---
title: "'ഡീൻ മൂക്കാതെ പഴുത്ത നേതാവ്, എംപിയെക്കൊണ്ട് ഡിസിസിക്ക് ഒരു ഗുണവുമില്ല'; ഡീൻ കുര്യാക്കോസിനെതിരെ രൂക്ഷ വിമർശനവുമായി ഡിസിസി പ്രസിഡന്‍റ്"
english_title: "DCC President strongly criticizes Dean Kuriakose"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359599/dcc-president-strongly-criticizes-dean-kuriakose"
published_at: "2026-05-15T14:35:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a06e254051b1_deen_kuriakose.jpg"
keywords: []
---

# 'ഡീൻ മൂക്കാതെ പഴുത്ത നേതാവ്, എംപിയെക്കൊണ്ട് ഡിസിസിക്ക് ഒരു ഗുണവുമില്ല'; ഡീൻ കുര്യാക്കോസിനെതിരെ രൂക്ഷ വിമർശനവുമായി ഡിസിസി പ്രസിഡന്‍റ്

> **Lead Summary:** ഇടുക്കി: ജില്ലയിലെ കോൺഗ്രസിനുള്ളിൽ ഗ്രൂപ്പ് പോരും ഭിന്നതയും രൂക്ഷമാകുന്നു. ഇടുക്കി എംപി ഡീൻ കുര്യാക്കോസിനെതിരെ അതിരൂക്ഷമായ വിമർശനവുമായി ഡിസിസി പ്രസിഡന്റ് സി പി മാത്യു രംഗത്തെത്തി. ഡീൻ മൂക്കാതെ പഴുത്ത നേതാവാണെന്നും കഴിഞ്ഞ അഞ്ചു വർഷമായി എംപിയെക്കൊണ്ട് ഡിസിസിക്ക് ഒരു ഗുണവും ഉണ്ടായിട്ടില്ലെന്നും മാത്യു തുറന്നടിച്ചു.

## Article Content

ഇടുക്കി: ജില്ലയിലെ കോൺഗ്രസിനുള്ളിൽ ഗ്രൂപ്പ് പോരും ഭിന്നതയും രൂക്ഷമാകുന്നു. ഇടുക്കി എംപി ഡീൻ കുര്യാക്കോസിനെതിരെ അതിരൂക്ഷമായ വിമർശനവുമായി ഡിസിസി പ്രസിഡന്റ് സി പി മാത്യു രംഗത്തെത്തി. ഡീൻ മൂക്കാതെ പഴുത്ത നേതാവാണെന്നും കഴിഞ്ഞ അഞ്ചു വർഷമായി എംപിയെക്കൊണ്ട് ഡിസിസിക്ക് ഒരു ഗുണവും ഉണ്ടായിട്ടില്ലെന്നും മാത്യു തുറന്നടിച്ചു.

താൻ രാഷ്ട്രീയം തുടങ്ങുമ്പോൾ ഡീനിന് മൂന്ന് വയസ്സ് മാത്രമായിരുന്നു പ്രായമെന്നും മൂക്കാതെ പഴുത്തതിന്റെ കുഴപ്പമാണ് ഇപ്പോൾ കാണിക്കുന്നതെന്നും സി പി മാത്യു പരിഹസിച്ചു. എംപി എംപിയുടെ പണി മാത്രം നോക്കിയാൽ മതി. സംഘടനാപരമായ കാര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തനിക്കറിയാം. കഴിഞ്ഞ അഞ്ചു വർഷമായി പാർട്ടിയെ സഹായിക്കുന്ന ഒരു നിലപാടും ഡീനിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. പി ടി തോമസിന്റെ വിയർപ്പും അധ്വാനവുമാണ് ഡീൻ കുര്യാക്കോസിന്റെ എംപി സ്ഥാനമെന്നും സി പി മാത്യു പറഞ്ഞു.

നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനെ അനുകൂലിച്ച് പ്രകടനം നടത്തിയവർക്കെതിരെ ഡിസിസി എടുത്ത അച്ചടക്ക നടപടിയെ ഡീൻ കുര്യാക്കോസ് ചോദ്യം ചെയ്തതാണ് പ്രസിഡന്റിനെ പ്രകോപിപ്പിച്ചത്. എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും വിലക്കിയിട്ടും പ്രകടനം നടത്തിയവർക്കെതിരെയാണ് നടപടിയെടുത്തത്. തന്നെ ചോദ്യം ചെയ്യാൻ കെപിസിസിക്കും ഹൈക്കമാൻഡിനും മാത്രമേ അധികാരമുള്ളൂവെന്നും ഇടയ്ക്കിടെ ആരും വന്ന് ചോദ്യം ചെയ്യേണ്ടെന്നും മാത്യു വ്യക്തമാക്കി.

തെരഞ്ഞെടുപ്പിൽ ജയിച്ച എംഎൽഎമാർ എവിടെയൊക്കെ എങ്ങനെയൊക്കെയാണ് നിൽക്കുന്നതെന്ന് എല്ലാവർക്കും അറിയാമെന്നും, വെറുതെ ചൊറിഞ്ഞു മാന്തി കിട്ടിയ സൗഭാഗ്യം കളയരുത് എന്നും അദ്ദേഹം പറഞ്ഞു. മെമ്പർ ഓഫ് പാർലമെന്റ് എന്നാൽ മെമ്പർ ഓഫ് പാർലമെന്റ് തന്നെയാകണം, അല്ലാതെ മെമ്പർ ഓഫ് പഞ്ചായത്ത് ആകരുത് എന്നും സി പി മാത്യു പരിഹസിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359599/dcc-president-strongly-criticizes-dean-kuriakose)