---
title: "ജ്യോത്സനോക്കെ അങ്ങ് പുറത്ത് നിൽക്ക് .....: ജോത്സ്യനെ സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസറായി നിയമിച്ച സംഭവം; വിജയ്‌യുടെ നീക്കത്തിനെതിരെ ഹര്‍ജി"
english_title: " Incident of appointing an astrologer as a special duty officer; Petition filed against Vijay's move"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359106/incident-of-appointing-an-astrologer-as-a-special-duty-officer-petition-filed-against-vijays-move-"
published_at: "2026-05-13T12:23:00+05:30"
category: "National"
language: "ml"
image: "https://truevisionnews.com/image-uploads/6a0420d8df209_cm.jpg"
keywords: []
---

# ജ്യോത്സനോക്കെ അങ്ങ് പുറത്ത് നിൽക്ക് .....: ജോത്സ്യനെ സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസറായി നിയമിച്ച സംഭവം; വിജയ്‌യുടെ നീക്കത്തിനെതിരെ ഹര്‍ജി

> **Lead Summary:** **ചെന്നൈ: **തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് തന്റെ കുടുംബ ജ്യോത്സ്യനെ മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസറായി നിയമിച്ചതിനെതിരെ മദ്രാസ് ഹൈക്കോടതിയിൽ ഹർജി. ജ്യോത്സ്യനായ റിക്കി രഥൻ പണ്ഡിറ്റ് വെട്രിവേലിനെ നിയമിച്ചതിനെതിരെ അഭിഭാഷകനായ കൃഷ്ണമൂർത്തിയാണ് കോടതിയെ സമീപിച്ചത്.

## Article Content

**ചെന്നൈ: **തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് തന്റെ കുടുംബ ജ്യോത്സ്യനെ മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസറായി നിയമിച്ചതിനെതിരെ മദ്രാസ് ഹൈക്കോടതിയിൽ ഹർജി. ജ്യോത്സ്യനായ റിക്കി രഥൻ പണ്ഡിറ്റ് വെട്രിവേലിനെ നിയമിച്ചതിനെതിരെ അഭിഭാഷകനായ കൃഷ്ണമൂർത്തിയാണ് കോടതിയെ സമീപിച്ചത്.

പിന്നാലെ ഹര്‍ജി ഫയല്‍ ചെയ്യാന്‍ അദ്ദേഹത്തിനോട് കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. ജസ്റ്റിസുമാരായ വിക്ടോറിയ ഗൗരി, എന്‍ സെന്തില്‍ കുമാര്‍ എന്നിവര്‍ അടങ്ങിയ അവധിക്കാല ബെഞ്ചിന്റേതാണ് നിര്‍ദ്ദേശം.

ജ്യോത്സ്യനായ റിക്കി രഥന്‍ പണ്ഡിറ്റ് വെട്രിവേലിനെ വിജയ് നിയമലംഘനം നടത്തി മുന്‍കൂട്ടി പ്രഖ്യാപിക്കാതെ നിയമിക്കുകയായിരുന്നു എന്നാണ് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയത്. ഒപ്പം ഹര്‍ജി സമര്‍പ്പിക്കാനുള്ള അനുമതി തേടുകയും ചെയ്തു. സര്‍ക്കാര്‍ വിശ്വാസ വോട്ടുതേടുന്ന ദിവസമാണ് ഈ ആവശ്യം അദ്ദേഹം ഉന്നയിച്ചത്.

അഭിഭാഷകന്റെ ആവശ്യം അംഗീകരിച്ച് ഹര്‍ജി ഫയല്‍ ചെയ്യാന്‍ കോടതി അനുവദിച്ചെങ്കിലും വാദം നാളെയെ കേള്‍ക്കുവെന്ന് വ്യക്തമാക്കുകയും ചെയ്തു. മെയ് 12നാണ് സര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഖ്യമന്ത്രിയുടെ സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫീസറായി വെട്രിവേലിനെ നിയമിച്ച വിവരം അറിയിച്ചത്.

ദീര്‍ഘകാലമായി തന്റെ വ്യക്തിഗത ജ്യോതിഷിയായി ഉപദേഷങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കിയ റിക്കി രാധന്‍ പണ്ഡിറ്റ് വെട്രിവേലിനെയാണ് വിജയ് തന്റെ സ്പെഷ്യല്‍ ഡ്യൂട്ടി ഓഫീസറായി നിയമിച്ചത്.

തമിഴ്നാട്ടിലെ തന്നെ പ്രമുഖനായ ജ്യോത്സ്യനും ആത്മീയ ഉപദേഷ്ടാവുമാണ് പണ്ഡിറ്റ് വെട്രിവേല്‍. വിജയ്യുടെ രാഷ്ട്രീയ ജീവിതത്തില്‍ ഇദ്ദേഹത്തിന് വലിയ സ്ഥാനമുണ്ടെന്നാണ് പറയുന്നത്. തെരഞ്ഞെടുപ്പ് ഫലത്തിന് മുമ്പ് തന്നെ വെട്രിവേല്‍ വിജയ്യുടെ വിജയം പ്രവചിച്ചിരുന്നുവെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.

40 വര്‍ഷമായി ജ്യോത്സനായി പ്രവര്‍ത്തിക്കുന്നയാളാണ് വെട്രിവേല്‍. കഴിഞ്ഞ വര്‍ഷങ്ങളില്‍ നിരവധി രാഷ്ട്രീയ നേതാക്കള്‍ വെട്രിവേലിന്റെ ഉപദേശം തേടിയിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രി ജയലളിത പല രാഷ്ട്രീയ തീരുമാനങ്ങളും വെട്രിവേലിന്റെ ഉപദേശപ്രകാരമാണ് സ്വീകരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359106/incident-of-appointing-an-astrologer-as-a-special-duty-officer-petition-filed-against-vijays-move-)