---
title: "മീൻ കഷണങ്ങൾ ഇനി ഇങ്ങനെ ഒരുക്കൂ; മിനിറ്റുകൾക്കുള്ളിൽ പ്ലേറ്റ് കാലിയാകും"
english_title: "Prepare fish pieces like this; your plate will be empty in minutes"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359632/prepare-fish-pieces-like-this-your-plate-will-be-empty-in-minutes"
published_at: "2026-05-15T16:22:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a06fb0a1eb25_WETFWER.jpg"
keywords: []
---

# മീൻ കഷണങ്ങൾ ഇനി ഇങ്ങനെ ഒരുക്കൂ; മിനിറ്റുകൾക്കുള്ളിൽ പ്ലേറ്റ് കാലിയാകും

> **Lead Summary:** **[**ഫിഷ് മഞ്ചൂരിയൻ എന്നത് ചൈനീസ് പാചകരീതിയും ഇന്ത്യൻ രുചിക്കൂട്ടുകളും ഒത്തുചേരുന്ന ഒരു കിടിലൻ ഇന്തോ-ചൈനീസ് വിഭവമാണ്.

## Article Content

**[**ഫിഷ് മഞ്ചൂരിയൻ എന്നത് ചൈനീസ് പാചകരീതിയും ഇന്ത്യൻ രുചിക്കൂട്ടുകളും ഒത്തുചേരുന്ന ഒരു കിടിലൻ ഇന്തോ-ചൈനീസ് വിഭവമാണ്.

നന്നായി മാരിനേറ്റ് ചെയ്ത് ക്രിസ്പിയായി വറുത്തെടുത്ത മീൻ കഷണങ്ങൾ, ഇഞ്ചി, വെളുത്തുള്ളി, പലതരം സോസുകൾ എന്നിവ ചേർത്തുള്ള സ്വാദിഷ്ടമായ ഒരു ഗ്രേവിയിൽ വഴറ്റിയെടുത്താണ് ഇത് തയ്യാറാക്കുന്നത്. ഫ്രൈഡ് റൈസ്, നൂഡിൽസ് എന്നിവയുടെ കൂടെ സൈഡ് ഡിഷ് ആയി കഴിക്കാൻ പറ്റിയ ഏറ്റവും മികച്ചൊരു വിഭവമാണിത്.

**ആവശ്യമായ സാധനങ്ങൾ**

മുള്ളില്ലാത്ത മീൻ – 250 ഗ്രാം (ചെറിയ കഷണങ്ങളാക്കിയത്)

മുട്ട – 1

കോൺഫ്ലോർ – 3 ടേബിൾസ്പൂൺ

മൈദ – 1 ടേബിൾസ്പൂൺ

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ

കുരുമുളക് പൊടി – 1 ടീസ്പൂൺ

സോയ സോസ് – 1 ടീസ്പൂൺ

ഉപ്പ് – ആവശ്യത്തിന്

എണ്ണ – വറുക്കാൻ ആവശ്യത്തിന്

വെളുത്തുള്ളി – 1 ടേബിൾസ്പൂൺ (പൊടിയായി അരിഞ്ഞത്)

ഇഞ്ചി – 1 ടീസ്പൂൺ (പൊടിയായി അരിഞ്ഞത്)

പച്ചമുളക് – 2 അല്ലെങ്കിൽ 3 (നീളത്തിൽ കീറിയത്)

സവാള – 1 (ചതുരക്കഷണങ്ങളായി അരിഞ്ഞത്)

വറ്റൽമുളക്/ക്യാപ്സിക്കം – 1 ചെറുത് (ചതുരക്കഷണങ്ങളായി അരിഞ്ഞത്)

ടൊമാറ്റോ സോസ് – 2 ടേബിൾസ്പൂൺ

ചില്ലി സോസ്  – 1 ടേബിൾസ്പൂൺ

സോയ സോസ് – 1 ടേബിൾസ്പൂൺ

വിനാഗിരി  – 1 ടീസ്പൂൺ

പഞ്ചസാര – ഒരു നുള്ള്

കോൺഫ്ലോർ മിശ്രിതം – 1 ടേബിൾസ്പൂൺ കോൺഫ്ലോർ 3 ടേബിൾസ്പൂൺ വെള്ളത്തിൽ കലക്കിയത്

സ്പ്രിംഗ് ഒണിയൻ (ഉള്ളിത്താൾ) – കാൽ കപ്പ് (അരിഞ്ഞത്)

ഉപ്പ് – ആവശ്യത്തിന്

**തയ്യാറാക്കുന്ന വിധം **

കഴുകി വൃത്തിയാക്കിയ മീൻ കഷണങ്ങളിലേക്ക് മുട്ട, കോൺഫ്ലോർ, മൈദ, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, കുരുമുളക് പൊടി, സോയ സോസ്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ഇത് 15-20 മിനിറ്റ് മാറ്റിവെക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കി, മാരിനേറ്റ് ചെയ്ത മീൻ കഷണങ്ങൾ ഇട്ട് മീഡിയം തീയിൽ ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ വറുത്തു കോരുക.

മറ്റൊരു പാനിൽ 2 ടേബിൾസ്പൂൺ എണ്ണ ചൂടാക്കുക (മീൻ വറുത്ത എണ്ണ ഉപയോഗിച്ചാൽ കൂടുതൽ രുചി കിട്ടും).ഇതിലേക്ക് അരിഞ്ഞു വെച്ച വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ ചേർത്ത് പച്ചമണം മാറുന്നത് വരെ നന്നായി വഴറ്റുക. അടുത്തതായി സവാളയും ക്യാപ്സിക്കവും ചേർക്കുക. ഇവ ഒരുപാട് വെന്തുപോകരുത്, ചെറിയൊരു കടി ഉണ്ടായിരിക്കണം.

ഇനി തീ കുറച്ച ശേഷം ടൊമാറ്റോ സോസ്, ചില്ലി സോസ്, സോയ സോസ്, വിനാഗിരി എന്നിവ ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും , ഒരു നുള്ള് പഞ്ചസാരയും ചേർക്കുക. ഗ്രേവി വേണമെന്നുണ്ടെങ്കിൽ കാൽ കപ്പ് വെള്ളം ഈ സമയത്ത് ഒഴിക്കാം.

സോസ് നന്നായി തിളച്ചു വരുമ്പോൾ, നേരത്തെ തയ്യാറാക്കി വെച്ച കോൺഫ്ലോർ-വെള്ളം മിശ്രിതം ഇതിലേക്ക് ഒഴിച്ച് ഇളക്കുക. സോസ് പെട്ടെന്ന് കട്ടിയാകാൻ തുടങ്ങും. സോസ് കുറുകി വരുമ്പോൾ വറുത്തു വെച്ചിരിക്കുന്ന മീൻ കഷണങ്ങൾ ഇതിലേക്ക് ചേർത്ത് നന്നായി യോജിപ്പിക്കുക (തീ കുറച്ചു വെക്കുക). 1-2 മിനിറ്റ് സോസ് മീനിൽ പിടിക്കുന്നത് വരെ ഇളക്കുക.

അവസാനമായി മുകളിൽ അരിഞ്ഞു വെച്ച സ്പ്രിംഗ് ഒണിയൻ വിതറി തീ ഓഫ് ചെയ്യാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359632/prepare-fish-pieces-like-this-your-plate-will-be-empty-in-minutes)