---
title: "എതിരാളികളല്ല, പങ്കാളികൾ; ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ സഹകരണത്തിന് ആഹ്വാനം ചെയ്ത് ഷി ജിൻപിങ്"
english_title: "Xi Jinping calls for cooperation in meeting with Trump"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359273/xi-jinping-calls-for-cooperation-in-meeting-with-trump"
published_at: "2026-05-14T09:29:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0549a2dc2ec_Xi_Jinping_calls_for_cooperation_in_meeting_with_Trump.jpg"
keywords: []
---

# എതിരാളികളല്ല, പങ്കാളികൾ; ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ സഹകരണത്തിന് ആഹ്വാനം ചെയ്ത് ഷി ജിൻപിങ്

> **Lead Summary:** ബെയ്ജിങ്: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ സഹകരണത്തിന് ആഹ്വാനം ചെയ്ത് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്. ബെയ്ജിങ്ങിൽ നടന്ന ഉഭയകക്ഷി ചർച്ചയിൽ, ഇരുരാജ്യങ്ങളും തമ്മിൽ ഏറ്റുമുട്ടലല്ല, മറിച്ച് സഹകരണമാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

## Article Content

ബെയ്ജിങ്: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ സഹകരണത്തിന് ആഹ്വാനം ചെയ്ത് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്. ബെയ്ജിങ്ങിൽ നടന്ന ഉഭയകക്ഷി ചർച്ചയിൽ, ഇരുരാജ്യങ്ങളും തമ്മിൽ ഏറ്റുമുട്ടലല്ല, മറിച്ച് സഹകരണമാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

ലോകം ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ പരിവർത്തനത്തിന് സാക്ഷ്യം വഹിക്കുകയാണെന്ന് ഷി ജിൻപിങ് ചൂണ്ടിക്കാട്ടി. ആഗോളതലത്തിലെ വൻശക്തികളായ ചൈനയും യുഎസും എതിരാളികളാകുന്നതിന് പകരം പങ്കാളികളാകുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

ഒൻപത് വർഷത്തിന് ശേഷം ചൈനീസ് സന്ദർശനത്തിന് എത്തിയ ട്രംപിനെ സ്വാഗതം ചെയ്ത, ഷി ജിൻപിങ്, കൂടിക്കാഴ്ചയിൽ വളരെ സന്തോഷമുണ്ടെന്നും പറഞ്ഞു. യുഎസ് - ചൈന കൂടിക്കാഴ്ചയെ ലോകം മുഴുവൻ ഉറ്റുനോക്കുകയാണെന്ന് ഷി ജിൻപിങ് പറഞ്ഞു. നിലവിൽ, ലോകമെമ്പാടും ഒരു നൂറ്റാണ്ടിൽ കണ്ടിട്ടില്ലാത്ത പരിവർത്തനം നടക്കുകയാണ്. അന്താരാഷ്ട്ര സ്ഥിതി അസ്ഥിരവും പ്രക്ഷുബ്ധവുമാണ്. ലോകം ഒരു പുതിയ വഴിത്തിരിവിൽ എത്തിയിരിക്കുകയാണെന്നും ചൈനീസ് പ്രസിഡൻ്റ് പറഞ്ഞു.

> ചൈനയ്ക്കും യുഎസിനുമിടയിൽ ഒരു പുതിയ മാതൃക സൃഷ്ടിക്കാൻ കഴിയുമോ എന്നും ഷി ജിൻപങ് ചോദിച്ചു. "ആഗോള വെല്ലുവിളികളെ ഒരുമിച്ച് നേരിടാനും ലോകത്തിന് കൂടുതൽ സ്ഥിരത നൽകാനും നമുക്ക് കഴിയുമോ? നമ്മുടെ രണ്ട് ജനങ്ങളുടെയും മനുഷ്യരാശിയുടെ ഭാവിയുടെയും താൽപര്യങ്ങൾക്കായി, നമ്മുടെ ഉഭയകക്ഷി ബന്ധങ്ങൾക്ക് ഒരുമിച്ച് ഒരു ശോഭനമായ ഭാവി കെട്ടിപ്പടുക്കാൻ നമുക്ക് കഴിയുമോ"- ഷി ജിൻപിങ് ചോദിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359273/xi-jinping-calls-for-cooperation-in-meeting-with-trump)