---
title: "'കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന പരീക്ഷകളില്‍ വിശ്വാസമില്ല, ക്രമക്കേടില്ലാതെ പരീക്ഷ നടത്തണം, അത് ആര്‍എസ്എസിന് കഴിയില്ല'; എജിസ് ഓഫീസിലേക്ക് എസ്എഫ്‌ഐ പ്രതിഷേധം"
english_title: "sfi protest over neet exam paper leak"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/358978/sfi-protest-over-neet-exam-paper-leak"
published_at: "2026-05-12T17:59:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a031d7abf3aa_protest.jpg"
keywords: []
---

# 'കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന പരീക്ഷകളില്‍ വിശ്വാസമില്ല, ക്രമക്കേടില്ലാതെ പരീക്ഷ നടത്തണം, അത് ആര്‍എസ്എസിന് കഴിയില്ല'; എജിസ് ഓഫീസിലേക്ക് എസ്എഫ്‌ഐ പ്രതിഷേധം

> **Lead Summary:** തിരുവനന്തപുരം: നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ. തിരുവനന്തപുരത്തെ എജിസ് ഓഫീസിലേക്ക് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിന്റെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. ബാരിക്കേഡ് മറികടന്ന് പ്രവര്‍ത്തകര്‍ ഓഫീസിനുള്ളിലേക്ക് കയറിയാണ് പ്രതിഷേധിച്ചത്. ഗേറ്റിന് മുന്നില്‍ വെച്ച് പൊലീസും എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി.

## Article Content

തിരുവനന്തപുരം: നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ. തിരുവനന്തപുരത്തെ എജിസ് ഓഫീസിലേക്ക് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിന്റെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. ബാരിക്കേഡ് മറികടന്ന് പ്രവര്‍ത്തകര്‍ ഓഫീസിനുള്ളിലേക്ക് കയറിയാണ് പ്രതിഷേധിച്ചത്. ഗേറ്റിന് മുന്നില്‍ വെച്ച് പൊലീസും എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി.

കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന പരീക്ഷകളില്‍ വിശ്വാസമില്ലെന്ന് പി എസ് സഞ്ജീവ് പറഞ്ഞു. എന്‍ഡിഎ പിരിച്ചുവിടണമെന്നും സഞ്ജീവ് ആവശ്യപ്പെട്ടു. 'വിദ്യാര്‍ത്ഥികള്‍ക്ക് അനുഭവിക്കേണ്ടി വന്ന ബുദ്ധിമുട്ടിന് നിങ്ങള്‍ ഉത്തരവാദിത്തം പറയണം. അഴിമതി നിറഞ്ഞ നിലയിലാണ് എന്‍ടിഎയെ കേന്ദ്രം കൊണ്ടുപോകുന്നത്. ക്രമക്കേടില്ലാതെ പരീക്ഷ നടത്താന്‍ കഴിയണം. അത് ആര്‍എസ്എസിന് കഴിയില്ല', പി എസ് സഞ്ജീവ് പറഞ്ഞു.

ഏത് അറ്റം വരെയും സമരം ചെയ്യുമെന്നും എജിസ് ഓഫീസിന് പകരം ഇത് എന്‍ടിഎ ആയിരുന്നെങ്കില്‍ ബാക്കിയുണ്ടാവുമായിരുന്നില്ലെന്നും പി എസ് സഞ്ജീവ് പറഞ്ഞു. മുഴുവന്‍ മെഡിക്കല്‍ കോളേജുകളെയും തകര്‍ക്കാന്‍ കേന്ദ്രം ശ്രമിക്കുകയാണ്. സാധാരണക്കാര്‍ ഡോക്ടര്‍മാര്‍ ആകരുതെന്ന് കേന്ദ്രം ആഗ്രഹിക്കുന്നുവെന്നും സഞ്ജീവ് കുറ്റപ്പെടുത്തി.

'കിട്ടിയ വോട്ടിന്റെയും സീറ്റിന്റെയും ബലത്തില്‍ എസ്എഫ്‌ഐയെ ഭസ്മീകരിക്കാന്‍ നോക്കുന്നവര്‍ ഒന്ന് ആലോചിക്കണം. കേരള ഗവര്‍ണറെ തെരുവില്‍ ചോദ്യം ചെയ്ത സംഘടന ആണ് എസ്എഫ്‌ഐ. എസ്എഫ്‌ഐ ഈ 10 വര്‍ഷവും സമരം ചെയ്തിട്ടുണ്ട്. ഇനിയും സമരം ചെയ്യും. എസ്എഫ്‌ഐ എന്താണെന്ന് കേരളത്തിലെ വലതുപക്ഷം തിരിച്ചറിയും', പി എസ് സഞ്ജീവ് പറഞ്ഞു. ആര് വന്നാലും പോയാലും മെയ് 15ന് തന്നെ എസ്എസ്എല്‍സി ഫലം പ്രഖ്യാപിക്കണമെന്നും പി എസ് സഞ്ജീവ് ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകള്‍ക്ക് എതിരെ തെരുവില്‍ പ്രതികരിക്കാന്‍ എസ്എഫ്‌ഐ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതിന് പിന്നാലെ പൊലീസ് പിടിച്ചു കൊണ്ടുപോയ പ്രവര്‍ത്തകനെ വിട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ട് കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനിലേക്കും എസ്എഫ്ഐ മാര്‍ച്ച് നടത്തി. ഒടുവില്‍ പ്രവര്‍ത്തകനെ ജില്ലാ സെക്രട്ടറി പൊലീസ് സ്റ്റേഷനില്‍ നിന്ന് ഇറക്കിക്കൊണ്ടുപോയി. പിന്നാലെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

അതേസമയം നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ എസ്എഫ്‌ഐ അഖിലേന്ത്യാ അധ്യക്ഷന്‍ ആദര്‍ശ് എം സജിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലും പ്രതിഷേധം സംഘടിപ്പിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലേക്കാണ് എസ്എഫ്‌ഐ കേന്ദ്ര കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചത്. പിന്നാലെ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/358978/sfi-protest-over-neet-exam-paper-leak)