---
title: "അമ്മയും പിഞ്ചുകുഞ്ഞും രക്ഷപ്പെട്ടത് തലനാരിഴയക്ക്; കോഴിക്കോട് മുക്കത്ത് വീടിന് നേരെ കല്ലേറ്, അന്വേഷണം ആരംഭിച്ച് പൊലീസ് "
english_title: "Stones pelted at house in Mukkam, Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359008/stones-pelted-at-house-in-mukkam-kozhikode"
published_at: "2026-05-12T21:41:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a035144c4171_kozhikkode.jpg"
keywords: []
---

# അമ്മയും പിഞ്ചുകുഞ്ഞും രക്ഷപ്പെട്ടത് തലനാരിഴയക്ക്; കോഴിക്കോട് മുക്കത്ത് വീടിന് നേരെ കല്ലേറ്, അന്വേഷണം ആരംഭിച്ച് പൊലീസ് 

> **Lead Summary:** **കോഴിക്കോട്: **കോഴിക്കോട് വീടിന് നേരെ വ്യാപകമായി കല്ലേറുണ്ടായതിനെ തുടര്‍ന്ന് ജനല്‍ച്ചില്ലുകളും കാറും തകര്‍ന്നു. കോഴിക്കോട് മുക്കത്താണ് സംഭവം.

## Article Content

**കോഴിക്കോട്: **കോഴിക്കോട് വീടിന് നേരെ വ്യാപകമായി കല്ലേറുണ്ടായതിനെ തുടര്‍ന്ന് ജനല്‍ച്ചില്ലുകളും കാറും തകര്‍ന്നു. കോഴിക്കോട് മുക്കത്താണ് സംഭവം.

പൂളപ്പൊയിലില്‍ ഇന്ന് പുലര്‍ച്ചെയോടെയാണ് സാമൂഹ്യവിരുദ്ധരുടെ ആക്രമണം നടന്നത്. പൂളപ്പൊയില്‍ സ്വദേശി അഹമ്മദ് കുട്ടിയുടെ വീടാണ് ആക്രമണത്തില്‍ തകര്‍ന്നത്.

പുലര്‍ച്ചെ മൂന്ന് മണോയോടെയായിരുന്നു സംഭവം. വീടിന് നേരെ വ്യാപകമായി കല്ലെറിയുകയായിരുന്നു. 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞും അമ്മയും കിടന്നിരുന്ന മുറിയുടെ ജനല്‍ ചില്ലുകളാണ് തകര്‍ന്നത്.

ജനല്‍ ചില്ലുകള്‍ തകര്‍ന്ന് മുറിക്കകത്തേക്ക് തെറിച്ചുവീണെങ്കിലും എല്ലാവരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്‍റെ ചില്ലുകളും പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.

സംഭവത്തിന് പിന്നാലെ അഹമ്മദ് കുട്ടി മുക്കം പൊലീസില്‍ പരാതി നല്‍കി. പൊലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചെങ്കിലും വ്യക്തതയില്ലാത്തതിനാല്‍ അക്രമികളെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359008/stones-pelted-at-house-in-mukkam-kozhikode)