---
title: "ഇടിമിന്നലേറ്റ് ഒരാൾ തെറിച്ചു വീണു, ആറുപേർ നിലത്ത് കിടക്കുന്ന നിലയിൽ; മങ്കടയിൽ മരിച്ചത് ഉറ്റസുഹൃത്തുക്കളായ നാലുപേർ"
english_title: "Four close friends killed in Mankada after being struck by lightning"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359011/four-close-friends-killed-in-mankada-after-being-struck-by-lightning"
published_at: "2026-05-12T22:05:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a03574c41a24_malappuram.jpg"
keywords: []
---

# ഇടിമിന്നലേറ്റ് ഒരാൾ തെറിച്ചു വീണു, ആറുപേർ നിലത്ത് കിടക്കുന്ന നിലയിൽ; മങ്കടയിൽ മരിച്ചത് ഉറ്റസുഹൃത്തുക്കളായ നാലുപേർ

> **Lead Summary:** **മലപ്പുറം: ** മങ്കടയിൽ ഇടിമിന്നലേറ്റ് മരിച്ചത് ഉറ്റസുഹൃത്തുക്കളായ നാലുപേർ. മങ്കട വെള്ളില സ്വദേശികളായ റഹീസ്, ബഹാസ്, സിയാദ്, ഫഹദ് എന്നിവരാണ് മരിച്ചത്. മൂന്നുപേർക്ക് പരിക്കേറ്റിട്ടുണ്ട്.

## Article Content

**മലപ്പുറം: ** മങ്കടയിൽ ഇടിമിന്നലേറ്റ് മരിച്ചത് ഉറ്റസുഹൃത്തുക്കളായ നാലുപേർ. മങ്കട വെള്ളില സ്വദേശികളായ റഹീസ്, ബഹാസ്, സിയാദ്, ഫഹദ് എന്നിവരാണ് മരിച്ചത്. മൂന്നുപേർക്ക് പരിക്കേറ്റിട്ടുണ്ട്.

വെള്ളില സ്വദേശികളായ റോഷൻ(20), ഇഷ്ഹാത്(19), സൽമാനുൽ ഫാരിസ്(21) എന്നിവരാണ് പരിക്കേറ്റ് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇവർ അപകടനില തരണംചെയ്തതായാണ് വിവരം.

ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് ശക്തമായ ഇടിമിന്നലിൽ നാലുപേർക്ക് ജീവൻ നഷ്ടമായത്. മങ്കട പന്തല്ലൂർ മലയിലെ വ്യൂപോയിന്റിലായിരുന്നു സംഭവം. സുഹൃത്തുക്കളായ ഏഴ് വിദ്യാർഥികളാണ് സായാഹ്നം ചിലവഴിക്കാനായി വ്യൂപോയിന്റിൽ എത്തിയിരുന്നത്. വൈകിട്ട് അഞ്ചരയോടെ പ്രദേശത്ത് ശക്തമായ ഇടിമിന്നലും കാറ്റും മഴയും ഉണ്ടായിരുന്നു. ഇതിനിടെയാണ് ഏഴുപേർക്കും ഇടിമിന്നലേറ്റത്.

ഇതുവഴിയെത്തിയ നാട്ടുകാരും യാത്രക്കാരുമാണ് കുട്ടികൾ നിലത്തുവീണ് കിടക്കുന്ന നിലയിൽ കണ്ടത്. ആറുകുട്ടികളാണ് വീണുകിടന്നിരുന്നതെന്നാണ് സ്ഥലത്തെത്തിയവർ മാധ്യമങ്ങളോട് പറഞ്ഞത്.

പെട്ടെന്ന് ശ്രദ്ധിക്കപ്പെടുന്ന പ്രദേശമല്ലാത്തതിനാൽ അപകടവിവരം പുറത്തറിയാനും വൈകിയിരുന്നു. വഴിയാത്രക്കാർ കുട്ടികളെ കണ്ടതോടെ ഒരു ആംബുലൻസിലും രണ്ട് ജീപ്പുകളിലുമായി ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ഇടിമിന്നലേറ്റ് ഒരു വിദ്യാർഥി പാറയുടെ മുകളിൽനിന്ന് തെറിച്ചുവീണിരുന്നു. ആദ്യഘട്ടത്തിൽ ഈ വിദ്യാർഥി ആരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. പിന്നീട് ആശുപത്രിയിലേക്ക് കൊണ്ടുപോയ വിദ്യാർഥികളിലൊരാളാണ് തങ്ങൾ ഏഴുപേരുണ്ടായിരുന്നതായി നാട്ടുകാരോട് പറഞ്ഞത്. ഇതോടെ പ്രദേശത്ത് വീണ്ടും തിരച്ചിൽ നടത്തിയപ്പോളാണ് ഏഴാമത്തെയാളെയും കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359011/four-close-friends-killed-in-mankada-after-being-struck-by-lightning)