---
title: "'എല്ലാ ആളുകളെയും തൃപ്തിപ്പെടുത്താൻ സാധിക്കുമോ?;  വേണു ഗ്രൂപ്പ്, സുധാകരന്‍ ഗ്രൂപ്പ്, രമേശന്‍ ഗ്രൂപ്പ് എന്നൊന്നുമില്ല, വിയോജിപ്പുകൾ മാറ്റി പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോകും'-കെ. സുധാകരൻ"
english_title: "k sudhakaran congress internal talks kerala politics"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359550/k-sudhakaran-congress-internal-talks-kerala-politics"
published_at: "2026-05-15T11:56:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a06bcf167ff7_k_sudhakaran.jpg"
keywords: []
---

# 'എല്ലാ ആളുകളെയും തൃപ്തിപ്പെടുത്താൻ സാധിക്കുമോ?;  വേണു ഗ്രൂപ്പ്, സുധാകരന്‍ ഗ്രൂപ്പ്, രമേശന്‍ ഗ്രൂപ്പ് എന്നൊന്നുമില്ല, വിയോജിപ്പുകൾ മാറ്റി പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോകും'-കെ. സുധാകരൻ

> **Lead Summary:** **തിരുവനന്തപുരം: ( **[www.truevisionnews.com]** ) **ഡൽഹിയിലെ ചർച്ചകൾക്ക് ശേഷം കേരളത്തിൽ തിരിച്ചെത്തിയ മുതിർന്ന കോൺഗ്രസ് നേതാവ് കെ. സുധാകരൻ പാർട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങളിൽ പ്രതികരണവുമായി രംഗത്തെത്തി.

## Article Content

**തിരുവനന്തപുരം: ( **[www.truevisionnews.com]** ) **ഡൽഹിയിലെ ചർച്ചകൾക്ക് ശേഷം കേരളത്തിൽ തിരിച്ചെത്തിയ മുതിർന്ന കോൺഗ്രസ് നേതാവ് കെ. സുധാകരൻ പാർട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങളിൽ പ്രതികരണവുമായി രംഗത്തെത്തി.

കോൺഗ്രസ് പാർട്ടിക്കുള്ളിൽ എന്തെങ്കിലും അതൃപ്തി ഉണ്ടെങ്കിൽ ദിവസങ്ങൾക്കുള്ളിൽ അതെല്ലാം നിശബ്ദമാകുമെന്ന് കെ സുധാകരൻ. ഞങ്ങൾ ശക്തമായ പ്രവർത്തനത്തിലേക്ക് പോവുകയാണ്. എല്ലാവരെയും തൃപ്തിപ്പെടുത്താൻ പറ്റില്ലല്ലോ. ഞാൻ ചെന്നിത്തലയെ കാണും. ആഭ്യന്തരം മുഖ്യമന്ത്രിക്ക് തന്നെ എന്നുള്ളത് തീരുമാനിക്കേണ്ടത് ഹൈക്കമാൻഡ്. കഴിഞ്ഞദിവസം കെ സി യെ കണ്ടത് വർഷങ്ങളായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിൽ.

കെ സി പക്ഷത്തിന് മന്ത്രിസഭയിൽ ഉള്ള പ്രാതിനിധ്യം എണ്ണി നോക്കണം, തനിക്കറിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. പാര്‍ട്ടിയുടെ ഏത് തീരുമാനത്തിനൊപ്പവും ശക്തനായ ഒരു വക്താവായി താന്‍ ഉണ്ടാകുമെന്നും പുതിയ മുഖ്യമന്ത്രിക്ക് തന്റെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നും സുധാകരന്‍ പറഞ്ഞു. വിഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതില്‍ തനിക്ക് നല്ല സംതൃപ്തിയാണെന്നും സുധാകരന്‍ വ്യക്തമാക്കിയിരുന്നു.

എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകുക എന്നത് നേതൃത്വത്തിന്റെ ഉത്തരവാദിത്തമാണെന്നും തനിക്ക് നല്ല സംതൃപ്തിയാണെന്നും നല്ല ഭക്ഷണമാണ് കഴിച്ചതെന്നും സുധാകരന്‍ പറഞ്ഞു. മന്ത്രിസഭയുമായി ബന്ധപ്പെട്ട എല്ലാവരെയും പരിഗണിക്കണം. ഞാന്‍ ആര്‍ക്കുവേണ്ടിയും പറഞ്ഞിട്ടില്ല. തനിക്ക് ഗ്രൂപ്പ് ഒന്നുമില്ല. എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകും. മന്ത്രിസഭയെ കുറിച്ച് നിര്‍ദേശങ്ങള്‍ പറയും. അത് ഉള്‍ക്കൊള്ളുകയും ചെയ്യും. വേണു ഗ്രൂപ്പ്, സുധാകരന്‍ ഗ്രൂപ്പ്, രമേശന്‍ ഗ്രൂപ്പ് എന്നൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കമാന്‍ഡിന്റെ തീരുമാനം അംഗീകരിച്ചില്ലെങ്കില്‍ പാര്‍ട്ടിയില്‍ തുടരുന്നതില്‍ എന്താണര്‍ത്ഥം.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെസിയെ പരിഗണിക്കണമെന്ന് ഹൈക്കമാന്‍ഡിനോട് ആവശ്യമുന്നയിച്ചിരുന്നില്ലേ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം കെസി വേണുഗോപാലും വി ഡി സതീശനും പാര്‍ട്ടിയുടെ രണ്ട് തൂണുകളാണെന്നും സുധാകരന്‍ പറഞ്ഞു. മുഖ്യമന്ത്രി തീരുമാനത്തെ തുടര്‍ന്ന് രമേശ് ചെന്നിത്തല നിയമസഭാ കക്ഷി യോഗത്തില്‍ നിന്നുമാറി നില്‍ക്കുമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയ പാരമ്പര്യം പാര്‍ട്ടി ഒരുപാട് ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നും അത് തുടര്‍ന്നും ലഭിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359550/k-sudhakaran-congress-internal-talks-kerala-politics)