---
title: "എപ്പോഴും ദേഷ്യവും സങ്കടവും തോന്നുന്നുണ്ടോ? കാരണം ഉറക്കമില്ലായ്മയാകാം; നിസ്സാരമായി കാണരുത്!"
english_title: "Do you always feel angry and sad? The cause could be insomnia; don't take it lightly!"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359598/do-you-always-feel-angry-and-sad-the-cause-could-be-insomnia-dont-take-it-lightly"
published_at: "2026-05-15T14:34:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a06e1f7ea725_Do_you_always_feel_angry_and_sad.jpg"
keywords: []
---

# എപ്പോഴും ദേഷ്യവും സങ്കടവും തോന്നുന്നുണ്ടോ? കാരണം ഉറക്കമില്ലായ്മയാകാം; നിസ്സാരമായി കാണരുത്!

> **Lead Summary:** **[** ഒരു മണിക്കൂർ ചെയ്യുന്ന വ്യായാമത്തേക്കാൾ പലപ്പോഴും ശരീരത്തിന് ഗുണം ചെയ്യുന്നത് ശരിയായ ഉറക്കമാണ്. ദിവസവും എട്ട് മണിക്കൂർ കൃത്യമായി ഉറങ്ങുന്ന ഒരാൾക്ക് ശാരീരികമായും മാനസികമായും മികച്ച രീതിയിൽ പ്രവർത്തിക്കാൻ സാധിക്കും.

## Article Content

**[** ഒരു മണിക്കൂർ ചെയ്യുന്ന വ്യായാമത്തേക്കാൾ പലപ്പോഴും ശരീരത്തിന് ഗുണം ചെയ്യുന്നത് ശരിയായ ഉറക്കമാണ്. ദിവസവും എട്ട് മണിക്കൂർ കൃത്യമായി ഉറങ്ങുന്ന ഒരാൾക്ക് ശാരീരികമായും മാനസികമായും മികച്ച രീതിയിൽ പ്രവർത്തിക്കാൻ സാധിക്കും.

ഇന്നത്തെ കാലത്ത് പലരും ആഗ്രഹിക്കുന്ന ഒന്നാണ് നല്ല ഉറക്കം. ജോലിഭാരവും തെറ്റായ ജീവിതശൈലിയും മാനസിക സമ്മർദ്ദങ്ങളും കാരണം പലർക്കും ഉറക്കം നഷ്ടപ്പെടുന്നു. ഉറക്കം ഉപേക്ഷിച്ച് കൂടുതൽ സമയം ജോലി ചെയ്യുന്നവരുണ്ട്, എന്നാൽ ഇത് ഉൽപ്പാദനക്ഷമതയെയും ആരോഗ്യത്തെയും മാനസികാവസ്ഥയെയും ദോഷകരമായി ബാധിക്കുമെന്ന് പലരും തിരിച്ചറിയുന്നില്ല.

ഉറക്കം എന്നത് വെറുമൊരു വിശ്രമം മാത്രമല്ല, മറിച്ച് നമ്മുടെ ആരോഗ്യത്തെ വീണ്ടെടുക്കുന്ന പ്രക്രിയയാണ്. ശരിയായ ഉറക്കം ലഭിക്കുമ്പോൾ ശരീരം സ്വയം മെച്ചപ്പെടുകയാണ് ചെയ്യുന്നത്. ഉറക്കം നഷ്ടപ്പെടുമ്പോൾ നാം അറിയാതെ തന്നെ നമ്മുടെ ആരോഗ്യവും നശിക്കുന്നു. ആരോഗ്യത്തിന് നൽകാൻ കഴിയുന്ന ഏറ്റവും വലിയ 'ഹെൽത്ത് ഹാക്ക്' ആണ് മികച്ച ഉറക്കം. ജോലിയിലും ദൈനംദിന കാര്യങ്ങളിലും മികച്ച പ്രകടനം കാഴ്ചവെക്കാൻ കൃത്യമായ ഉറക്കം അനിവാര്യമാണ്.

**ശരിയായ ഉറക്കത്തിന്റെ പ്രാധാന്യം**

1. കൃത്യമായ ഉറക്കം ലഭിച്ചാൽ അത് തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. ഓർമ്മശക്തി വർധിപ്പിക്കാൻ ഇത് സഹായകമാണ്. പകൽ നമ്മൾ പഠിക്കുന്ന കാര്യങ്ങൾ ഉറക്കത്തിനിടയിലാണ് നമ്മുടെ തലച്ചോറിൽ സൂക്ഷിച്ചുവയ്ക്കുന്നത്. നന്നായി വിശ്രമം കിട്ടിയ ബ്രെയിൻ വിവരങ്ങൾ 30% വേഗത്തിൽ വിശകലനം ചെയ്യുകയും സർഗ്ഗാത്മക ചിന്തയെ അല്ലെങ്കിൽ ക്രിയേറ്റീവ് തിങ്കിങ്ങിനെ 40% വരെ വർധിപ്പിക്കുകയും ചെയ്യുന്നു എന്ന് പഠനങ്ങൾ പറയുന്നു.

2. ഏതൊരു കാര്യത്തിലും ഏകാ​ഗ്രത ആവശ്യമാണ്. ഏകാ​ഗ്രതയില്ലെങ്കിൽ നമ്മൾ ചെയ്യുന്ന കാര്യങ്ങൾ വിജയിക്കാൻ സാധ്യമല്ല. ശരിയായ ഉറക്കം ലഭിച്ചെങ്കിൽ മാത്രമെ നമ്മുടെ ജോലിയിൽ നമുക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കുകയുള്ളൂ. അതുവഴി വേ​ഗത്തിൽ തീരുമാനങ്ങൾ എടുക്കാനും കഴിയും.

3. ഉറക്കത്തിനിടയിൽ നമ്മുടെ തലച്ചോറിലെ മാലിന്യങ്ങൾ അഥവാ ടോക്സിൻസ് നീക്കം ചെയ്യുപ്പെടുന്നുണ്ട്. ഇത് ശരിയായ ഉറക്കം ലഭിച്ചാൽ മാത്രമെ നടക്കുകയുള്ളൂ. അൽഷിമേഴ്സ് പോലുള്ള രോഗങ്ങളെ തടയാൻ ഇത് സഹായിക്കും.

4. ഉറക്കം കുറയുമ്പോൾ അത് നമ്മുടെ ശാരീരിക ആരോ​ഗ്യത്തിനൊപ്പം നമ്മുടെ പ്രതിരോധശേഷിയെയും ബാധിക്കുന്നു. ഉറക്കക്കുറവ് മൂലം രോഗപ്രതിരോധ ശേഷി കുറയാൻ സാധ്യതയുണ്ട്. ജലദോഷം മുതൽ ഗുരുതരമായ അണുബാധകൾ വരെ ഉണ്ടാകാൻ ഇത് കാരണമായേക്കാം. അതുകൊണ്ട് തന്നെ നല്ല ഉറക്കം അത്യാവശ്യമാണ്.

5. ഹൃദയാരോ​ഗ്യ സംരക്ഷണത്തിലും ഉറക്കത്തിന് മുഖ്യ പങ്കുണ്ട്. രക്തസമ്മർദ്ദം, പ്രമേഹം എന്നിവ ഹൃദയാരോ​ഗ്യത്തെ ബാധിക്കുന്നവയാണ്. ഇവ നിയന്ത്രിക്കാൻ നിങ്ങൾക്ക് സ്വാഭാവികമായി ചെയ്യാൻ കഴിയുന്ന ഒന്നാണ് ശരിയായ ഉറക്കം ലഭ്യമാക്കുക എന്നത്.

6. ശരീരഭാരം നിയന്ത്രിക്കുന്നതി നും ശരിയായ ഉറക്കം നിർബന്ധമാണ്. ഉറക്കക്കുറവ് ഉണ്ടാകുമ്പോൾ ഇത് വിശപ്പ് വർധിപ്പിക്കുന്ന ഹോർമോണുകളെ ഉത്തേജിപ്പിക്കുകയും നിങ്ങൾ അനാവശ്യമായി ഭക്ഷണം കഴിക്കുകയും ചെയ്യും. ഇത് ശരീരഭാരം കൂടാൻ കാരണമാകും.

7. മാനസികാരോ​ഗ്യത്തെയും ഉറക്കക്കുറവ് സാരമായി ബാധിക്കും. നല്ല ഉറക്കം കിട്ടുമ്പോൾ അത് മാനസിക സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കാൻ സഹായിക്കും. നിങ്ങളുടെ മൂഡ് മെച്ചപ്പെടുത്താൻ ഉറക്കം ​ഗുണകരമാണ്. ഉറക്കക്കുറവ് അനുഭവപ്പെടുമ്പോൾ ദേഷ്യം, സങ്കടം, വിഷാദം എന്നിവ ഉണ്ടാകാനുള്ള സാധ്യതയേറെയാണ്.

ചുരുക്കത്തിൽ, ഓർമ്മശക്തി, പഠനം, സർഗ്ഗാത്മകത, പ്രശ്നപരിഹാര ശേഷി എന്നിവയ്ക്ക് ഉറക്കം അത്യന്താപേക്ഷിതമാണ്. ജോലിയിൽ മികവ് പുലർത്താനും ആത്മവിശ്വാസത്തോടെയും ലക്ഷ്യബോധത്തോടെയും മുന്നോട്ട് നീങ്ങുന്ന ഈ കഴിവുകൾ കൂടിയെ തീരൂ. അതിന് കൃത്യമായ ഉറക്കം ലഭിക്കണം. മാനസികമായും ശാരീരികമായും നമുക്ക് ഉന്മേഷം നൽകാൻ ശരിയായ ഉറക്കം അനിവാര്യമാണ്. പുതിയ ആശയങ്ങളും ചിന്തകളും ഒക്കെ നമ്മുടെ മനസിലുണ്ടാകാൻ ശരിയായ ഉറക്കം ലഭിക്കണം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359598/do-you-always-feel-angry-and-sad-the-cause-could-be-insomnia-dont-take-it-lightly)