---
title: "ചർച്ച തുടരുകയാണ്....! മന്ത്രിമാരെ മുഴുവൻ നാളെ പ്രഖ്യാപിക്കും, മുഖ്യമന്ത്രിക്കൊപ്പം എല്ലാ മന്ത്രിമാരുടേയും സത്യപ്രതിജ്ഞയെന്ന് അടൂർ പ്രകാശ്"
english_title: "all ministers will be sworn in on monday says udf convener Adoor Prakash"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359662/all-ministers-will-be-sworn-in-on-monday-says-udf-convener-adoor-prakash"
published_at: "2026-05-15T17:48:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a070f9f945c4_adoor_prakash.jpg"
keywords: []
---

# ചർച്ച തുടരുകയാണ്....! മന്ത്രിമാരെ മുഴുവൻ നാളെ പ്രഖ്യാപിക്കും, മുഖ്യമന്ത്രിക്കൊപ്പം എല്ലാ മന്ത്രിമാരുടേയും സത്യപ്രതിജ്ഞയെന്ന് അടൂർ പ്രകാശ്

> **Lead Summary:** തിരുവനന്തപുരം: വി.ഡി. സതീശൻസർക്കാരിലെ മന്ത്രിമാരെ മുഴുവൻ ശനിയാഴ്ച പ്രഖ്യാപിക്കുമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. എല്ലാ മന്ത്രിമാരും തിങ്കളാഴ്ച നടക്കുന്ന മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ തന്നെ സത്യപ്രതിജ്ഞ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അടൂർ പ്രകാശ്.

## Article Content

തിരുവനന്തപുരം: വി.ഡി. സതീശൻസർക്കാരിലെ മന്ത്രിമാരെ മുഴുവൻ ശനിയാഴ്ച പ്രഖ്യാപിക്കുമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. എല്ലാ മന്ത്രിമാരും തിങ്കളാഴ്ച നടക്കുന്ന മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ തന്നെ സത്യപ്രതിജ്ഞ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അടൂർ പ്രകാശ്.

'ഔദ്യോഗിക യുഡിഎഫ് യോഗമാണ് ഇന്ന് ചേർന്നത്. ശനിയാഴ്ച വീണ്ടും യുഡിഎഫ് യോഗം ചേർന്ന് മന്ത്രിമാരുടെ കാര്യത്തിൽ തീരുമാനം കൈക്കൊള്ളും. തിങ്കളാഴ്ച സത്യപ്രതിജ്ഞയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പ് നടക്കുന്നുണ്ട്. മുഖ്യമന്ത്രിക്കൊപ്പം യുഡിഎഫിന്റെ വിവിധ നേതാക്കളും സത്യപ്രതിജ്ഞ ചെയ്യാനുള്ള അവസരം ഉണ്ടാക്കിയിരിക്കും. ശനിയാഴ്ച വിശദമായി കാര്യങ്ങൾ പറയാം. ഫുൾ കാബിനറ്റിനെക്കുറിച്ച് ശനിയാഴ്ച എല്ലാ കാര്യങ്ങളും പറയും. കൂടുതൽ ചർച്ചകൾ നടന്നിട്ടില്ല. ഔദ്യോഗിക യോഗം മാത്രമായിരുന്നു ഇന്ന് നടന്നത്'- അടൂർ പ്രകാശ് പറഞ്ഞു.

ചർച്ച തുടരുമെന്നും ബാക്കി കാര്യങ്ങൾ ശനിയാഴ്ച പറയാമെന്നും മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. 'നിയുക്ത മുഖ്യമന്ത്രി എറണാകുളത്തേക്ക് പോയി. എല്ലാ യുഡിഎഫ് നേതാക്കളും എത്തിക്കൊണ്ടിരിക്കുന്നു. സാദിഖലി തങ്ങളടക്കമുള്ളവർ രാത്രിയോടെ എത്തും. ഔദ്യോഗിക തീരുമാനങ്ങളൊന്നും ഇന്ന് ഇല്ല. നാളെ വീണ്ടും ചർച്ച ചെയ്തതിന് ശേഷം മാത്രമായിരിക്കും. ചർച്ച നാളെ തുടരും. ആ കാര്യങ്ങളൊക്കെ നാളെ പത്രക്കാരുമായി പങ്കുവെച്ചാ മതി എന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടാണ് പോയത്'- പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359662/all-ministers-will-be-sworn-in-on-monday-says-udf-convener-adoor-prakash)