---
title: "ആത്മഹൂതി ഒക്കെ പാലിലാക്കി...!! സതീശനെ മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ പെട്രോളൊഴിച്ച് ആത്മഹത്യാ ഭീഷണി; ഇന്ന് സ്വയം പാലഭിഷേകം നടത്തി ആഘോഷം"
english_title: "Kerala Chief Minister, suicide threat, self-immolation, Congress worker"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359439/kerala-chief-minister-suicide-threat-self-immolation-congress-worker"
published_at: "2026-05-14T20:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a05e9ba921d0_congress.jpg"
keywords: []
---

# ആത്മഹൂതി ഒക്കെ പാലിലാക്കി...!! സതീശനെ മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ പെട്രോളൊഴിച്ച് ആത്മഹത്യാ ഭീഷണി; ഇന്ന് സ്വയം പാലഭിഷേകം നടത്തി ആഘോഷം

> **Lead Summary:** **കൊച്ചി: **വി.ഡി. സതീശനെ കേരള മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് ആത്മഹത്യാ ഭീഷണി മുഴക്കിയ കടുത്തുരുത്തിയിലെ കോൺഗ്രസ് പ്രവർത്തകൻ ഫ്രാൻസിസ് (പ്രിൻസ് ജോൺ) സ്വയം പാലഭിഷേകം നടത്തി.

## Article Content

**കൊച്ചി: **വി.ഡി. സതീശനെ കേരള മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് ആത്മഹത്യാ ഭീഷണി മുഴക്കിയ കടുത്തുരുത്തിയിലെ കോൺഗ്രസ് പ്രവർത്തകൻ ഫ്രാൻസിസ് (പ്രിൻസ് ജോൺ) സ്വയം പാലഭിഷേകം നടത്തി.

വി.ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച വിവരമറിഞ്ഞ് സ്വയം പാലഭിഷേകം ചെയ്തായിരുന്നു ഫ്രാൻസിസിന്റെ ആഘോഷം.

സതീശന്റെ സ്ഥാനാരോഹണം തന്നെപ്പോലുള്ള ആയിരക്കണക്കിന് സാധാരണ പ്രവർത്തകരുടെ ആഗ്രഹമായിരുന്നുവെന്നും അത് അംഗീകരിച്ച ഹൈക്കമാൻഡിന് അഭിവാദ്യങ്ങൾ അർപ്പിക്കുന്നുവെന്നും ഫ്രാൻസിസ് പറഞ്ഞു.

സതീശനല്ലാതെ മറ്റാരെയെങ്കിലും മുഖ്യമന്ത്രിയാക്കിയാൽ ഒരു മണിക്കൂറിനകം പെട്രോളൊഴിച്ച് മരിക്കുമെന്നായിരുന്നു കഴിഞ്ഞദിവസം ഫ്രാൻസിസിന്റെ ഭീഷണി.

കുറുപ്പന്തറ ജങ്ഷനിൽ വെച്ച് തന്റെ പെട്ടി ഓട്ടോറിക്ഷയ്ക്ക് മുകളിൽ കയറിനിന്ന് ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യാശ്രമം നടത്തിയതിന് ഫ്രാൻസിസിനെതിരെ കടുത്തുരുത്തി പോലീസ് കേസെടുത്തിരുന്നു.

സതീശനെ മുഖ്യമന്ത്രിയാക്കാത്ത പക്ഷം പരസ്യമായി ആത്മഹൂതി ചെയ്യുമെന്നായിരുന്നു ജാമ്യത്തിലിറങ്ങിയ ശേഷവും ഇയാൾ ഉയർത്തിയ വെല്ലുവിളി. ഇതിനായി പെട്രോൾ കരുതിവയ്ക്കുകയും ചെയ്തിരുന്നതായാണ് വിവരം.

എന്നാൽ, സതീശൻ തന്നെ നായകനായി എത്തുമെന്ന് ഉറപ്പായതോടെ ആത്മഹൂതിക്കായി കരുതിയ പെട്രോൾ മാറ്റിവെച്ച് ആഘോഷങ്ങൾക്കായി അദ്ദേഹം പാൽപ്പായസവും ലഡുവും ഒരുക്കുകയായിരുന്നു.

വെള്ളിയാഴ്ച വൈകീട്ട് ആറോടെ കടുത്തുരുത്തി ടൗണിൽ വെച്ച് 50 ലിറ്റർ പാലുപയോഗിച്ച് സ്വന്തം ശരീരത്തിൽ പാലഭിഷേകം നടത്തിയാണ് ഫ്രാൻസിസ് തന്റെ സന്തോഷം പ്രകടിപ്പിച്ചത്. തുടർന്ന് പെട്ടി ഓട്ടോറിക്ഷയിൽ കുറുപ്പന്തറയിലേക്ക് മുദ്രാവാക്യം വിളികളുമായി നടത്തിയ പര്യടനത്തിനിടെ വഴിയാത്രക്കാർക്ക് പാൽപ്പായസവും ലഡുവും വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359439/kerala-chief-minister-suicide-threat-self-immolation-congress-worker)