---
title: "'മന്ത്രിസഭയിൽ ആരു വേണമെന്ന് തീരുമാനിക്കുന്നത് മുഖ്യമന്ത്രിയാണ്'; വി ഡി സതീശന് ആശംസകൾ നേർന്ന് രമേശ് ചെന്നിത്തല "
english_title: "Ramesh Chennithala wishes VD Satheesan good luck"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359463/ramesh-chennithala-wishes-vd-satheesan-good-luck"
published_at: "2026-05-15T05:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a06679bada96_ramesh.jpg"
keywords: []
---

# 'മന്ത്രിസഭയിൽ ആരു വേണമെന്ന് തീരുമാനിക്കുന്നത് മുഖ്യമന്ത്രിയാണ്'; വി ഡി സതീശന് ആശംസകൾ നേർന്ന് രമേശ് ചെന്നിത്തല 

> **Lead Summary:** **തൃശൂർ: **ഗുരുവായൂരെത്തി നിർമാല്യം തൊഴുത് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ മാധ്യമങ്ങൾക്ക് മുഖം കൊടുക്കാതെയാണ് ചെന്നിത്തല ഗുരുവായൂരിലെത്തിയത്.

## Article Content

**തൃശൂർ: **ഗുരുവായൂരെത്തി നിർമാല്യം തൊഴുത് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ മാധ്യമങ്ങൾക്ക് മുഖം കൊടുക്കാതെയാണ് ചെന്നിത്തല ഗുരുവായൂരിലെത്തിയത്.

മടങ്ങുമ്പോൾ, മന്ത്രിസഭയിൽ ആരു വേണമെന്ന് തീരുമാനിക്കുന്നത് മുഖ്യമന്ത്രിയാണെന്ന് പ്രതികരിച്ച ചെന്നിത്തല വി ഡി സതീശന് ആശംസകൾ നേർന്നു.

പത്തു വർഷത്തെ ഇടതു ദുർഭരണത്തിൽ നിന്ന് മോചിപ്പിക്കുന്നതിനാണ് ജനവിധിയെന്നും യുഡിഎഫ് പ്രവർത്തകർ സതീശനൊപ്പമുണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു.

ഗുരുവായൂരിൽ നിർമാല്യ ദർശനത്തിന് ഇറങ്ങുമ്പോഴായിരുന്നു പ്രതികരണം. ദർശനത്തിന് ശേഷം ട്രെയിൻ മാർഗം അദ്ദേഹം തിരുവനന്തുപുരത്തേക്ക് മടങ്ങി.

മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് തഴഞ്ഞതോടെ കടുത്ത അമർഷത്തിലായിരുന്നു രമേശ് ചെന്നിത്തല. സിഎൽപി യോഗത്തിൽ പങ്കെടുക്കാതെയാണ് ചെന്നിത്തല ഗുരുവായൂരിലേക്ക് പോയിരുന്നത്. മന്ത്രിസഭയിലേക്ക് ഇല്ലെന്ന നിലപാടിൽ ചെന്നിത്തല ഉറച്ചു നിൽക്കുന്നു എന്നാണ് റിപ്പോർട്ടുകൾ.

തീരുമാനത്തിൽ അയവുവരാനുള്ള സാധ്യത നിലവിലുണ്ട്. സീനിയോറിറ്റി പരിഗണിക്കാതെ മുഖ്യമന്ത്രിയെ തീരുമാനിച്ചു എന്നാണ് ചെന്നിത്തലയുടെ പരാതി.

ഇന്നലെ ഉച്ചയ്ക്ക് 12 മണിക്ക് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചതിന് പിന്നാലെ ചെന്നിത്തല തിരുവനന്തപുരത്തെ വീട്ടിൽ നിന്ന് പോവുകയായിരുന്നു. കാത്തു നിന്ന അണികളെയോ പ്രതികരണം തേടാൻ എത്തിയ മാധ്യമങ്ങളെയോ കാണാതെ വീടിന്‍റെ പിൻഭാഗത്തു കൂടിയാണ് അദ്ദേഹം പോയത്.

മലയാള മാസം ഒന്നായതിനാൽ പതിവു ക്ഷേത്ര ദർശനം എന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. 40 വർഷം മുൻപ് ചെന്നിത്തല മന്ത്രിയാകുമ്പോൾ കെഎസ്‍യു നേതാവായിരുന്നു വി ഡി സതീശൻ .

പുതിയ മന്ത്രിസഭയിൽ വെറുമൊരു മന്ത്രിയായിരിക്കാൻ താൻ തയ്യാറല്ല എന്നാണ് ചെന്നിത്തല ഹൈക്കമാൻഡിനെ അറിയിച്ചതായാണ് റിപ്പോർട്ടുകൾ.

വിശ്വസ്തരെ മന്ത്രിസഭയിലേക്ക് നിർദേശിക്കാനും നീക്കമുണ്ട്. സിഎൽപി യോഗത്തിൽ പങ്കെടുക്കാതെ പിന്തുണക്കത്ത് നൽകി മാറി നിൽക്കുകയാണ് ചെന്നിത്തല ചെയ്തത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359463/ramesh-chennithala-wishes-vd-satheesan-good-luck)