് ലീ​ഗ് മന്ത്രിമാരുടെ കാര്യത്തിൽ തീരുമാനമായി.

യുഡിഎഫുമായുള്ള യോഗത്തിന് ശേഷമാകും അഞ്ചാമത്തെ മന്ത്രിയുടെ പേര് നിശ്ചയിക്കുക. എന്നാൽ, മന്ത്രിസ്ഥാനങ്ങൾക്ക് ലീഗ് ഒരു സമ്മർദ്ദവും ചെലുത്തിയിട്ടില്ലെന്ന് തിരുവനന്തപുരത്തെത്തിയ സാദിഖലി ശിഹാബ് തങ്ങൾ പ്രതികരിച്ചു. ലീഗിന്‍റെ പേരിൽ സതീശനെതിരായ വിമർശനങ്ങൾക്ക് 'കായുള്ള മരത്തിലേ ചിലർ കല്ലെറിയൂ' എന്നായിരുന്നു തങ്ങളുടെ മറുപടി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359699/today-we-know-who-is-in-satheesans-cabinet-list-of-ministers-will-be-handed-over-to-governor-tomorrow)