---
title: "ജാഗ്രത! 17 വരെ ശക്തമായ മഴ തുടരും; മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിന് സാധ്യത"
english_title: "Caution! Heavy rains will continue till 17th; Winds likely to reach 50 kmph"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359392/caution-heavy-rains-will-continue-till-17th-winds-likely-to-reach-50-kmph"
published_at: "2026-05-14T16:00:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a05a496080ff_Winds_likely_to_reach_50_kmph.jpg"
keywords: []
---

# ജാഗ്രത! 17 വരെ ശക്തമായ മഴ തുടരും; മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിന് സാധ്യത

> **Lead Summary:** തിരുവനന്തപുരം: തെക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിൽ ശനിയാഴ്ചയോടെ കാലവർഷം എത്താൻ സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും അതിനോടു ചേർന്നുള്ള മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ശക്തികൂടിയ ന്യൂനമർദം നിലനിൽക്കുന്നു.

## Article Content

തിരുവനന്തപുരം: തെക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിൽ ശനിയാഴ്ചയോടെ കാലവർഷം എത്താൻ സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും അതിനോടു ചേർന്നുള്ള മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ശക്തികൂടിയ ന്യൂനമർദം നിലനിൽക്കുന്നു.

ഇന്നു മുതൽ 17 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നൽ, കാറ്റോടു കൂടിയ ശക്തമായ മഴ എന്നിവയ്ക്കും സാധ്യതയുണ്ട്. അടുത്ത 5 ദിവസങ്ങളിൽ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു:

ഇന്ന്: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്

15/05/2026: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട്

16/05/2026: പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

17/05/2026: കണ്ണൂർ, കാസർഗോഡ്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതു കൊണ്ട് അർഥമാക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359392/caution-heavy-rains-will-continue-till-17th-winds-likely-to-reach-50-kmph)