---
title: "'സതീശന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍, ഹൈക്കമാന്‍ഡ് തീരുമാനം സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു' -കെ സി വേണുഗോപാല്‍"
english_title: "Heartfelt congratulations to Satheesan - KC Venugopal"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359342/heartfelt-congratulations-to-satheesan-kc-venugopal"
published_at: "2026-05-14T13:02:00+05:30"
category: "Kerala"
language: "ml"
image: "https://truevisionnews.com/image-uploads/6a057bd932dad_WhatsApp_Image_2026-05-14_at_1.07.49_PM.jpeg"
keywords: []
---

# 'സതീശന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍, ഹൈക്കമാന്‍ഡ് തീരുമാനം സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു' -കെ സി വേണുഗോപാല്‍

> **Lead Summary:** **ന്യൂഡല്‍ഹി: **വി ഡി സതീശനെ മുഖ്യമന്ത്രിയാക്കിയുള്ള ഹൈക്കമാന്‍ഡ് തീരുമാനം സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍.

## Article Content

**ന്യൂഡല്‍ഹി: **വി ഡി സതീശനെ മുഖ്യമന്ത്രിയാക്കിയുള്ള ഹൈക്കമാന്‍ഡ് തീരുമാനം സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍.

ജനങ്ങള്‍ പ്രതീക്ഷയോടെയാണ് യുഡിഎഫിനെ അധികാരം ഏല്‍പ്പിച്ചത്. വി ഡി സതീശനും സര്‍ക്കാരിനും എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു.

സതീശന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. നേതൃത്വം എല്ലാ വശങ്ങളും പരിശോധിച്ചായിരിക്കും തീരുമാനമെടുത്തതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമങ്ങളെ കണ്ടാണ് കെ സി വേണുഗോപാല്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

മുന്‍പ് മുഖ്യമന്ത്രി പ്രഖ്യാപനത്തെപ്പറ്റി മാധ്യമങ്ങള്‍ ചോദിച്ചപ്പോഴെല്ലാം ഹൈക്കമാന്‍ഡ് തീരുമാനിക്കും എന്നാണ് താന്‍ പറഞ്ഞത്. പാര്‍ട്ടി തീരുമാനം എന്താണെങ്കിലും ഒപ്പമുണ്ടാകുമെന്നും പറഞ്ഞിരുന്നു. ഉത്തരവാദിത്വത്തിന്റെ ഭാഗമായി നില്‍ക്കാനാണ് താന്‍ ആഗ്രഹിക്കുന്നത്. താന്‍ അടിയുറച്ച കോണ്‍ഗ്രസുകാരനാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

എഐസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് വരുമോ എന്ന ചോദ്യത്തിന് അത്തരം വിഷയങ്ങളില്‍ മറുപടി പറയേണ്ട കാര്യമില്ലെന്നായിരുന്നു കെ സി വേണുഗോപാല്‍ പറഞ്ഞത്. പാര്‍ട്ടിയാണ് തനിക്ക് എല്ലാം. പാര്‍ട്ടിക്ക് ഉപരിയായുള്ള ഒരു ഇമേജും സൃഷ്ടിക്കാന്‍ താന്‍ താല്‍പര്യപ്പെടുന്നില്ല.

പ്രവര്‍ത്തകര്‍ക്ക് വേദനിച്ചാല്‍ തനിക്കും വേദനിക്കും. സൈബര്‍ ഇടങ്ങളില്‍ ആക്ഷേപിച്ചാല്‍ അത് സഹിക്കും. പെട്ടെന്ന് ഒരു ദിവസം മുളച്ചുവീണ ആളല്ല താനെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. തനിക്കായി ഫ്‌ളക്‌സ് വെച്ചവര്‍ ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കണമെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359342/heartfelt-congratulations-to-satheesan-kc-venugopal)