---
title: "'സാരി ഇഷ്ടപ്പെട്ടില്ല, ഈ കല്യാണം വേണ്ട!'; മണ്ഡപത്തിൽ വധുവിന്റെ പിന്മാറ്റം, പിന്നാലെ കൂട്ടത്തല്ലും പോലീസ് കേസും"
english_title: "Bride's withdrawal at the mandapam, followed by a mob and police case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359196/brides-withdrawal-at-the-mandapam-followed-by-a-mob-and-police-case"
published_at: "2026-05-13T17:21:00+05:30"
category: "National"
language: "ml"
image: "https://truevisionnews.com/image-uploads/6a046630c41e3_followed_by_a_mob_and_police_case.jpg"
keywords: []
---

# 'സാരി ഇഷ്ടപ്പെട്ടില്ല, ഈ കല്യാണം വേണ്ട!'; മണ്ഡപത്തിൽ വധുവിന്റെ പിന്മാറ്റം, പിന്നാലെ കൂട്ടത്തല്ലും പോലീസ് കേസും

> **Lead Summary:** ബല്ലിയ: വിവാഹച്ചടങ്ങിനിടെ വരന്റെ വീട്ടുകാർ നൽകിയ സാരി ഇഷ്ടപ്പെടാത്തതിനെത്തുടർന്ന് വധു വിവാഹത്തിൽ നിന്ന് പിന്മാറി. ഉത്തർപ്രദേശിലെ രേവതി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പഞ്ച്‌രുഖി ദേവി ക്ഷേത്രത്തിൽ വെച്ച് നടന്ന ചടങ്ങിനിടയിലായിരുന്നു നാടകീയ സംഭവങ്ങൾ. സാരിയെച്ചൊല്ലിയുണ്ടായ തർക്കം വാക്കേറ്റത്തിലേക്കും തുടർന്ന് ഇരുവിഭാഗവും തമ്മിലുള്ള കയ്യാങ്കളിയിലേക്കും നീങ്ങുകയായിരുന്നു.

## Article Content

ബല്ലിയ: വിവാഹച്ചടങ്ങിനിടെ വരന്റെ വീട്ടുകാർ നൽകിയ സാരി ഇഷ്ടപ്പെടാത്തതിനെത്തുടർന്ന് വധു വിവാഹത്തിൽ നിന്ന് പിന്മാറി. ഉത്തർപ്രദേശിലെ രേവതി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പഞ്ച്‌രുഖി ദേവി ക്ഷേത്രത്തിൽ വെച്ച് നടന്ന ചടങ്ങിനിടയിലായിരുന്നു നാടകീയ സംഭവങ്ങൾ. സാരിയെച്ചൊല്ലിയുണ്ടായ തർക്കം വാക്കേറ്റത്തിലേക്കും തുടർന്ന് ഇരുവിഭാഗവും തമ്മിലുള്ള കയ്യാങ്കളിയിലേക്കും നീങ്ങുകയായിരുന്നു.

ദലൻ ഛപ്ര സ്വദേശി അജയ് ഗോണ്ടിന്റെ മകൾ നികിയും മഹാദൻപൂർ സ്വദേശി പവൻ ഗോണ്ടിന്റെ മകൻ വിശാലും തമ്മിലുള്ള വിവാഹമാണ് നിശ്ചയിച്ചിരുന്നത്. ക്ഷേത്രത്തിന് ചേര്‍ന്നുള്ള മണ്ഡപത്തിൽ വിവാഹ ചടങ്ങുകൾ നടക്കുന്നതിനിടെയാണ് വരന്റെ വീട്ടുകാർ കൊണ്ടുവന്ന സാരി 'മോശമാണെന്ന്' പറഞ്ഞ് വധു എതിർപ്പറിയിച്ചത്. ഈ സാരി ഉടുത്ത് വിവാഹത്തിൽ പങ്കെടുക്കില്ലെന്ന് വധു വാശിപിടിച്ചതോടെ തര്‍ക്കമായി. ചടങ്ങുകൾ തടസ്സപ്പെട്ടു.

വാക്കുതർക്കം രൂക്ഷമായതോടെ ഇരുപക്ഷവും തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തിൽ വധുവിന്റെ സഹോദരൻ ജീത് നാഥ് ഗോണ്ട്, അമ്മ ഉംറാവതി ദേവി, ലക്ഷ്മി ദേവി എന്ന മറ്റൊരു സ്ത്രീ എന്നിവർക്ക് പരിക്കേറ്റു. ഇതോടെ വിവാഹ ചടങ്ങുകൾ പൂർത്തിയാക്കാതെ വരനും സംഘവും മടങ്ങിപ്പോയി.

സംഭവത്തിൽ വധുവിന്റെ പിതാവ് അജയ് ഗോണ്ട് നൽകിയ പരാതിയിൽ വരൻ വിശാൽ, ബന്ധുക്കളായ പവൻ, മനോജ്, ഹരേറാം എന്നിവർക്കും കണ്ടാലറിയാവുന്ന മറ്റുള്ളവർക്കുമെതിരെ പോലീസ് കേസെടുത്തു. കേസിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് മുഹമ്മദ് ഫാഹിം ഖുറേഷി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359196/brides-withdrawal-at-the-mandapam-followed-by-a-mob-and-police-case)