---
title: "  കുടിക്കുന്ന വെള്ളത്തിൽ വരെ ജാതി കലരുന്നു....! കല്യാണവീട്ടിലെ കൂജയിൽ നിന്ന് വെള്ളം കുടിച്ചത് പിടിച്ചില്ല; ദലിത് സഹോദരങ്ങൾക്ക്  ക്രൂര മർദ്ദനം "
english_title: "Dalit brothers brutally beaten up over argument over drinking water from a well"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359092/dalit-brothers-brutally-beaten-up-over-argument-over-drinking-water-from-a-well"
published_at: "2026-05-13T11:43:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a041737df8ed_BF_.jpg"
keywords: []
---

#   കുടിക്കുന്ന വെള്ളത്തിൽ വരെ ജാതി കലരുന്നു....! കല്യാണവീട്ടിലെ കൂജയിൽ നിന്ന് വെള്ളം കുടിച്ചത് പിടിച്ചില്ല; ദലിത് സഹോദരങ്ങൾക്ക്  ക്രൂര മർദ്ദനം 

> **Lead Summary:** **ഹൽദ്വാനി: ** കല്യാണവീട്ടിലെ കൂജയിൽ നിന്ന് വെള്ളം കുടിച്ചതിനെച്ചൊല്ലിയുള്ള തർക്കം വധശ്രമത്തിലും ക്രൂരമായ മർദ്ദനത്തിലും കലാശിച്ചു. ഉത്തരാഖണ്ഡിലെ നൈനിറ്റാൾ ജില്ലയിലുള്ള ഹൽദ്വാനിയിലാണ് ജാതിവിവേചനത്തെത്തുടർന്നുണ്ടായ തർക്കത്തിൽ ദലിത് സഹോദരങ്ങൾക്ക് നേരെ ക്രൂരമായ മർദ്ദനമേറ്റത് .

## Article Content

**ഹൽദ്വാനി: ** കല്യാണവീട്ടിലെ കൂജയിൽ നിന്ന് വെള്ളം കുടിച്ചതിനെച്ചൊല്ലിയുള്ള തർക്കം വധശ്രമത്തിലും ക്രൂരമായ മർദ്ദനത്തിലും കലാശിച്ചു. ഉത്തരാഖണ്ഡിലെ നൈനിറ്റാൾ ജില്ലയിലുള്ള ഹൽദ്വാനിയിലാണ് ജാതിവിവേചനത്തെത്തുടർന്നുണ്ടായ തർക്കത്തിൽ ദലിത് സഹോദരങ്ങൾക്ക് നേരെ ക്രൂരമായ മർദ്ദനമേറ്റത് .

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഉമേഷ് തംത, സഹോദരൻ ശുഭം എന്നിവരെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശുഭത്തിന്റെ നട്ടെല്ലിന് ഒടിവുണ്ടെന്നും ഉമേഷിന്റെ തലക്ക് മാരകമായ മുറിവുകളേറ്റതായും കുടുംബം അറിയിച്ചു.

ഞായറാഴ്ച രാത്രി ദേവൽ മല്ല ഗ്രാമത്തിൽ നടന്ന വിവാഹച്ചടങ്ങിനിടെയാണ് സംഭവം . ഉമേഷും ശുഭവും ബന്ധുക്കളായ രാകേഷ് ആര്യ, അജയ് ആര്യ എന്നിവരോടൊപ്പം കല്യാണവീട്ടിൽ ഡി.ജെ സിസ്റ്റം പ്രവർത്തിപ്പിക്കാൻ എത്തിയതായിരുന്നു. ചടങ്ങിനിടെ ദാഹിച്ച രാകേഷ് ആര്യ അവിടെയുണ്ടായിരുന്ന ഒരു മൺകൂജയിൽ നിന്ന് വെള്ളം കുടിക്കാൻ ശ്രമിച്ചു. ഇത് കണ്ട വരന്റെ വീട്ടുകാർ രാകേഷിനെ തടയുകയും നീ ഇവിടെ എന്തിനാണ് വന്നതെന്ന് ചോദിച്ച് മർദ്ദിക്കുകയും ചെയ്തു.

മർദ്ദനവിവരമറിഞ്ഞ് ഇത് ചോദിക്കാനായി എത്തിയതായിരുന്നു ശുഭം. എന്നാൽ ഒരു സംഘം ആളുകൾ ശുഭത്തെ വളയുകയും ജാതീയമായി അധിക്ഷേപിച്ചുകൊണ്ട് മർദ്ദനം തുടങ്ങുകയും ചെയ്തു. മർദ്ദനത്തിന്റെ കാഠിന്യത്താൽ താഴെ വീണ ശുഭത്തെ അക്രമികൾ ബൂട്ട് ഉപയോഗിച്ച് മുഖത്തും ശരീരത്തിലും ചവിട്ടിയതായും നട്ടെല്ലിന് ഗുരുതരമായി പരിക്കേൽപ്പിച്ചതായും പരാതിയിൽ പറയുന്നു.

തന്റെ സഹോദരനെ മർദ്ദിക്കുന്നത് കണ്ട് രക്ഷിക്കാനായി ഓടിയെത്തിയ ഉമേഷിന് നേരെയും അക്രമികൾ തിരിഞ്ഞു. ഇരുമ്പ് വടി കൊണ്ട് തലക്കടിച്ച ഉമേഷിനെ ഒരാൾ നിലത്തിട്ട് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു. മാരകായുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണത്തിൽ ഉമേഷിന്റെ തലയിൽ നിന്ന് രക്തം വാർന്നു.

സംഭവത്തിന് പിന്നാലെ രോഷാകുലരായ നാട്ടുകാരും ബന്ധുക്കളും കാത്ഗോഡം പൊലീസ് സ്റ്റേഷന് മുന്നിൽ തടിച്ചുകൂടി പ്രതിഷേധിച്ചു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും വധശ്രമം, എസ്‌.സി/എസ്.ടി (പീഡന നിരോധന) നിയമം എന്നിവ പ്രകാരം കേസെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു. ദലിത് യുവാക്കൾക്കെതിരെയുള്ള അതിക്രമം വെച്ചുപൊറുപ്പിക്കാനാവില്ലെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കി. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359092/dalit-brothers-brutally-beaten-up-over-argument-over-drinking-water-from-a-well)