---
title: "കോഴിക്കോട് ജില്ലയിൽ അമീബിക് മസ്തിഷ്ക ജ്വരം; ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം രണ്ടായി"
english_title: "Amebic encephalitis in Kozhikode district, number of people undergoing treatment rises to two"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359473/amebic-encephalitis-in-kozhikode-district-number-of-people-undergoing-treatment-rises-to-two"
published_at: "2026-05-15T06:41:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a06743258737_amiobic.jpg"
keywords: []
---

# കോഴിക്കോട് ജില്ലയിൽ അമീബിക് മസ്തിഷ്ക ജ്വരം; ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം രണ്ടായി

> **Lead Summary:** **കോഴിക്കോട് : ** കോഴിക്കോട് ജില്ലയിൽ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം രണ്ടായി.

## Article Content

**കോഴിക്കോട് : ** കോഴിക്കോട് ജില്ലയിൽ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം രണ്ടായി.

മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ കോഴിക്കോട് കോട്ടൂർ സ്വദേശിയായ ഒൻപത് വയസ്സുകാരനു കഴിഞ്ഞ ദിവസം അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിരുന്നു.

ഇതിനു പിന്നാലെ ആലപ്പുഴയിൽ ജോലി ചെയ്യുന്ന ഫറോക്ക് സ്വദേശിയായ പത്തൊൻപതുകാരനും വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചു.

ഇദ്ദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. രോഗം സ്ഥിരീകരിച്ച രണ്ടു പേരുടെയും നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

കോട്ടൂർ സ്വദേശിയായ ഒൻപതു വയസ്സുകാരൻ കൂട്ടുകാർക്കൊപ്പം മൂന്ന് ദിവസം മുൻപ് വീടിനു സമീപത്തെ കനാലിൽ കുളിച്ചിരുന്നു. ഇവിടെ നിന്നാകാം രോഗം പിടിപെട്ടതെന്നാണ് നിഗമനം.

തലവേദനയും കടുത്ത പനിയും അനുഭവപ്പെട്ടതിനെത്തുടർന്നാണ് ഈ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പനി ഭേദമാകാതെ വന്നതോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ സ്രവ പരിശോധനയ്‌ക്ക് വിധേയനാക്കുകയായിരുന്നു. ഇതിലാണ് രോഗം സ്ഥിരീകരിച്ചത്.

രോഗം പിടിപെട്ടത് കനാലിലെ ജലത്തിൽനിന്ന് തന്നെയാണോ എന്ന് സ്ഥിരീകരിക്കാൻ ആരോഗ്യവകുപ്പ് അന്വേഷണം ഊർജിതമാക്കി. കുട്ടി കുളിച്ച കക്കോടി ബ്രാഞ്ച് കനാലിലെ വെള്ളത്തിന്റെ സാംപിൾ ശേഖരിച്ചു. ഇതിന്റെ പരിശോധനാ ഫലം വന്നാൽ മാത്രമേ ഉറവിടത്തെക്കുറിച്ച് വ്യക്തത വരികയുള്ളു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359473/amebic-encephalitis-in-kozhikode-district-number-of-people-undergoing-treatment-rises-to-two)