---
title: "‘കെ സി ചിലപ്പോള്‍ നിങ്ങളുടെ ആളായിരിക്കാം; പക്ഷേ, കേരളത്തിലെ ജനങ്ങള്‍ നിങ്ങളോട് പൊറുക്കില്ല’; രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ പോസ്റ്റർ"
english_title: "poster against Rahul Gandhi and Priyanka Gandhi in Wayanad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359028/poster-against-rahul-gandhi-and-priyanka-gandhi-in-wayanad"
published_at: "2026-05-13T07:41:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a03de2795513_poster.jpg"
keywords: []
---

# ‘കെ സി ചിലപ്പോള്‍ നിങ്ങളുടെ ആളായിരിക്കാം; പക്ഷേ, കേരളത്തിലെ ജനങ്ങള്‍ നിങ്ങളോട് പൊറുക്കില്ല’; രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ പോസ്റ്റർ

> **Lead Summary:** കല്‍പ്പറ്റ: മുഖ്യമന്ത്രി തര്‍ക്കം തുടരുന്നതിനിടെ വയനാട്ടിലെ കല്‍പ്പറ്റയില്‍ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ പോസ്റ്റർ. കെ സി ചിലപ്പോള്‍ നിങ്ങളുടെ ആളായിരിക്കാം, പക്ഷേ കേരളത്തിലെ ജനങ്ങള്‍ നിങ്ങളോട് പൊറുക്കില്ലെന്നാണ് ഇംഗ്ലീഷിലുള്ള നോട്ടീസിലുള്ളത്. കല്‍പ്പറ്റ ഡിസിസി ഓഫീസിന് സമീപമാണ് നോട്ടീസുകള്‍ പ്രത്യക്ഷപ്പെട്ടത്.

## Article Content

കല്‍പ്പറ്റ: മുഖ്യമന്ത്രി തര്‍ക്കം തുടരുന്നതിനിടെ വയനാട്ടിലെ കല്‍പ്പറ്റയില്‍ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ പോസ്റ്റർ. കെ സി ചിലപ്പോള്‍ നിങ്ങളുടെ ആളായിരിക്കാം, പക്ഷേ കേരളത്തിലെ ജനങ്ങള്‍ നിങ്ങളോട് പൊറുക്കില്ലെന്നാണ് ഇംഗ്ലീഷിലുള്ള നോട്ടീസിലുള്ളത്. കല്‍പ്പറ്റ ഡിസിസി ഓഫീസിന് സമീപമാണ് നോട്ടീസുകള്‍ പ്രത്യക്ഷപ്പെട്ടത്.

കെ സി ചിലപ്പോള്‍ നിങ്ങളുടെ ആളായിരിക്കാം, പക്ഷേ കേരളത്തിലെ ജനങ്ങള്‍ നിങ്ങളോട് പൊറുക്കില്ല. ഇതൊരു ഭീഷണിയല്ല. ഞങ്ങള്‍ക്ക് മതിയായി, ജയിക്കാന്‍ വേണ്ടി വയനാട്ടിലേക്ക് വരണ്ട, വയനാടിനെ പറ്റി മറന്നേക്കൂ, ഇനി നിങ്ങള്‍ ഇവിടെ നിന്നും ജയിക്കില്ല എന്നെല്ലാമാണ് നോട്ടീസില്‍ പറയുന്നത്. കെസി വേണുഗോപാല്‍ മുഖ്യമന്ത്രിയാവുകയാണെങ്കില്‍ കല്‍പ്പറ്റയില്‍ ആകും മത്സരിക്കുക എന്ന രീതിയില്‍ അഭ്യൂഹങ്ങള്‍ പരന്നിരുന്നു.

ആരുടെയും പേരില്ലാതെ പ്രത്യക്ഷപ്പെട്ട ഈ പോസ്റ്ററുകൾ കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോര് തെരുവിലേക്ക് പടരുന്നതിന്റെ സൂചനയായാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്.

അതേസമയം കേരളത്തിന്‍റെ പുതിയ മുഖ്യമന്ത്രി ആരെന്ന് ഇന്നറിയാനായേക്കും. ഹൈക്കമാൻഡ് പ്രഖ്യാപനം ഉച്ചയ്ക്ക് മുന്നേ വന്നേക്കുമെന്നാണ് സൂചന. ഇതോടെ കേരളത്തിനൊപ്പം ആകാംക്ഷയിലാണ് കെ സി വേണുഗോപാൽ, വി ഡി സതീശൻ, രമേശ് ചെന്നിത്തല ക്യാമ്പുകൾ.

ദില്ലിയിൽ ഇന്നലെ നടന്ന അതി നിർണായക ചർച്ചയിൽ ഹൈക്കമാൻഡ് വിളിപ്പിച്ച കേരളത്തിലെ നേതാക്കളിൽ ഭൂരിപക്ഷവും പിന്തുണച്ചത് കെ സി വേണുഗോപാലിനെയാണെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. കെ സിയെ തന്നെയാകും ഹൈക്കമാൻഡ് പ്രഖ്യാപിക്കുകയെന്നാണ് ഗ്രൂപ്പ് വിലയിരുത്തുന്നത്. ഏകപക്ഷീയ പ്രഖ്യാപനം ഉണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് വി ഡി, ആ‌ർ സി പക്ഷങ്ങൾ. നമ്പറിന് അപ്പുറത്താണ് കേരളത്തിലെ സ്ഥിതി എന്ന് ഹൈക്കമാൻഡ് മനസ്സിലാക്കുന്നുവെന്നും ഇരു പക്ഷങ്ങളും വിലയിരുത്തുന്നുണ്ട്.

അതേസമയം കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ തനിക്ക് മുൻവിധിയില്ലെന്ന് നേതാക്കളോട് രാഹുൽ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലെ സാഹചര്യം അറിയാനാണ് കൂടിയാലോചനയ്ക്ക് വിളിച്ചത്. എല്ലാ വശങ്ങളും ആലോചിച്ചായിരിക്കും തീരുമാനമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്.

സംഘടനയ്ക്ക് നിരക്കാത്ത പ്രവണതകൾ ഉണ്ടായി എന്നാണ് രാഹുലിന്‍റെ നിരീക്ഷണം. അന്തിമ പ്രഖ്യാപനത്തിന് മുന്നേ നേരിട്ട് ഘടകകക്ഷികളോട് സംസാരിക്കണോ എന്നതിലും ഇന്ന് രാഹുൽ തീരുമാനം കൈക്കൊള്ളും. ശേഷമാകും കേരളത്തിന്‍റെ അടുത്ത മുഖ്യമന്ത്രി ആരെന്നുള്ള പ്രഖ്യാപനമെന്നാണ് വിവരം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359028/poster-against-rahul-gandhi-and-priyanka-gandhi-in-wayanad)