---
title: "എഐയോട് എന്തും ചോദിക്കാം, പേടിക്കണ്ട; വാട്സാപ്പിൽ വരുന്നത് അതീവ സുരക്ഷിതമായ ചാറ്റിങ് ഫീച്ചർ"
english_title: "Don't be afraid to ask AI anything; WhatsApp is coming with a highly secure chatting feature"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359412/dont-be-afraid-to-ask-ai-anything-whatsapp-is-coming-with-a-highly-secure-chatting-feature"
published_at: "2026-05-14T17:12:00+05:30"
category: "Tech-Info"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a05b5da152e9_WhatsApp_is_coming_with_a_highly_secure_chatting_feature.jpg"
keywords: []
---

# എഐയോട് എന്തും ചോദിക്കാം, പേടിക്കണ്ട; വാട്സാപ്പിൽ വരുന്നത് അതീവ സുരക്ഷിതമായ ചാറ്റിങ് ഫീച്ചർ

> **Lead Summary:** **[** വാട്സാപ്പിലെ മെറ്റാ എഐ ചാറ്റ്ബോട്ടുമായി ഉപയോക്താക്കൾ നടത്തുന്ന സംഭാഷണങ്ങൾക്ക് കൂടുതൽ സ്വകാര്യത ഉറപ്പാക്കാൻ പുതിയ ഇൻകോഗ്നിറ്റോ മോഡ് ഫീച്ചർ വരുന്നു. ഈ മോഡ് ഓൺ ചെയ്യുന്നതോടെ ഉപയോക്താക്കൾ എഐയുമായി നടത്തുന്ന സംഭാഷണങ്ങൾ സ്ഥിരമായി സേവ് ചെയ്യപ്പെടില്ലെന്നും ചാറ്റിൽ നിന്ന് പുറത്തുകടക്കുന്നതോടെ അവ പൂർണ്ണമായും അപ്രത്യക്ഷമാകുമെന്നുമാണ് പ്രത്യേകത.

## Article Content

**[** വാട്സാപ്പിലെ മെറ്റാ എഐ ചാറ്റ്ബോട്ടുമായി ഉപയോക്താക്കൾ നടത്തുന്ന സംഭാഷണങ്ങൾക്ക് കൂടുതൽ സ്വകാര്യത ഉറപ്പാക്കാൻ പുതിയ ഇൻകോഗ്നിറ്റോ മോഡ് ഫീച്ചർ വരുന്നു. ഈ മോഡ് ഓൺ ചെയ്യുന്നതോടെ ഉപയോക്താക്കൾ എഐയുമായി നടത്തുന്ന സംഭാഷണങ്ങൾ സ്ഥിരമായി സേവ് ചെയ്യപ്പെടില്ലെന്നും ചാറ്റിൽ നിന്ന് പുറത്തുകടക്കുന്നതോടെ അവ പൂർണ്ണമായും അപ്രത്യക്ഷമാകുമെന്നുമാണ് പ്രത്യേകത.

സന്ദേശങ്ങൾ അതീവ സുരക്ഷിതമായി പ്രോസസ്സ് ചെയ്യപ്പെടുന്നതിനാൽ മെറ്റാ കമ്പനിക്ക് പോലും ഈ വിവരങ്ങൾ ആക്സസ് ചെയ്യാൻ കഴിയില്ലെന്ന് കമ്പനി അവകാശപ്പെടുന്നു.

സാമ്പത്തിക കാര്യങ്ങൾ, ആരോഗ്യപ്രശ്നങ്ങൾ, ജോലി സംബന്ധമായ രഹസ്യങ്ങൾ തുടങ്ങി അതീവ പ്രാധാന്യമുള്ള വിഷയങ്ങൾ എഐയുമായി പങ്കുവെക്കുന്നവർക്ക് ഈ ഫീച്ചർ വലിയ സുരക്ഷയൊരുക്കും. എഐയോട് ചോദിക്കുന്ന കാര്യങ്ങളും അതിന് ലഭിക്കുന്ന മറുപടിയും കമ്പനി സേവ് ചെയ്യുന്നത് ഒഴിവാക്കാൻ ഇൻകോഗ്നിറ്റോ മോഡ് സഹായിക്കും.

ഫോണിലെ പാസ്‌കോഡ് കമ്പനിക്ക് അറിയാൻ കഴിയാത്തതുപോലെ തന്നെ സുരക്ഷിതമായിരിക്കും മെറ്റാ എഐയുമായുള്ള നിങ്ങളുടെ രഹസ്യ സംഭാഷണങ്ങളെന്ന് വാട്സാപ്പ് മേധാവി വിൽ കാത്കാർട്ട് വ്യക്തമാക്കി. ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ കമ്പനികളുമായി പങ്കുവെക്കുന്നത് ഒഴിവാക്കി എഐ സേവനങ്ങൾ കൂടുതൽ വിശ്വസനീയമാക്കുകയാണ് ഈ പുത്തൻ ഫീച്ചറിലൂടെ വാട്സാപ്പ് ലക്ഷ്യമിടുന്നത്.

ഡാറ്റാ ലോഗിങ് ഇല്ല

വ്യക്തികളുടെ ഐഐ ചാറ്റുകൾ അതത് ചാറ്റ്ബോട്ടുകളെ പഠിപ്പിക്കാൻ ഉപോയഗിക്കുന്നത് പതിവാണ്. ഐഐയുമായി ചാറ്റ് ചെയ്യുന്ന ഒരാൾ അതിനെ പരിശീലിപ്പിക്കുക കൂടിയാണ്. എന്നാൽ ഇൻകോഗ്നിറ്റോ മോഡിലെ വിവരങ്ങൾ എഐയെ പരിശീലിപ്പിക്കാൻ ശേഖരിക്കപ്പെടുന്നില്ല.

തത്കാലം ചില പരിമിതികളും ഇതിനുണ്ട്. ഈ മോഡിൽ ടെക്സ്റ്റ് മെസേജുകൾ മാത്രമേ അയക്കാൻ സാധിക്കൂ. മാത്രമല്ല, ഇമേജ് അപ്‌ലോഡ് ചെയ്യാനോ പുതിയ ചിത്രങ്ങൾ നിർമ്മിക്കാനോ സാധിക്കില്ല. കൂടാതെ, 13 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമേ ഈ സേവനം ലഭ്യമാകൂ.

ഗൂഗിളിന്റെ Gemini, ഓപ്പൺ എഐയുടെ ChatGPT എന്നിവയിൽ നിലവിൽ ഇത്തരം പ്രൈവസി ഫീച്ചറുകൾ ലഭ്യമാണ്. ഇവരോടുള്ള മത്സരത്തിൽ പിന്നിലാകാതിരിക്കാനും ഉപയോക്താക്കളുടെ വർദ്ധിച്ചുവരുന്ന സ്വകാര്യതാ ആശങ്കകൾ പരിഹരിക്കാനുമാണ് മെറ്റാ നീക്കം നടത്തുന്നത്.

സ്വകാര്യത നൽകുന്നതോടൊപ്പം തന്നെ തെറ്റായ കാര്യങ്ങൾക്കായി ഈ സംവിധാനം ഉപയോഗിക്കുന്നത് തടയാനും മെറ്റാ ശ്രമിക്കുന്നുണ്ട്. ദോഷകരമായ ചോദ്യങ്ങൾ ചോദിച്ചാൽ മറുപടി നൽകാൻ എഐ വിസമ്മതിക്കും. തുടർന്നാൽ ചാറ്റ് തനിയെ നിർത്തലാക്കുന്ന സുരക്ഷാ ക്രമീകരണവും ഇതിൽ ഉൾപ്പെടുന്നു. മെറ്റാ എഐയുടെ ലോകത്തെ ഏറ്റവും വലിയ ഉപയോക്തൃ അടിത്തറ ഇന്ത്യയിലാണെന്ന് വിൽ കാത്കാർട്ട് അടുത്തിടെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

അണിയറയിൽ ഒരുങ്ങുന്നത് ഇതിലും കൂടുതൽ

സൈഡ് ചാറ്റ് (Side Chat): ഭാവിയിൽ വരാനിരിക്കുന്ന ഒരു പ്രധാന ഫീച്ചറാണിത്. സാധാരണ വാട്സാപ്പ് ഗ്രൂപ്പുകളിലോ ചാറ്റുകളിലോ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ, ആ സംഭാഷണം തടസ്സപ്പെടുത്താതെ വശത്തുകൂടി എഐയുടെ സഹായം തേടാൻ ഇത് സഹായിക്കും. ഇതും ഇൻകോഗ്നിറ്റോ മോഡ് പോലെ സുരക്ഷിതമായിരിക്കും.

തദ്ദേശീയമായ വിവര ശേഖരണം (Sovereign AI): പാശ്ചാത്യ രാജ്യങ്ങളിലെ വിവരങ്ങൾ മാത്രം ഉപയോഗിച്ച് എഐയെ പഠിപ്പിക്കുന്നതിന് പകരം, അതത് രാജ്യങ്ങളിലെ ഭാഷയും സംസ്കാരവും നിയമങ്ങളും മനസ്സിലാക്കുന്ന രീതിയിൽ എഐയെ മാറ്റും. മലയാളം പോലുള്ള പ്രാദേശിക ഭാഷകളിൽ കൂടുതൽ കൃത്യതയോടെ മറുപടി നൽകാൻ ഇത് സഹായിക്കും.

മൾട്ടി മോഡൽ എഐ (Multimodal AI): ഇപ്പോൾ ഇൻകോഗ്നിറ്റോ മോഡിൽ ടെക്സ്റ്റ് മാത്രമേ സാധ്യമാകൂ എങ്കിലും, ഭാവിയിൽ ചിത്രങ്ങളും ശബ്ദവും സുരക്ഷിതമായി കൈകാര്യം ചെയ്യാൻ കഴിയുന്ന രീതിയിലേക്ക് മെറ്റാ എഐയെ മാറ്റും. ഓഡിയോ ക്ലിപ്പുകളിൽ നിന്ന് പ്രത്യേക ശബ്ദങ്ങൾ മാത്രം തിരിച്ചറിയാനോ വേർതിരിക്കാനോ സഹായിക്കുന്ന 'SAM Audio' പോലുള്ള സംവിധാനങ്ങൾ ഇതിന്റെ ഭാഗമാണ്.

മെറ്റാ എഐ കേവലം ഒരു ചാറ്റ്ബോട്ട് എന്നതിലുപരി വ്യക്തികളുടെ ദൈനംദിന ഡിജിറ്റൽ ജീവിതത്തിന്റെ സുരക്ഷിതമായ ഭാഗമായി തോന്നിക്കുന്ന ബിസിനസ് മോഡലാണ് പരീക്ഷിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359412/dont-be-afraid-to-ask-ai-anything-whatsapp-is-coming-with-a-highly-secure-chatting-feature)