---
title: "വടകരയിൽ മാനസികരോഗിയാക്കി യുവാവിനെ തട്ടിക്കൊണ്ടുപോയി പുനരധിവാസ കേന്ദ്രത്തിൽ പാർപ്പിച്ചു;  ഏഴ് പേർക്കെതിരെ കേസെടുത്ത് പൊലീസ് "
english_title: "Vadakara native kidnapped after being accused of being mentally ill"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359451/vadakara-native-kidnapped-after-being-accused-of-being-mentally-ill"
published_at: "2026-05-14T22:23:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a05fe3437683_police.jpg"
keywords: []
---

# വടകരയിൽ മാനസികരോഗിയാക്കി യുവാവിനെ തട്ടിക്കൊണ്ടുപോയി പുനരധിവാസ കേന്ദ്രത്തിൽ പാർപ്പിച്ചു;  ഏഴ് പേർക്കെതിരെ കേസെടുത്ത് പൊലീസ് 

> **Lead Summary:** **കോഴിക്കോട് : **വടകരയിൽ മാനസികരോഗിയാണെന്ന് വരുത്തി തീർത്ത് വടകര സ്വദേശി മുപ്പത്തിമൂന്നുകാരനെ തട്ടിക്കൊണ്ടുപോയി പുനരധിവാസ കേന്ദ്രത്തിൽ പാർപ്പിച്ച സംഭവത്തിൽ ഏഴ് പേർക്കെതിരെ വടകര പോലീസ് കേസെടുത്തു.

## Article Content

**കോഴിക്കോട് : **വടകരയിൽ മാനസികരോഗിയാണെന്ന് വരുത്തി തീർത്ത് വടകര സ്വദേശി മുപ്പത്തിമൂന്നുകാരനെ തട്ടിക്കൊണ്ടുപോയി പുനരധിവാസ കേന്ദ്രത്തിൽ പാർപ്പിച്ച സംഭവത്തിൽ ഏഴ് പേർക്കെതിരെ വടകര പോലീസ് കേസെടുത്തു.

വടകര ജനതാ റോഡിലെ വാഴയിൽ ആമിറുദീനിന്റെ പരാതിയിലാണ് പൊലീസ് നടപടി .

ആമിറുദീനിന്റെ പിതാവ് വില്യാപ്പള്ളി മയ്യന്നൂർ സ്വദേശി കപ്ലികണ്ടി കുഞ്ഞമ്മദ് (73), ഭാര്യ ആസിയ എം കെ (57) , സഹോദരൻ വില്യാപ്പള്ളി എളവന ചെറിയ പൊയിൽ ഷുഹൈബ് (45 )ഭാര്യ അമീറ ഷുഹൈബ് (33, ആശുപത്രി ഡയറക്ടർ, ഡോ. ഫാത്തിമമനു , വിനു, എന്നിവർക്കും കണ്ടാലറിയാവുന്ന മറ്റ് അഞ്ച് പേർക്കുമെതിരെയാണ് വടകര പൊലീസ് കേസ് രജിസ്റ്റർ രജിസ്റ്റർ ചെയ്തത്.

കേസിലെ ഒന്ന് മുതൽ നാല് വരെയുള്ള പ്രതികൾ ചേർന്ന് നടത്തിയ ഗൂഢാലോചനയെത്തുടർന്ന്, പരാതിക്കാരൻ മാനസികരോഗിയാണെന്ന് വരുത്തിതീർക്കുകയായിരുന്നുവെന്നാണ് പരാതി. 2025 ഏപ്രിൽ 26-ന് രാവിലെ 10:30-ഓടെ ഇദ്ദേഹത്തെ ബലമായി കീഴ്പ്പെടുത്തി തട്ടിക്കൊണ്ടുപോകുകയായിരുന്നത്രേ.

മലപ്പുറം ജില്ലയിലെ ഒരു റിഹാബിലിറ്റേഷൻ സെൻററിൽ എത്തിച്ച യുവാവിനെ മറ്റ് പ്രതികളുടെ സഹായത്തോടെ ബലംപ്രയോഗിച്ച് ചികിത്സയ്ക്ക് വിധേയനാക്കിയതായും പരാതിയിൽ പറയുന്നു.

പരാതിക്കാരന്റെ സഹോദരി ഭർത്താവ് ലഹരിക്കടിമയാണെന്ന കാര്യം ബന്ധുക്കളെ അറിയിച്ചതിലുള്ള വിരോധമാണ് ഈ ക്രൂരതയ്ക്ക് പിന്നിലെന്ന് പറയപ്പെടുന്നു.

കൂടാതെ, പരാതിക്കാരന്റെ ഭാര്യക്ക് മഹറായി ലഭിച്ച നാലര പവൻ സ്വർണാഭരണങ്ങൾ വീട്ടിൽ നിന്ന് മോഷ്ടിക്കപ്പെട്ടതായും, ഇതിൽ പ്രതികൾക്ക് പങ്കുണ്ടെന്നും പരാതിയിൽ ആരോപിക്കുന്നുണ്ട്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359451/vadakara-native-kidnapped-after-being-accused-of-being-mentally-ill)