---
title: "കൊടുങ്കാറ്റില്‍ 50 അടി ഉയരത്തില്‍ പറന്ന് യുവാവ്; അപകടം ഷീറ്റ് പറന്നുപോകാതെ ഇരിക്കാൻ കയറിൽ പിടിച്ച് നിന്നപ്പോൾ "
english_title: "A young man was blown 50 feet high in a powerful tornado"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359452/a-young-man-was-blown-50-feet-high-in-a-powerful-tornado"
published_at: "2026-05-14T22:34:00+05:30"
category: "National"
language: "ml"
image: "https://truevisionnews.com/image-uploads/6a0600e4c3193_sheet.jpg"
keywords: []
---

# കൊടുങ്കാറ്റില്‍ 50 അടി ഉയരത്തില്‍ പറന്ന് യുവാവ്; അപകടം ഷീറ്റ് പറന്നുപോകാതെ ഇരിക്കാൻ കയറിൽ പിടിച്ച് നിന്നപ്പോൾ 

> **Lead Summary:** **ബറേലി: ** ഉത്തർപ്രദേശിലെ ബറേലിയിൽ വീശിയ അതിശക്തമായ ചുഴലിക്കാറ്റിൽ 50 അടി ഉയരത്തിലേക്ക് പറന്ന്പോയി യുവാവ്. നൻഹേ മിയാൻ എന്നയാളാണ് അപകടത്തിൽ പെട്ടത്.

## Article Content

**ബറേലി: ** ഉത്തർപ്രദേശിലെ ബറേലിയിൽ വീശിയ അതിശക്തമായ ചുഴലിക്കാറ്റിൽ 50 അടി ഉയരത്തിലേക്ക് പറന്ന്പോയി യുവാവ്. നൻഹേ മിയാൻ എന്നയാളാണ് അപകടത്തിൽ പെട്ടത്.

കാറ്റിൽ ഷീറ്റ് പറന്നുപോകാതെ ഇരിക്കാൻ കയറിൽ മുറുകെ പിടിച്ചിരിക്കുകയായിരുന്നു നൻഹ. പക്ഷെ കാറ്റിന്റെ വേഗതയിൽ ഷീറ്റിനൊപ്പം നൻഹയും വായുവിലേക്ക് ഉയർന്നുപോവുകയായിരുന്നു.

ബറേലി ജില്ലയിലെ ബാമിയാന ഗ്രാമത്തിലാണ് സംഭവം. നിലത്തുവീണ നൻഹയുടെ കൈ കാലുകൾക്ക് ഒടിവുകളുണ്ട്. നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇദ്ദേഹത്തിന് സർക്കാർ മികച്ച ചികിത്സ ഉറപ്പ് നൽകി.

ഏകദേശം 30 -40 അടി ഉയരത്തിൽ പറന്നു പൊങ്ങിയതായി നൻഹ മാധ്യമങ്ങളോട് പറഞ്ഞു. എവിടെയാണ് വീണതെന്നു പോലും ഓർമയില്ല. നിന്ന സ്ഥലത്തുനിന്ന് 50 അടിയോളം ദൂരത്തേക്ക് തെറിച്ചു വീഴുകയായിരുന്നു.

ചികിത്സയിൽ കഴിയുന്ന നൻഹ പറഞ്ഞു.ഉത്തർപ്രദേശിലെ കാലാവസ്ഥ മോശമായതിനെ തുടർന്ന് മുഖ്യ മന്ത്രി യോഗി ആദിത്യനാഥ് മഴ, ചുഴലിക്കാറ്റ്, ഇടിമിന്നൽ എന്നതിനെ പറ്റിയുള്ള വിവരങ്ങൾ എല്ലാ മൂന്ന് മണിക്കൂറുകൾ കൂടുമ്പോഴും കൈമാറാൻ ജില്ലാ അധികൃതർക്ക് നിർദേശം നൽകി.

ദുരിതാശ്വാസ പ്രവർത്തനവും, നഷ്ടപരിഹാര വിതരണവും വേഗമാക്കാനും, സോഷ്യൽ മീഡിയയിലൂടെ പൊതുജനങ്ങളെ അറിയിക്കാനും അദ്ദേഹം പറഞ്ഞു.

റിപോർട്ടുകൾ പ്രകാരം ബുധനാഴ്ച്ച യുപിയിൽ പെയ്ത ശക്തമായ മഴയിലും കൊടുങ്കാറ്റിലും നൂറിലേറെ പേർക്ക് ജീവഹാനി സംഭവിക്കുകയും, 53ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. 87 വീടുകൾക്ക് കേടുപാടുണ്ടായി. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ്, ബദോഹി , ഫത്തേഹ്പൂർ എന്നീ ജില്ലകളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359452/a-young-man-was-blown-50-feet-high-in-a-powerful-tornado)